ഇറാന്‍ തുറമുഖ സ്ഫോടനം: മരണസംഖ്യ ഉയരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി, 1200ല്‍ അധികം പേർക്ക് പരിക്ക്

തീ അണയ്ക്കാനും മറ്റ് പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനും ശ്രമങ്ങൾ തുടരുകയാണെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അറിയിച്ചു
ഇറാന്‍ തുറമുഖ സ്ഫോടനം: മരണസംഖ്യ ഉയരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി, 1200ല്‍ അധികം പേർക്ക് പരിക്ക്
Published on

ദക്ഷിണ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഷഹീദ് രജീ തുറമുഖത്തെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. 1200 ലധികം പേർ പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. മിസെെല്‍ ഇന്ധന ഉല്‍പ്പാദനത്തിനുപയോഗിക്കുന്ന രാസ വസ്തുക്കളുമായി ചെെനയില്‍ നിന്നെത്തിയ കപ്പലിലാണ് ആദ്യ സ്ഫോടനമുണ്ടായതെന്ന് സ്ഥിരീകരിച്ചു.  സ്ഫോടനം നടന്ന സ്ഥലത്ത് ഇപ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണ്. ഹെലികോപ്‌റ്ററുകളും വിമാനങ്ങളും ഉപയോഗിച്ചാണ് തുറമുഖത്ത് നിന്നുണ്ടായ തീയും പുകയും നിയന്ത്രണ വിധേയമാക്കിയത്. തീ അണയ്ക്കാനും മറ്റ് പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനും ശ്രമങ്ങൾ തുടരുകയാണെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അറിയിച്ചു.

ശനിയാഴ്ച ഉച്ചയോടെയാണ് ദക്ഷിണ ഇറാനിലെ തുറുമുഖ നഗരമായ ബന്ദർ അബ്ബാസിൽ സ്ഫോടനമുണ്ടായത്. യുഎസും ഇറാനും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ ഒമാനിൽ പുരോഗമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഉയരുകയാണ്. ഭീകരാക്രമണ സാധ്യതയുൾപ്പെടെ പരിശോധിക്കുകയാണെന്നും തുറമുഖത്ത് സുരക്ഷ വർധിപ്പിച്ചതായും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.



Also Read: EXPLAINER | എന്താണ് സിന്ധു ജല ഉടമ്പടി? ഇന്ത്യക്ക് പിന്മാറാനാകുമോ?


ഇറാനിലെ കണ്ടെയ്നർ നീക്കത്തിലെ സുപ്രധാന കേന്ദ്രമാണ് ഷഹീദ് രജീ തുറമുഖം. മിസൈൽ ഇന്ധന കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ അത്യാധുനിക കണ്ടെയ്നർ പോർട്ടാണിത്. അതേസമയം, മിസൈൽ ഇന്ധനത്തിന്റെ രാസവസ്തു തുറമുഖത്ത് ഉണ്ടായിരുന്നതായി സ്വകാര്യ സുരക്ഷാ ഏജൻസിയായ ആംബ്രേയുടെ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കാൻ എത്തിച്ച ഇന്ധനം കൃത്യമായി കൈകാര്യം ചെയ്യാത്തതാണ് തീപിടിത്തത്തിന് കാരണമെന്നാണ് ആംബ്രേയുടെ റിപ്പോർട്ട്. 2020-ല്‍ ഇതേ തുറമുഖം വലിയ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇസ്രയേലാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, സ്ഫോടനത്തിൽ പങ്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചിട്ടുണ്ട്.



ഷഹിദ് രജീയിലെ കണ്ടെയ്‌നറുകളിൽ രാസവസ്തുക്കൾ സൂക്ഷിച്ചതിലെ അപാകതയാണ് സ്‌ഫോടനത്തിന് കാരണമെന്ന് ഇറാന്റെ ദുരന്ത നിവാരണ അതോറിറ്റിയുടെ വക്താവ് ഹൊസൈൻ സഫാരിയും പറഞ്ഞു. നേരത്തെ ദുരന്ത നിവാരണ അതോറിറ്റിയുടെ ഡയറക്ടർ തുറമുഖം സന്ദർശിച്ചപ്പോൾ അപകടസാധ്യത ചൂണ്ടിക്കാണിച്ചു മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും ഹൊസൈൻ സഫാരി വ്യക്തമാക്കി. സ്ഫോടനത്തിൽ ഭീകരാക്രമണ സാധ്യതയുൾപ്പെടെ നിലനിൽക്കെ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ ഇന്നലെ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com