ഹിജാബ് ധരിക്കാതിരിക്കുന്നവർക്ക് ട്രീറ്റ്മെൻ്റ് ക്ലിനിക്കിലൂടെ സാങ്കേതികവും മാനസികവുമായ ചികിത്സ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് മെഹ്രി അറിയിച്ചു
ഇറാൻ ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റിയിൽ ഹിജാബ് ശരിയായി ധരിക്കാത്തതിനെ തുടർന്ന് ആക്രമിക്കപ്പെട്ട വിദ്യാർഥിയുടെ വ്യത്യസ്തമായ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് കോളേജിലെത്തി പ്രതിഷേധിച്ച യുവതി മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നും, ഇവർ പൊലീസ് സ്റ്റേഷനിൽ വെച്ചുൾപ്പെടെ അസാധാരണമായി പെരുമാറിയെന്നുമായിരുന്നു യൂണിവേഴ്‌സിറ്റി വക്താവ് അമീർ മഹ്ജോബ് നൽകിയ വിശദീകരണം. എന്നാൽ, ഹിജാബ് നിയമങ്ങൾ പാലിക്കാത്തവർക്ക് ചികിത്സ നൽകാനാണ് ഇറാൻ്റെ പുതിയ നീക്കം.
ശിരോവസ്ത്രം ശരിയായി ധരിക്കാതെ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നവർക്ക് ചികിത്സ നൽകുന്നതിനായി, ട്രീറ്റ്‌മെൻ്റ് ക്ലിനിക്കുകൾ ആരംഭിക്കാനാണ് ഇറാൻ പദ്ധതിയിടുന്നത്. ടെഹ്രാൻ ആസ്ഥാനമായുള്ള വിമൻ ആൻഡ് ഫാമിലി വിഭാഗം മേധാവി, മെഹ്രി തലേബി ദരസ്താനിയാണ് ട്രീറ്റ്മെൻ്റ് ക്ലിനിക്കുകൾ ആരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഹിജാബ് ധരിക്കാതിരിക്കുന്നവർക്ക് ട്രീറ്റ്മെൻ്റ് ക്ലിനിക്കിലൂടെ സാങ്കേതികവും മാനസികവുമായ ചികിത്സ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് മെഹ്രി അറിയിച്ചു.
ഇറാനിയൻ സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും പ്രഖ്യാപനത്തിൽ രോഷം പ്രകടിപ്പിക്കുന്നുണ്ട്. ഇറാൻ്റെ കൊലപാതകശ്രമത്തിന് വിധേയയായ യുകെ ആസ്ഥാനമായുള്ള ഇറാനിയൻ പത്രപ്രവർത്തക സിമ സാബത്, നടപടി ലജ്ജാകരമാണെന്നും, ഭരണപ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടാത്തതിൻ്റെ പേരിൽ ആളുകളെ സമൂഹത്തിൽ നിന്ന് വേർപെടുത്താനുള്ള ശ്രമമാണെന്നും വിമർശിച്ചു. ഹിജാബ് നിയമങ്ങൾ അനുസരിക്കാത്ത സ്ത്രീകളെ ചികിത്സിക്കുന്നതിനായി ഒരു ക്ലിനിക്ക് എന്ന ആശയം ഇസ്ലാമികമല്ലെന്നും, അത് ഇറാനിയൻ നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇറാനിയൻ മനുഷ്യാവകാശ അഭിഭാഷകൻ ഹൊസൈൻ റഈസി പറഞ്ഞു.
ഇറാനിലെ സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ, വലിയ രോഷത്തിനാണ് ഇത് തിരികൊളുത്തിയിരിക്കുന്നത്. ഇറാൻ്റെ നിർബന്ധിത ഡ്രസ് കോഡിൻ്റെ ലംഘനത്തിന് സ്ത്രീകൾക്കെതിരെയുള്ള ഈ അടിച്ചമർത്തലിൽ മനുഷ്യാവകാശ പ്രവർത്തകരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.