fbwpx
IPL 2025: ശേഷിക്കുന്നത് വാശിയേറിയ 16 പോരാട്ടങ്ങൾ, ഐപിഎൽ തിരിച്ചെത്തുന്നു
logo

ന്യൂസ് ഡെസ്ക്

Posted : 12 May, 2025 08:13 AM

ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കെ ആരൊക്കെ പ്ലേ ഓഫിലെത്തുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

IPL 2025


ആശങ്കകൾക്കൊടുവിൽ ഐപിഎൽ തിരിച്ചെത്തുകയാണ്. മത്സരങ്ങൾ അതിവേഗം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കെ ആരൊക്കെ പ്ലേ ഓഫിലെത്തുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഐപിഎൽ പതിനെട്ടാം അങ്കത്തിലെ യഥാർത്ഥ അങ്കം ഇനിയാണ്.


ജീവൻമരണ പോരാട്ടമായ പന്ത്രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. 16 പോയിൻ്റ് നേടിയിട്ടും പ്ലേഓഫ് ഉറപ്പിക്കാതെ ഗുജറാത്തും ആർസിബിയും പട്ടികയുടെ മുന്നിലുണ്ട്. പഞ്ചാബ്, മുംബൈ, ഡൽഹി, കൊൽക്കത്ത, ലഖ്നൗ ടീമുകൾക്കും ഇപ്പോഴും പ്രതീക്ഷയുണ്ട്.

ആര് നേടും പ്ലേ ഓഫ്?

ഗുജറാത്തിനും ആർസിബിക്കും പഞ്ചാബിനും ഒരു ജയം മതിയാകും പ്ലേ ഓഫിലെത്താൻ. ഗുജറാത്തിനും ആർസിബിക്കും മൂന്ന് വീതം മത്സരങ്ങൾ ബാക്കിയുണ്ട്. 15 പോയിൻ്റുമായി മൂന്നാമതുള്ള പഞ്ചാബിന് ധരംശാലയിൽ ഉപേക്ഷിക്കപ്പെട്ട ഡൽഹിയുമായുള്ള മത്സരത്തിൻ്റെ ഭാവിയും പോയിൻ്റിൽ നിർണായകം. വീണ്ടും പൂർണമായും നടത്തണോ അതോ മത്സരം പകുതിവെച്ച് നിർത്തിയതിനാൽ പോയിൻ്റ്  പങ്കുവയ്ക്കണോയെന്ന കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനം എടുക്കും.


മത്സരം നടത്തുന്നില്ലെന്ന് തീരുമാനിച്ചാൽ ഒരു പോയിൻ്റ് പഞ്ചാബിന് ലഭിക്കും. ബാക്കിയുണ്ടാവുക രണ്ട് മത്സരങ്ങളാണ്. അപ്പോഴും ഒരു ജയം ഉറപ്പിക്കണം പഞ്ചാബിന്. മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ ബാക്കിയുള്ള രണ്ട് കളികളിലും ജയിക്കണം. നിലവിലുള്ളത് 12 കളിയിൽ 14 പോയിൻ്റ്. ഡൽഹിക്കും സ്വന്തം കൈയ്യിലാണ് ഭാവി. ബാക്കിയുള്ള മൂന്നിൽ മൂന്നും ജയിച്ചാൽ ഡെൽഹിക്കും പ്ലേ ഓഫ് അനായാസം ഉറപ്പിക്കാം. തോറ്റാൽ മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിച്ചാകും ഭാവി.


ഗുജറാത്ത്, ആർസിബി, പഞ്ചാബ്, മുംബൈ, ഡൽഹി എന്നീ ടീമുകൾക്ക് പുറമെ പ്ലേ ഓഫിനായി കൊൽക്കത്തയും ലഖ്നൗ സൂപ്പർ ജയൻ്റ്സും കളത്തിലുണ്ട്. പക്ഷേ കാര്യങ്ങൾ എളുപ്പമല്ല. അവസാന മത്സരത്തിൽ തോറ്റതോടെയാണ് കൊൽക്കത്തയുടെ സാധ്യത തുലാസിലായത്. അവസാന രണ്ട് മത്സരങ്ങൾ ജയിച്ചാലും കൊൽക്കത്ത പ്ലേ ഓഫ് കടക്കണമെങ്കിൽ മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിക്കണം. മൂന്ന് മത്സരങ്ങളിൽ തുടരെ തോറ്റ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് ഇനി ബാക്കിയുള്ളത് മൂന്ന് മത്സരങ്ങൾ. മൂന്നിലും ജയിച്ചാൽ പരമാവധി 16 പോയിൻ്റേ ലഖ്നൗവിന് നേടാനാവൂ. അപ്പോൾ മറ്റു ടീമുകളുടെ മത്സരഫലം മാത്രമല്ല സ്വന്തം റൺറേറ്റ് കൂടി പോസിറ്റീവായി ഉയർത്തണം ലഖ്നൗ.


ശേഷിക്കുന്നത് വാശിയേറിയ 16 പോരാട്ടങ്ങൾ

16 മത്സരങ്ങളാണ് ഇനി പൂർത്തിയാക്കേണ്ടത്. 12 ലീഗ് മത്സരങ്ങളും മൂന്ന് പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും. പതിവ് പോലെ എല്ലാ വേദികളിലും മത്സരം നടത്തേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ലീഗ് ഘട്ട മത്സരങ്ങൾക്കുള്ള വേദിയാകും. പ്ലേ ഓഫ് മത്സരങ്ങൾ നേരത്തെ തീരുമാനിച്ചത് പോലെ ഹൈദരാബാദിലും കൊൽക്കത്തയിലും നടത്തിയേക്കും. ഫൈനൽ മത്സരത്തിൻ്റെ വേദി കൊൽക്കത്ത ആയിരുന്നെങ്കിലും മഴ ഭീഷണിയുള്ളതിനാൽ അഹമ്മദാബാദിലേക്ക് മാറ്റുന്നതും ബിസിസിഐ പരിഗണനയിലാണ്.

പഞ്ചാബ്, ഡൽഹി മത്സരത്തിൻ്റെ പോയിൻ്റ് സംബന്ധിച്ച തീരുമാനം ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആർസിബി,ലഖ്നൗ മത്സരത്തോടെ ഐപിഎൽ വീണ്ടും തുടങ്ങാനാണ് തീരുമാനം. വെള്ളിയാഴ്ച മുതൽ മത്സരം തുടങ്ങാനാണ് ധാരണയെങ്കിലും ചൊവ്വാഴ്ച തന്നെ തയ്യാറായിരിക്കാൻ ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങിയ താരങ്ങളെ തിരികെയെത്തിക്കുന്നത് ടീമുകൾക്ക് വെല്ലുവിളിയാകും. ടൂർണമെൻ്റ് ഒരാഴ്ചയെങ്കിലും നീട്ടാനും ആലോചനയുണ്ട്. ഫൈനൽ മത്സരം മെയ് 30 മുതൽ ജൂൺ 1 വരെയുള്ള ദിവസങ്ങളിൽ നടത്തുന്നതും പരിഗണിക്കുന്നുണ്ട്. മത്സരക്രമം സംബന്ധിച്ച അന്തിമ തീരുമാനം ബിസിസിഐ ഉടൻ പ്രഖ്യാപിക്കും.


മത്സരങ്ങളിലേക്ക് പോകുമ്പോൾ ചങ്കിടിപ്പാണ് ടീമുകൾക്കും ആരാധകർക്കും. വിദേശ താരങ്ങളിൽ ആരെയൊക്കെ തിരിച്ചെത്തിക്കാനാകുമെന്ന ആശങ്ക ഐപിഎൽ ടീമുകളിലെല്ലാമുണ്ട്. ആദ്യ കിരീടം സ്വപ്നം കാണുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്‌സും സീസണിലുടനീളം മിന്നുംപ്രകടനം നടത്തിയാണ് പ്ലേ ഓഫ് പ്രതീക്ഷയോടെ ഇറങ്ങുന്നത്. മുംബൈ ഇന്ത്യൻസിന് തിരിച്ചുവരവിൻ്റെ ഐപിഎല്ലാണിത്. ആദ്യ കിരീടസ്വപ്നവുമായി ഡൽഹിയും ലഖ്നൗവും. ഒപ്പം നിലവിലെ ചാംപ്യന്മാരും. ഇനിയുള്ള ഓരോ മത്സരവും ഓരോ പോയിൻ്റും എണ്ണപ്പെടും. പുറത്തായ ചെന്നൈയും രാജസ്ഥാനും ഹൈദരാബാദും ആരുടെയൊക്കെ സ്വപ്നം തകർക്കുമെന്നും കാത്തിരിക്കാം.


KERALA
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ അതൃപ്തി അറിയിച്ച് കൊടിക്കുന്നിൽ; എംപി നല്ല പോസ്റ്റെന്ന് കെ. മുരളീധരൻ്റെ മറുപടി
Also Read
user
Share This

Popular

KERALA
KERALA
നന്തൻകോട് കൂട്ടക്കൊല: പ്രതി കേഡൽ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ