"ഒരു മണിക്കൂറിൽ 120 ഹിസ്ബുള്ള കേന്ദ്രങ്ങൾ തകർത്തു"; അവകാശവാദവുമായി ഇസ്രയേൽ

ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയിൽ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം നടന്നതിന് പിന്നാലെയാണ് ഇസ്രയേൽ പ്രത്യാക്രമണം
"ഒരു മണിക്കൂറിൽ 120 ഹിസ്ബുള്ള കേന്ദ്രങ്ങൾ തകർത്തു"; അവകാശവാദവുമായി ഇസ്രയേൽ
Published on

തിങ്കളാഴ്ച നടന്ന വ്യാപക വ്യോമാക്രമണത്തിൽ 60 മിനിറ്റിനുള്ളിൽ തെക്കൻ ലെബനനിലെ 120ലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. "ഇസ്രയേലി എയർ ഫോഴ്സ് നടത്തിയ വ്യോമാക്രമണത്തിൽ ഒരു മണിക്കൂറിനുള്ളിൽ തെക്കൻ ലെബനനിലെ 120 ലധികം ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങൾ തകർത്തു," സൈന്യം പ്രസ്താവനയിൽ പറഞ്ഞു,

ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയിൽ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം നടന്നതിന് പിന്നാലെയാണ് ഇസ്രയേൽ പ്രത്യാക്രമണം. ഹൈഫയ്ക്ക് സമീപമുള്ള ഇസ്രയേൽ സൈനിക താവളത്തെ ലക്ഷ്യം വച്ചായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം. ഒരു ദിവസത്തിനിടെ ഈ മേഖലയിലെ സൈനിക കേന്ദ്രത്തിനു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.


ഫാഡി 1 റോക്കറ്റുകളുടെ ഒരു ശേഖരം ഹൈഫയുടെ തെക്കുള്ള കാർമൽ ബേസിലേക്ക് വിക്ഷേപിച്ചുവെന്ന് ഹിസ്ബുള്ള പ്രസ്താവനയിലൂടെ അറിയിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. റോക്കറ്റ് ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റതായി റംബാൻ ആശുപത്രിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേലും റിപ്പോർട്ട് ചെയ്തു.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിന് തുടക്കം കുറിച്ച ഹമാസ് ആക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം തികഞ്ഞു. 2023 ഒക്ടോബർ 7നു നടന്ന ആക്രമണത്തില്‍ 1200ഓളം ഇസ്രയേല്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കിയെന്നാണ് ഇസ്രയേലിന്‍റെ കണക്ക്. ഇതില്‍ 101 പേര്‍ ഇപ്പോഴും ഹമാസിന്‍റെ പിടിയിലാണ്. ഇതിനെ തുടർന്നു ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ ഇതുവരെ 41,870 പേർ മരിക്കുകയും 97,794 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com