പഞ്ചാബിനായി ശ്രേയസ് അയ്യരുടെ വൺമാൻ ഷോ; ഹൈദരാബാദിന് 246 റൺസ് വിജയലക്ഷ്യം

പഞ്ചാബിനായി ശ്രേയസ് അയ്യരുടെ വൺമാൻ ഷോ; ഹൈദരാബാദിന് 246 റൺസ് വിജയലക്ഷ്യം

ഹൈദരാബാദിനായി ഹർഷൽ പട്ടേൽ നാലു വിക്കറ്റും ഇഷാൻ മലിംഗ രണ്ടു വിക്കറ്റും വീഴ്ത്തി.
Published on

ഐപിഎല്ലിൽ 27ാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് മുന്നിൽ കൂറ്റൻ റൺമലയുയർത്തി പഞ്ചാബ് കിങ്സിൻ്റെ വെടിക്കെട്ട് പ്രകടനം. പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ 36 പന്തിൽ നിന്ന് 82 റണ്ണുമായി തിളങ്ങിയ മത്സരത്തിൽ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് സന്ദർശകർ 245 റൺസ് അടിച്ചെടുത്തത്. ആറ് സിക്സറുകളും ആറ് ഫോറുകളും ഉൾപ്പെടുന്നതാണ് ശ്രേയസിൻ്റെ വെടിക്കെട്ട് ഇന്നിങ്സ്.



എതിരാളികളുടെ തട്ടകത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബിനായി ഓപ്പണർമാരായ പ്രിയാംശ് ആര്യനും (13 പന്തിൽ 36) പ്രഭ്‌സിമ്രാൻ സിങ്ങും (23 പന്തിൽ 42) ചേർന്ന് ആദ്യ വിക്കറ്റിൽ 65 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പ്രിയാംശ് പുറത്തായ ശേഷമെത്തിയ അയ്യരും അതിവേഗം സ്കോർ ബോർഡ് ചലിപ്പിച്ചു.



പവർ പ്ലേയിൽ മാത്രം 89 റൺസാണ് പഞ്ചാബ് താരങ്ങൾ അടിച്ചെടുത്തത്. മൂന്നോവറിൽ നിന്ന് തന്നെ 53 റൺസ് വാരി പഞ്ചാബി ഓപ്പണർമാർ ഹൈദരാബാദിനെ ഞെട്ടിച്ചു. പഞ്ചാബിൻ്റെ കടന്നാക്രമണത്തിൽ മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, പാറ്റ് കമ്മിൻസ് തുടങ്ങിയ പേരുകേട്ട ഹൈദരാബാദ് ബൌളർമാർ വിയർക്കുന്നതാണ് കണ്ടത്.



കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പഞ്ചാബി ഓപ്പണർ പ്രിയാംശ് നിർത്തിയിടത്ത് നിന്ന് തന്നെയാണ് ഇന്നും ബാറ്റിങ് തുടങ്ങിയതെന്ന് തോന്നിപ്പിച്ചു. 13 പന്തുകളിൽ നിന്നാണ് താരം 36 റൺസെടുത്തത്. ഇതിൽ നാല് കൂറ്റൻ സിക്സറുകളും രണ്ട് ഫോറുകളും ഉൾപ്പെടുന്നു. നാലാം ഓവറിലെ അവസാന പന്തിൽ പ്രിയാംശിനെ ഹർഷൽ പട്ടേൽ നിതീഷ് റെഡ്ഡിയുടെ കൈകളിൽ എത്തിച്ചെങ്കിലും, പ്രഭ്‌സിമ്രാൻ ബാറ്റിങ് വെടിക്കെട്ട് തുടർന്നു. ആറ് ഫോറും ഒരു സിക്സും പറത്തി പ്രഭ്‌സിമ്രാനും പവർ പ്ലേയിൽ റണ്ണൊഴുക്ക് തുടർന്നു.



നേഹൽ വധേരയും (27) മാർക്കസ് സ്റ്റോയിനിസും (11 പന്തിൽ 34) ടീമിനായി മികച്ച സംഭാവനകൾ നൽകി. അവസാന ഓവറിൽ മൂന്ന് സിക്സറുകൾ പറത്തിയ സ്റ്റോയിനിസാണ് വാലറ്റത്ത് ടീമിനായി മികച്ച സ്കോർ സമ്മാനിച്ചത്. ഹൈദരാബാദിനായി ഹർഷൽ പട്ടേൽ നാലു വിക്കറ്റും ഇഷാൻ മലിംഗ രണ്ടു വിക്കറ്റും വീഴ്ത്തി.

News Malayalam 24x7
newsmalayalam.com