ലക്ഷ്യം കിരീടം, സഞ്ജു സാംസണെ വെച്ച് രാജസ്ഥാനായി രാഹുൽ ദ്രാവിഡിൻ്റെ പുതിയ നീക്കം

കൈവിരലിനേറ്റ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ സഞ്ജു കീപ്പിങ്ങില്‍ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല.
ലക്ഷ്യം കിരീടം, സഞ്ജു സാംസണെ വെച്ച് രാജസ്ഥാനായി രാഹുൽ ദ്രാവിഡിൻ്റെ പുതിയ നീക്കം
Published on


2025 ഐപിഎൽ സീസണില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ റിയാന്‍ പരാഗ് നയിക്കും. മത്സരത്തില്‍ സഞ്ജു സാംസണ്‍ ബാറ്റിങ് ഇംപാക്ട് പ്ലേയറായാകുമെന്നാണ് വിവരം. രാജസ്ഥാന്‍ ടീമിൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയില്‍ സഞ്ജു സാംസണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൈവിരലിനേറ്റ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ സഞ്ജു കീപ്പിങ്ങില്‍ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല.



"പൂര്‍ണമായി മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ ഐപിഎല്ലിൽ രാജസ്ഥാൻ്റെ ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ എനിക്ക് കളിക്കാനാകില്ല. ഈ ടീമില്‍ നേതൃശേഷിയുള്ള ഒട്ടേറെ താരങ്ങളുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ടീമിലെ അന്തരീക്ഷം ഏറ്റവും മികച്ചതായി സൂക്ഷിക്കുന്നതില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളുണ്ട്. ഇത്തവണ ആദ്യ മൂന്ന് മത്സരങ്ങളില്‍ റിയാന്‍ പരാഗ് ആയിരിക്കും രാജസ്ഥാനെ നയിക്കുക. നിങ്ങൾ എല്ലാവരും അദ്ദേഹത്തിന് ഉറച്ച പിന്തുണ നല്‍കുമെന്നാണ് എൻ്റെ പ്രതീക്ഷ," സഞ്ജു പറഞ്ഞു.

മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ടി20 മത്സരത്തിനിടെ ജോഫ്ര ആര്‍ച്ചറുടെ ഏറ് കൊണ്ട് സഞ്ജുവിന്റെ കൈ വിരലിന് പൊട്ടലേറ്റിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും രാജസ്ഥാൻ നായകൻ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല. അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ക്യാപ്റ്റനാകുന്നതോടെ ഐപിഎല്ലില്‍ റിയാന്‍ പരാഗ് പുതിയ നേട്ടം സ്വന്തമാക്കും. കോഹ്ലിക്ക് ശേഷം ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടമാണ്, രാജസ്ഥാൻ്റെ ഈ ചാംപ്യൻ ഓൾറൗണ്ടർ സ്വന്തമാക്കുക.

മാർച്ച് 17നാണ് സഞ്ജു സാംസൺ ടീമിനൊപ്പം ചേർന്നത്. പരിക്കേറ്റ കോച്ച് രാഹുൽ ദ്രാവിഡിനെ സഞ്ജു വാരിപ്പുണരുന്ന കാഴ്ചയും ജയ്പൂരിലെ പരിശീലന വേദിയിൽ നിന്ന് കാണാമായിരുന്നു. സഹതാരങ്ങൾക്കൊപ്പം സൗഹൃദം പങ്കിട്ടും കുശലാന്വേഷണങ്ങൾ നടത്തിയും സഞ്ജു രാജസ്ഥാൻ ക്യാംപിൽ ആവേശം വിതയ്ക്കുന്നതും കാണാം. സഞ്ജുവിൻ്റെ പരിക്ക് പൂർണമായി ഭേദമാകും വരെ താരത്തിൻ്റെ വർക്ക് ലോഡ് കുറയ്ക്കുകയെന്ന രാജസ്ഥാൻ ടീം മാനേജ്മെൻ്റിൻ്റേയും കോച്ച് രാഹുൽ ദ്രാവിഡിൻ്റേയും തീരുമാനങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

അതോടെ മാർച്ച് 23ന് സൺറൈസേഴ്സ് ഹൈദരാബാദ്, 26ന് കെകെആർ, 30ന് സിഎസ്‌കെ എന്നിവർക്കെതിരെ ബാറ്റ് ചെയ്യാൻ മാത്രമായാകും ക്രീസിലിറങ്ങുക. ഏപ്രിൽ 5ന് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ക്യാപ്റ്റനായും ടീമിൻ്റെ വിക്കറ്റ് കീപ്പറായും സഞ്ജു കളത്തിലിറങ്ങും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com