IPL 2025: ഏഴ് ഓൾറൗണ്ടർമാർ, ബൗളിങ് നിര സുശക്തം; കിരീടത്തിൽ നോട്ടമിട്ട് കോഹ്‌ലിയുടെ ആർസിബി

ഒരിക്കൽ പോലും ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ അവർക്കായിട്ടില്ല. എന്നാൽ ഇക്കുറി കോഹ്‌ലിയെ നായകനാക്കി തിരികെ കൊണ്ടുവരുന്നതിലൂടെ അസാധ്യമായ നേട്ടം കയ്യെത്തിപ്പിടിക്കാമെന്നാണ് ആർസിബി ലക്ഷ്യമിടുന്നത്
IPL 2025: ഏഴ് ഓൾറൗണ്ടർമാർ, ബൗളിങ് നിര സുശക്തം; കിരീടത്തിൽ നോട്ടമിട്ട് കോഹ്‌ലിയുടെ ആർസിബി
Published on


ഐപിഎല്ലിൽ ഏറ്റവും നിർഭാഗ്യവാന്മാരായ ടീം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ടൂർണമെൻ്റിൽ ഇതുവരെ അഞ്ച് തവണ പ്ലേ ഓഫിലെത്തിയ ആർസിബിക്ക് മൂന്ന് തവണ ഫൈനലിൽ തോൽവി വഴങ്ങേണ്ടി വന്നിരുന്നു. ഒരിക്കൽ പോലും കിരീടത്തിൽ മുത്തമിടാൻ അവർക്കായിട്ടില്ല. എന്നാൽ ഇക്കുറി വിരാട് കോഹ്ലിയെ നായകനാക്കി തിരികെ കൊണ്ടുവരുന്നതിലൂടെ അസാധ്യമായ നേട്ടം കയ്യെത്തിപ്പിടിക്കാമെന്നാണ് കർണാടക ടീമിൻ്റെ മാനേജ്മെൻ്റ് ലക്ഷ്യമിടുന്നത്.

ഫോമിലല്ലാത്ത മുഴുവൻ താരങ്ങളേയും ഒഴിവാക്കി ടീമിനെ അടിമുടി അഴിച്ചുപണിഞ്ഞാണ് ആർസിബി 2025 സീസണിനായി ഒരുങ്ങുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ഏറെ സന്തുലിതമാണ് കോഹ്ലിയുടെ ചെമ്പടയെന്ന് വിശേഷിപ്പിക്കാനാകും. ഇത്തവണ ബോളിങ് സംഘത്തെ ശക്തിപ്പെടുത്താനുള്ള നീക്കം ലേലത്തില്‍ ഉണ്ടായി എന്നതാണ് ശ്രദ്ധേയം. വമ്പനടിക്കാർക്ക് പണ്ടും ആർസിബി നിരയിൽ പഞ്ഞമില്ലെന്നതാണ് വാസ്തവം. ഫിൾ സാൾട്ടും ലിയാം ലിവിങ്സ്റ്റണും ടിം ഡേവിഡും ഉൾപ്പെടുന്ന ബാറ്റിങ് നിര ആഴമുള്ളതാണ്.

നാല് ബാറ്റര്‍മാരും രണ്ട് വിക്കറ്റ് കീപ്പര്‍മാരും ഏഴ് ഓള്‍റൗണ്ടര്‍മാരും ഒമ്പത് ബൗളർമാരും അടങ്ങുന്നതാണ് 2025 സീസണിലേക്കുള്ള ആർസിബി ടീം. കഴിഞ്ഞ തവണ ദുർബലമായിരുന്ന ബൗളിങ് യൂണിറ്റിനെ ഇത്തവണ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഭുവനേശ്വര്‍ കുമാറിനെയാണ് ലേലത്തിൽ ടീമിലെത്തിച്ചത്. ഓള്‍റൗണ്ട് പ്രകടനം കൊണ്ട് ടീമിനെ ചുമലിലേറ്റാവുന്ന നിരവധി താരങ്ങള്‍ ഇത്തവണ ആര്‍സിബി ടീമിലുണ്ടെന്നത് കോഹ്ലിക്ക് ആശ്വാസം നൽകുന്ന ഘടകമാണ്. ഇന്ത്യൻ പേസ് നിരയുടെ കുന്തമുനയായിരുന്ന ഭുവനേശ്വർ കുമാർ നയിക്കുന്ന ബൗളിങ് യൂണിറ്റിൽ ഓസീസ് പേസർ ജോഷ് ഹേസില്‍വുഡ്, ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എങ്കിഡി, ശ്രീലങ്കൻ പേസർ നുവാന്‍ തുഷാര, ഇന്ത്യൻ പേസർ യഷ് ദയാല്‍ എന്നിവരുമുണ്ട്.

ടി20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ രണ്ടാമനായ ഫിൽ സാൾട്ടിൻ്റെ വരവ് വിരാട് കോഹ്‌ലിക്കൊപ്പമുള്ള ഓപ്പണിങ് ജോഡിയെ കൂടുതൽ ശക്തമാക്കും. ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റർ താളം കണ്ടെത്തിയാൽ എതിരാളികൾ വിയർക്കുമെന്നുറപ്പാണ്. പിന്നാലെ ഓൾറൗണ്ടർമാരായ ലിയാം ലിവിങ്സ്റ്റണും (ഇംഗ്ലണ്ട്) ക്രുണാല്‍ പാണ്ഡ്യയും (ഇന്ത്യ), പവര്‍ ഹിറ്റര്‍മാരായ ടിം ഡേവിഡ് (ഓസ്ട്രേലിയ), റൊമാരിയോ ഷെപ്പേര്‍ഡും (വെസ്റ്റ് ഇൻഡീസ്) കൂടി ചേരുന്നതോടെ ബാറ്റിങ് നിര ട്രിപ്പിൾ സ്ട്രോങ്ങാകുമെന്ന് ഉറപ്പിക്കാം.

ആർസിബി സ്ക്വാഡും പ്രതിഫലവും

വിരാട് കോഹ്‌ലി (21 കോടി), ജോഷ് ഹേസില്‍വുഡ് (12.50 കോടി), ഫില്‍ സാള്‍ട്ട് (11.50 കോടി), രജത് പാട്ടിദാര്‍ (11 കോടി), ജിതേഷ് ശര്‍മ (11 കോടി), ഭുവനേശ്വര്‍ കുമാര്‍ (10.75 കോടി), ലിയാം ലിവിങ്സ്റ്റണ്‍ (8.75 കോടി), റാസിഖ് സലാം (6.00 കോടി), ദേവ്ദത്ത് പടിക്കല്‍ (2 കോടി), ക്രുനാല്‍ പാണ്ഡ്യ (5.75 കോടി), യാഷ് ദയാല്‍ (5 കോടി), ടിം ഡേവിഡ് (3 കോടി), സുയാഷ് ശര്‍മ (2.60 കോടി), ജേക്കബ് ബെഥേല്‍ (2.60 കോടി), നുവാന്‍ തുഷാര (1.60 കോടി), റൊമാരിയോ ഷെപ്പേര്‍ഡ് (1.50 കോടി), സ്വപ്നില്‍ സിങ് (50 ലക്ഷം), മനോജ് ഭണ്ഡാഗെ (30 ലക്ഷം), സ്വാസ്തിക് ചികാര (30 ലക്ഷം), ലുങ്കി എങ്കിഡി (1 കോടി), അഭിനന്ദന്‍ സിങ് (30 ലക്ഷം), മോഹിത് റാത്തീ (30 ലക്ഷം).

Related Stories

No stories found.
News Malayalam 24x7
newsmalayalam.com