"ഇതെല്ലാം രക്തദാഹിയായ ചെന്നായയെ ഇല്ലാതാക്കും"; മിസൈൽ ആക്രമണങ്ങൾ പൊതുസേവനം, ഇസ്രയേൽ ജയിക്കില്ല: ഖമേനി

അഞ്ച് വർഷത്തിനിടെ ഖമേനിയുടെ ആദ്യ പൊതു പ്രസംഗമാണ് ഇന്ന് നടന്നത്
"ഇതെല്ലാം രക്തദാഹിയായ ചെന്നായയെ ഇല്ലാതാക്കും"; മിസൈൽ ആക്രമണങ്ങൾ പൊതുസേവനം, ഇസ്രയേൽ ജയിക്കില്ല: ഖമേനി
Published on

ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ടെഹ്‌റാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കു ശേഷം അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷത്തിനിടെ ഖമേനിയുടെ ആദ്യ പൊതു പ്രസംഗമാണ് ഇന്ന് നടന്നത്. 

മുസ്ലീം രാഷ്ട്രങ്ങൾക്ക് പൊതു ശത്രു ഉണ്ടെന്നും അതിനെ ഒറ്റക്കെട്ടായി നേരിടണമെന്നും ഖമേനി പറഞ്ഞു. മുസ്ലീം രാജ്യങ്ങള്‍ ഇസ്രയേല്‍ ബന്ധം ഉടന്‍ അവസാനിപ്പിക്കണം. മുസ്ലീങ്ങൾ ഒന്നിച്ചാൽ ശത്രുക്കളെ മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിൻ്റെ ശത്രു ഇറാഖി, ലെബനീസ്, ഈജിപ്ഷ്യൻ രാഷ്ട്രങ്ങളുടെയും ശത്രുവാണ്. ഇസ്രയേലിന് നേരെ നടത്തിയ മിസൈൽ ആക്രമണങ്ങൾ പൊതുസേവനമാണ്. ഇസ്രയേൽ ഒരു തരത്തിലും ഹമാസിനെയോ ഹിസ്ബുള്ളയെയോ വിജയിക്കില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇസ്രയേൽ ഭരണകൂടം ചെയ്ത കുറ്റകൃത്യങ്ങളെ അപലപിക്കുന്നു. രാജ്യവും പ്രദേശവും സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ട്. ഇറാന്റെ ഇസ്രയേൽ വിരുദ്ധ ഓപ്പറേഷനുകൾ നിയമപരമാണെന്നും ഖമേനി പറഞ്ഞു.

സയണിസ്റ്റ് ഭരണത്തിന് ഏല്‍ക്കുന്ന ഏത് പ്രഹരവും മനുഷ്യരാശിക്ക് മൊത്തത്തില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും സയണിസ്റ്റുകളും കാണുന്ന സ്വപ്‌നം ഭൂമിയില്‍ നിന്ന് പിഴുതെറിയപ്പെടും. അതിന് വേരുകളില്ല. വ്യാജവും അസ്ഥിരവുമായ ആ സ്വപ്‌നം നിലനില്‍ക്കുന്നത് അമേരിക്കയുടെ പിന്തുണ കൊണ്ട് മാത്രമാണ്.

ബെയ്റൂട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ മുന്‍ മേധാവി ഹസന്‍ നസ്റള്ളയേയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. നേതാക്കളുടെ വധവും സാധാരണക്കാരെ കൊല്ലുന്നതും വിജയത്തേക്കാള്‍ അവരുടെ ബലഹീനതയുടെ ലക്ഷണങ്ങളാണ്. ഇതെല്ലാം രക്തദാഹിയായ ചെന്നായയെ ഇല്ലാതാക്കും.

ALSO READ: ഇറാന്‍-ഇസ്രയേല്‍ നിഴല്‍യുദ്ധം തുറന്ന പോരിന് വഴിമാറുമ്പോള്‍

നസ്റള്ള ഇനി നമ്മോടൊപ്പമില്ല, പക്ഷേ അദ്ദേഹത്തിന്റെ ആത്മാവും അദ്ദേഹത്തിന്റെ പാതയും എന്നും നമ്മെ പ്രചോദിപ്പിക്കും. സയണിസ്റ്റ് ശത്രുവിനെതിരെ ഉയര്‍ന്ന പതാകയായിരുന്നു അദ്ദേഹം. നസ്റള്ളയുടെ നഷ്ടം വെറുതെയാകില്ല. നമ്മുടെ അചഞ്ചലമായ വിശ്വാസം ശക്തിപ്പെടുത്തുന്നതോടൊപ്പം ശത്രുവിനെതിരെ നിലകൊള്ളാനും അദ്ദേഹത്തിന്റെ രക്തസാക്ഷിത്തം നമ്മളെ പ്രചോദിപ്പിക്കുമെന്നും ഖമേനി പറഞ്ഞു.

ഹിസ്ബുള്ളയുടെയും ഗാസയുടെയും പ്രതിരോധം ഇസ്ലാമിക ലോകത്തിനുള്ള സുപ്രധാന സേവനമാണ്. അതുകൊണ്ടുതന്നെ ലബനനെ എല്ലാ മുസ്ലീങ്ങളും പിന്തുണയ്ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com