ഹിസ്ബുള്ളയുടെ ആയുധശാലകളെന്ന് ന്യായീകരണം; ലെബനന്‍ അതിർത്തി ഗ്രാമങ്ങൾ തകർത്ത് ഇസ്രയേല്‍

ഒരുവർഷത്തിനിടെ തെക്കന്‍ ലെബനിലെ 14 അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയത് നാലായിരത്തിനടുത്ത് വ്യോമാക്രമണങ്ങളാണ്
ഹിസ്ബുള്ളയുടെ ആയുധശാലകളെന്ന് ന്യായീകരണം; ലെബനന്‍ അതിർത്തി ഗ്രാമങ്ങൾ തകർത്ത് ഇസ്രയേല്‍
Published on



ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലുകളുടെ മറവില്‍ ലെബനീസ് അതിർത്തിഗ്രാമങ്ങളെ പൂർണ്ണമായി തകർത്ത് ഇസ്രയേല്‍. ഒരുവർഷത്തിനിടെ തെക്കന്‍ ലെബനിലെ 14 അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയത് നാലായിരത്തിനടുത്ത് വ്യോമാക്രമണങ്ങളാണ്. ലെബനനിലെ സാധാരണക്കാരെ മറയാക്കി അതിർത്തിഗ്രാമങ്ങളില്‍ ആയുധങ്ങള്‍ ഒളിപ്പിക്കുന്നു എന്ന അവകാശവാദമാണ് തെക്കന്‍ ലെബനിനിലെ ആക്രമണങ്ങളെ ന്യായീകരിക്കാന്‍ ഇസ്രയേല്‍ മുന്നോട്ടുവയ്ക്കുന്നത്.

രണ്ട് ദശാബ്ദത്തിലേറെക്കാലം ജനവാസമേഖലകളായിരുന്ന പ്രദേശങ്ങളെ യുദ്ധഭീതിയിലാഴ്ത്തി, കൂട്ടപാലായനത്തിലേക്കാണ് ഇസ്രയേലിന്‍റെ ആക്രമണങ്ങള്‍ കൊണ്ടെത്തിച്ചത്. അതിർത്തിയിലെ കാഫ്ർ-കില, മെയ്‌സ്-അല്‍-ജബാല്‍, ലബൌനെ അടക്കം 14 മേഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ വ്യാപ്തി, 2023 ഒക്ടോബറിനും, 2024 ഒക്ടോബറിനുമിടയിലെ ഉപഗ്രഹചിത്രങ്ങളുടെ താരതമ്യം വഴി വ്യക്തമാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളും-പൊതുവഴികളും-കൃഷി സ്ഥലങ്ങളുമെല്ലാം ആക്രമണങ്ങളില്‍ പൂർണ്ണമായി നശിച്ചു. ഒരുവർഷം മുന്‍പ് വരെ ആളുകള്‍ തിങ്ങിപ്പാർത്ത മേഖലകള്‍ മണ്‍കൂനകള്‍ക്ക് സമാനമായി മാറി. ലെബനന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ 3,809 ആക്രമണങ്ങളാണ് ഈ മേഖലകളിലേക്കുണ്ടായത്. ഇതില്‍ 2500 ഓളം പേർ കൊല്ലപ്പെട്ടു.

12 ലക്ഷത്തോളം വരുന്ന ലെബനീസ് ജനത ഇവിടങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ടതായാണ് സർക്കാർ കണക്ക്. ഇതിലധികവും ഇസ്രയേല്‍ ആക്രമണം കടുപ്പിച്ച കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ കൂട്ടപ്പലായനമാണ്. ഹിസ്ബുള്ള ഉന്നത കമാന്‍ഡർമാർ ഒളിച്ചിരിക്കുന്ന രഹസ്യ തുരങ്കമുണ്ടെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്ന മുഹായിബിബ് മേഖലയിലും ഇസ്രയേലിന്‍റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍പ്പെടുന്നു.

ലെബനനില്‍ നിന്ന് ഇസ്രയേലിലേക്ക് നേരിട്ട് നിരീക്ഷണം സാധ്യമാക്കുന്ന ഉയർന്ന മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും അതിർത്തിയിലെ സെെനിക നീക്കങ്ങള്‍ സുഗമമാക്കാനുമാണ് ആക്രമണങ്ങളെന്ന് ഇസ്രയേല്‍ സെെനിക ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. 2006 ല്‍ ഹിസ്ബുള്ളയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രയേലിന്‍റെ നീക്കങ്ങളെ വിജയകരമായി ചെറുക്കുന്നതിന് ഹിസ്ബുള്ള സായുധകേന്ദ്രങ്ങളായി ഉപയോഗിച്ച ഈ മേഖലകളെ ദുർബലമാക്കുക കൂടിയാണ് ആക്രമണങ്ങളുടെ ലക്ഷ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com