fbwpx
പൂരം കൊടിയേറി മക്കളേ; ഐപിഎൽ 2025 സീസണിലെ പണംവാരി താരങ്ങളെ അറിയാം!
logo

ശരത് ലാൽ സി.എം

Last Updated : 01 Nov, 2024 04:00 PM

ലോകമെമ്പാടുമുള്ള ഐപിഎൽ ആരാധകർ അൽപ്പം നിരാശയിലും അതിലുമേറെ ആകാംക്ഷയിലുമാണ്. ടീമുകളിൽ നിന്ന് പ്രിയപ്പെട്ട താരങ്ങളെ നഷ്ടമാകുന്നുവെന്നതും വാശിയോടെ എതിർത്തിരുന്ന മറ്റു ടീമുകളിലേക്ക് ചേക്കേറുമെന്ന ആശങ്കയും അവർക്കുണ്ട്

IPL 2025


മെഗാ ലേലത്തിന് മുന്നോടിയായി നടന്ന ഐപിഎൽ ഫ്രാഞ്ചൈസികളുടെ റീടെയ്നർ പ്രഖ്യാപനം (മുൻ കളിക്കാരെ നിലനിർത്തുന്ന രീതി) ഒക്ടോബർ 31ന് പൂർത്തിയായതും ലോകമെമ്പാടുമുള്ള ഐപിഎൽ ആരാധകർ അൽപ്പം നിരാശയിലും അതിലുമേറെ ആകാംക്ഷയിലുമാണ്. ടീമുകളിൽ നിന്ന് പ്രിയപ്പെട്ട താരങ്ങളെ നഷ്ടമാകുന്നുവെന്നതും വാശിയോടെ എതിർത്തിരുന്ന മറ്റു ടീമുകളിലേക്ക് ചേക്കേറുമെന്ന ആശങ്കയും അവർക്കുണ്ട്.

2023-24 സീസണിന് മുന്നോടിയായി നടന്ന ഐപിഎൽ മിനി ലേലത്തിൽ പണം വാരിയത് ചില വിദേശ താരങ്ങളായിരുന്നുവെങ്കിൽ, 2025 ഐപിഎൽ സീസണിന് മുന്നോടിയായി നടന്ന റീടെയ്നർ ലിസ്റ്റിലും മുന്നിലെത്തിയത് ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്ററായ ഹെൻറിക് ക്ലാസനാണ്. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 171.07 സ്ട്രൈക്ക് റേറ്റിൽ 479 റൺസാണ് പ്രോട്ടീസ് വെടിക്കെട്ട് ബാറ്റർ വാരിയത്. നാല് അർധസെഞ്ചുറികളും താരം നേടിയിരുന്നു. 80 റൺസായിരുന്നു ഉയർന്ന വ്യക്തിഗത സ്കോർ.



2024ലെ മിനി ലേലത്തിൽ കെകെആർ 24.75 കോടി രൂപയ്ക്ക് വാങ്ങിയ ഓസീസ് പേസർ മിച്ചെൽ സ്റ്റാർക്കാണ് നിലവിൽ ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമുയർന്ന പ്രതിഫലം പറ്റിയ താരം. എന്നാൽ ആശ്ചര്യകരമെന്ന് പറയട്ടെ മിച്ചെൽ സ്റ്റാർക്കിനെ ടീമിൽ നിന്ന് ഒഴിവാക്കുകയാണ് ഷാരൂഖ് ഖാൻ്റെ കൊൽക്കത്ത ചെയ്തിരിക്കുന്നത്. സ്റ്റാർക്കിനെ ഇക്കുറി മെഗാ ലേലത്തിൽ ആര് സ്വന്തമാക്കുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

ഇതിന് തൊട്ടുതാഴെ 23 കോടി രൂപ പ്രതിഫലം നൽകിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ക്ലാസും മാസ്സും ഒത്തുചേരുന്ന ഹെൻറിച്ച് ക്ലാസനെ ടീമിൽ നിലനിർത്തിയത്. ക്ലാസൻ്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് കഴിഞ്ഞ സീസണിൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങൾ ഇക്കുറിയും ആവർത്തിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.



റീടെയ്നർ പട്ടികയിൽ 21 കോടി രൂപ നൽകി ആർസിബി വിരാട് കോഹ്ലിയെ നിലനിർത്തിയതാണ് ഐപിഎൽ ആരാധകരെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു ഘടകം. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 154.69 സ്ട്രൈക്ക് റേറ്റിൽ 741 റൺസ് അടിച്ചെടുത്ത കോഹ്ലി, സീസണിൽ ഏറ്റവുമധികം റൺസ് വാരിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. ഫാഫ് ഡുപ്ലെസിസിന് പകരം കോഹ്ലി നായകനായി തിരിച്ചെത്തുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

സിക്സറടിയിൽ സാക്ഷാൽ ക്രിസ് ഗെയ്‌ലിൻ്റെ റെക്കോർഡ് തകർത്ത നിക്കൊളാസ് പൂരനെ (വെസ്റ്റ് ഇൻഡീസ്) 21 കോടി നൽകി ലഖ്നൗ സൂപ്പർ ജയൻ്റ്സ് നിലനിർത്തിയതും ശ്രദ്ധേയമായി. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 62.38 റൺസ് ശരാശരിയിൽ 499 റൺസുമായി ടോപ് പട്ടികയിൽ എട്ടാം സ്ഥാനക്കാരനായിരുന്നു അദ്ദേഹം. 178.21 ആയിരുന്നു സ്ട്രൈക്ക് റേറ്റ് എന്നതും ശ്രദ്ധേയമാണ്.