
ഇറാനെതിരെ തിരിച്ചടിക്കാനുള്ള നീക്കം ശക്തമാക്കി ഇസ്രയേൽ. ആക്രമണം ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. അതേസമയം വെടിനിർത്തൽ ആഹ്വാനത്തിനിടയിലും ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഗാസയിലും ലബനനിലും ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ ഒക്ടോബർ ഒന്നാം തീയതി ഇസ്രയേലിലേക്ക് ഇരുനൂറോളം മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. ഇതേതുടർന്നാണ് ഇറാന് മറുപടി നൽകാൻ ഇസ്രയേൽ ഒരുങ്ങുന്നുവെന്ന സൂചന പുറത്തു വരുന്നത് .
ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ ഒന്നാം വാർഷികമാണ്. ആക്രമണങ്ങളോട് പ്രതികരിക്കേണ്ടത് ഇസ്രയേലിൻ്റെ കടമയാണെന്നും അത് തീർച്ഛയായും ഉണ്ടാകുമെന്നും വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
എന്നാൽ കടുത്ത രീതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ സൈന്യവും വ്യക്തമാക്കി. മാത്രമല്ല ഇസ്രയേൽ ആക്രമണത്തെ സഹായിക്കുന്ന ഏതു രാജ്യവും തങ്ങളുടെ ലക്ഷ്യമാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി.
അതേസമയം, വെടിനിർത്തലിനായുള്ള ശ്രമം തുടരുന്നതിനിടെ ബെയ്റൂട്ടിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്ത പ്രദേശങ്ങളിലും നഗരത്തിന് പുറത്തുമായി കഴിഞ്ഞ മണിക്കൂറുകളിൽ അഞ്ച് വൻ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയത്. ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്. കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്.
ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റള്ളയെ കൊലപ്പെടുത്തിയതില്‍ തിരിച്ചടിയായാണ് ഇസ്രയേലിലേക്ക് ഇറാന്‍ 180ലേറെ മിസൈലുകള്‍ വർഷിച്ചത്. ഇവയില്‍ ചിലത് 10,000 എംപിഎച്ച് വേഗതയുള്ള ഹൈപ്പർസോണിക് ഫത്താഹ് മിസൈലുകളാണ്. ഭൂരിഭാഗം മിസൈലുകളും നിർജീവമാക്കിയെന്നാണ് ഇസ്രയേല്‍ അധികൃതർ പറയുന്നത്. ഈ വാദത്തെ ഇസ്രയേല്‍ പ്രതിരോധത്തെ പിന്തുണയ്ക്കുന്ന യുകെയും യുഎസും പിന്താങ്ങി. എന്നാല്‍, 90 ശതമാനം മിസൈലുകളും ലക്ഷ്യം കണ്ടുവെന്നാണ് റെവല്യൂഷണറി ഗാർഡുകളുടെ കണക്കുകൂട്ടല്‍.
അതേസമയം ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ആദ്യം ആക്രമിക്കണമെന്ന് ഇസ്രയേലിനോട് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്‌തു. ഇത് മിഡിൽ ഈസ്റ്റിലെ സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകൾക്കും തീവ്രത കൂട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.