'ഇര്‍ഷാദിനെ കൊന്നത് ജിന്ന്'; ചിതറയിലെ പൊലീസുകാരന്റെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി

പ്രതി സഹദിൻ്റെ വീട്ടിൽ നിന്ന് ആയുധങ്ങളും, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും പൊലീസ് കണ്ടെത്തി
'ഇര്‍ഷാദിനെ കൊന്നത് ജിന്ന്'; ചിതറയിലെ പൊലീസുകാരന്റെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി
Published on

കൊല്ലം ചിതറയിലെ പൊലീസുകാരൻ നിലമേല്‍ വളയിടം സ്വദേശി ഇർഷാദിൻ്റെ കൊലപാതകത്തിന് പിന്നിൽ ആഭിജാര ക്രിയയും, മന്ത്രവാദവുമെന്ന് സംശയം. പ്രതി സഹദിൻ്റെ വീട്ടിൽ നിന്ന് ആയുധങ്ങളും, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും പൊലീസ് കണ്ടെത്തി. വീട്ടിൽ മന്ത്രവാദം നടന്നിരുന്നെന്ന് ആംബുലൻസ് ഡ്രൈവർ അമാനി ഫൈസൽ പറഞ്ഞു. ജിന്നാണ് ഇർഷാദിനെ കൊന്നതെന്നാണ് പ്രതി സഹദിൻ്റെ മൊഴി. പ്രതി സഹദ് മന്ത്രവാദം പഠിക്കാൻ പോയിട്ടുള്ളതായി പൊലീസ് പറഞ്ഞു. ചടയമംഗലത്തെ മന്ത്രവാദിയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

കേരള ആംഡ് പോലീസ് (കെ.എ.പി.) അടൂർ ക്യാമ്പിലെ ഹവിൽദാർ നിലമേൽ വളയിടം ചരുവിള പുത്തൻവീട്ടിൽ ഇർഷാദിനെയാണ് (26) കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ സുഹൃത്തിൻ്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഇർഷാദും സഹദും സുഹൃത്തുക്കളായിരുന്നു. കുറച്ച് നാളായി ഇർഷാദ് സഹദിൻ്റെ വീട്ടിലായിരുന്നു താമസം. പ്രതി കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു.

മകൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിൽ ഇർഷാദിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയതെന്ന് സഹദിൻ്റെ പിതാവ് പറഞ്ഞു. കഴക്കൂട്ടം, പോത്തൻകോട്, ചടയമംഗലം, കടയ്ക്കൽ, ചിതറ ഉൾപ്പെടെയുള്ള വിവിധ സ്റ്റേഷനുകളിൽ സഹദിനെതിരെ പതിനാല് ലഹരിക്കേസുകളുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com