ബെയ്റൂട്ടില്‍ വ്യോമാക്രമണം; ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീനെ ലക്ഷ്യം വെച്ച് ഇസ്രയേൽ

ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ തലവനായ സഫീദ്ദീനായിരിക്കും അടുത്ത സെക്രട്ടറി ജനറല്‍ എന്നാണ് നിരീക്ഷകർ വിശകലനം ചെയ്യുന്നത്
ബെയ്റൂട്ടില്‍ വ്യോമാക്രമണം; ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീനെ ലക്ഷ്യം വെച്ച് ഇസ്രയേൽ
Published on

ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റളളയുടെ പിന്‍ഗാമിയായി കരുതുന്ന ഹാഷിം സഫീദ്ദീനെ ലക്ഷ്യം വെച്ച് ഇസ്രയേല്‍ വ്യോമാക്രമണം. ദക്ഷിണ ബെയ്റൂട്ടിലെ ദാഹിയേയില്‍ ഇന്നലെ അർദ്ധരാത്രി നടന്ന ആക്രമണം സഫീദ്ദീനെ വധിക്കുവാന്‍ ലക്ഷ്യംവെച്ചായിരുന്നുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍ അവകാശവാദങ്ങളില്‍ ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ തലവനായ സഫീദ്ദീനായിരിക്കും അടുത്ത സെക്രട്ടറി ജനറല്‍ എന്നാണ് നിരീക്ഷകർ വിശകലനം ചെയ്യുന്നത്. മുന്‍ മേധാവി ഹസന്‍ നസ്റള്ള ബെയ്റൂട്ടിലെ ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച നടന്ന ഇസ്രയേല്‍ ആക്രമണം നസ്റള്ളയെ വധിച്ചതിനു സമാനമായ രീതിയിലാണ് നടന്നത്. വ്യോമാക്രമണം നടന്ന സ്ഥലങ്ങളില്‍ നിന്നും വലിയ രീതിയില്‍ ചുവന്ന പുക പടലങ്ങള്‍ ഉയർന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 2000എല്‍ബി ബങ്കർ ബസ്റ്റർ ബോംബുകളാണ് കഴിഞ്ഞ ആഴ്ചയിലെ ആക്രമണങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഉപയോഗിച്ചിരുന്നത്.

Also Read: ഹിസ്ബുള്ളയുടെ പുതിയ നേതാവാകുമെന്ന് കരുതപ്പെടുന്ന ഹാഷിം സഫീദ്ദീൻ ആരാണ്?

കഴിഞ്ഞ 30 വർഷമായി ഹിസ്ബുള്ളയുടെ പ്രധാന നേതാവാണ് സഫീദ്ദീന്‍. ഹിസ്ബുള്ളയുടെ ദൈനംദിന പ്രവർത്തനങ്ങള്‍, സാമ്പത്തിക കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്തിരുന്നത് സഫീദ്ദീനാണ്. നിർണായക തീരുമാനങ്ങള്‍ എടുക്കുകയെന്നത് മാത്രമായിരുന്നു നസ്റള്ളയുടെ ചുമതല. ഇതു കൂടാതെ സഫീദ്ദീന്‍റെ കുടുംബ ബന്ധങ്ങള്‍, നസ്റള്ളയുമായുള്ള രൂപ സാദൃശ്യം, മതപരമായ പദവി എന്നിവ നേതൃത്വത്തിലേക്ക് ഉയരാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ഹസന്‍ നസ്റള്ള ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന ഹിസ്ബുള്ളയുടെ പ്രസ്താവനയില്‍ പിന്‍ഗാമിയെപ്പറ്റി സൂചനകളുണ്ടായിരുന്നില്ല.

രാജ്യത്ത് ഉടനീളം നടന്ന ബോംബാക്രമണങ്ങളില്‍ 37 പേർ കൊല്ലപ്പെടുകയും 151 പോർക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലബനന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com