യുഎസിൻ്റെ താൽപ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന് വഴങ്ങില്ല; ട്രംപിന്‍റെ ഭീഷണി തള്ളി ഇറാന്‍

ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഖമേനിയുടെ പ്രഖ്യാപനം
യുഎസിൻ്റെ താൽപ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന് വഴങ്ങില്ല; ട്രംപിന്‍റെ ഭീഷണി തള്ളി ഇറാന്‍
Published on

ആണവക്കരാർ അല്ലെങ്കില്‍ സൈനിക നടപടിയെന്ന ട്രംപിന്‍റെ ഭീഷണിയെ തള്ളി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. യുഎസിന്‍റെ താൽപ്പര്യങ്ങള്‍ ഇറാനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന് വഴങ്ങില്ലെന്ന് ഖമേനി വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ  യോഗത്തിലായിരുന്നു ഖമേനിയുടെ പ്രഖ്യാപനം. ആണവകരാർ സംബന്ധിച്ച് ഇറാനിലെ ഉന്നതാധികാരികള്‍ക്ക് കത്തെഴുതിയെന്നും, കരാറിന് സന്നദ്ധമാകാത്ത പക്ഷം സൈനികമായി നേരിടുമെന്നുമായിരുന്നു ഫോക്സ് ന്യൂസ് അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നത്.

നേരത്തെ ഇറാനുമായുള്ള കരാറില്‍ നിന്ന് ട്രംപ് പിന്മാറിയിരുന്നു. എന്നാൽ വീണ്ടും ആണവ കരാര്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ട്രംപ് ഇറാനെ അറിയിക്കുകയായിരുന്നു. 'നിങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിച്ചാണ് ഞാന്‍ ഇറാന് കത്തെഴുതിയത്. ഇതിന് തയ്യാറാകാത്ത പക്ഷം ഞങ്ങൾ സൈനികമായി നീങ്ങിയാൽ അത് അവര്‍ക്ക് തന്നെയാണ് ബുദ്ധിമുട്ടായി മാറും', എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.



അവര്‍ക്ക് ഒരു ആണവായുധം ഉണ്ടാവുന്നതിനെ അംഗീകരിക്കാനാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാമ്പത്തിക ഉപരോധം നിലനില്‍ക്കുന്നിടത്തോളം കാലം യുഎസുമായി നേരിട്ട് ഒരു ചര്‍ച്ചയ്ക്കും ഇപ്പോള്‍ തയ്യാറാല്ലെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി പ്രതികരിച്ചിരുന്നു. 2015ല്‍ ബാറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് ഇറാനും യുഎസുമുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ തമ്മില്‍ ആണവക്കാരിറില്‍ ഒപ്പുവെച്ചിരുന്നു. പിന്നീട് ട്രംപ് അധികാരത്തിലെത്തിയതോടെ കരാറിൽ നിന്നും പിന്‍മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത് അധികാരത്തില്‍ എത്തിയതിന് ശേഷം കരാറുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com