ഇന്ന് വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ ഇന്ത്യന്‍സിൻ്റെ പരിശീലന സെഷനില്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും പങ്കെടുക്കും
പുതിയ ഐപിഎൽ ഷെഡ്യൂൾ പുറത്തുവന്നതോടെ യുദ്ധകാലാടിസ്ഥാനത്തിൽ ചൊവ്വാഴ്ച മുതല്‍ പ്രാക്ടീസ് പുനരാരംഭിച്ച് ടീമുകൾ. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് നേരത്തെ തന്നെ പരിശീലനം പുനരാരംഭിച്ചിരുന്നു. ഇന്ന് വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ ഇന്ത്യന്‍സിൻ്റെ പരിശീലന സെഷനില്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും പങ്കെടുക്കും. ആറാം ഐപിഎല്‍ കിരീടമെന്ന ലക്ഷ്യത്തിലേക്കാണ് മുംബൈ കുതിക്കുന്നത്.
11 മത്സരങ്ങളില്‍ നിന്നായി 16 പോയിന്റ് വീതമുള്ള ഗുജറാത്ത് ടൈറ്റന്‍സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. 11 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുള്ള പഞ്ചാബ് മൂന്നാമതും, 12 മത്സരങ്ങളില്‍ നിന്നായി 14 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് നാലാമതുമുണ്ട്.
അതേസമയം, ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കേണ്ട ഓസീസ് താരങ്ങൾക്ക് മാർഗനിർദേശവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും രംഗത്തെത്തി. ഐപിഎല്ലിൽ കളിക്കുന്നതിൽ താരങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്.
ALSO READ: ബ്രസീലിന് ആറാം ലോകകപ്പ് സമ്മാനിക്കുക ലക്ഷ്യം; ആദ്യ വിദേശ പരിശീലകനായി കാർലോ ആഞ്ചലോട്ടി
ബാക്കിയുള്ള ഐപിഎൽ മത്സരങ്ങളിൽ കളിക്കാൻ തീരുമാനിക്കുന്ന താരങ്ങളുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് മാനേജ്മെന്റ് പഠനം നടത്തും. ഓസീസ് താരങ്ങളുടെ സുരക്ഷയേയും ക്രമീകരണങ്ങളേയും കുറിച്ച് ഓസ്‌ട്രേലിയൻ സർക്കാരുമായും ബിസിസിഐയുമായും ചർച്ച നടത്തുമെന്ന് 'ക്രിക്കറ്റ് ഓസ്ട്രേലിയ' വ്യക്തമാക്കി.
ഓസ്ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ് എന്നിവരാണ് പ്രധാന ഓസീസ് താരങ്ങൾ. ആർസിബി താരമായ ജോഷ് ഹേസൽവുഡ് തോളിനേറ്റ പരിക്കിനെ തുടർന്ന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ലെന്ന് അറിയിച്ചിരുന്നു. മെയ് 17നാണ് ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത്. ജൂൺ മൂന്നിനാണ് കലാശപ്പോരാട്ടം.