"ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കിൽ..."; ഹമാസിന് ഭീഷണിയുമായി നെതന്യാഹു

വെടിനിർത്തൽ ധാരണ ഇസ്രയേൽ ലംഘിക്കുന്നതായി ചൂണ്ടികാട്ടി ബന്ദികളെ ഇനി വിട്ടയയ്ക്കില്ലെന്ന് ഹമാസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നെതന്യാഹുവിൻ്റെ മുന്നറിയിപ്പ്
ബെഞ്ചമിൻ  നെതന്യാഹു
ബെഞ്ചമിൻ നെതന്യാഹു
Published on

മുൻ നിശ്ചിയിച്ച പ്രകാരം ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ ധാരണ ഇസ്രയേൽ ലംഘിക്കുന്നതായി ചൂണ്ടികാട്ടി ബന്ദികളെ ഇനി വിട്ടയയ്ക്കില്ലെന്ന് ഹമാസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നെതന്യാഹുവിൻ്റെ മുന്നറിയിപ്പ്. എന്നാൽ ഇസ്രയേലുമായി വെടിനിർത്തൽ കരാർ തുടരാൻ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു ഹമാസിന്റെ പ്രതികരണം.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കില്ലെന്നായിരുന്നു ഹമാസ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ഇതോടെ ശനിയാഴ്ച നടക്കേണ്ടിയിരുന്ന മൂന്ന് ബന്ദികളുടെ മോചനം അനിശ്ചിതത്വത്തിലായി. ഇതിനു പിന്നാലെയാണ് ഹമാസിനു മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയത്. നാലു മണിക്കൂർ നീണ്ട ഇസ്രയേൽ സുരക്ഷാ മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു നെതന്യാഹുവിൻ്റെ ഭീഷണി. ശനിയാഴ്ച ഉച്ചയ്ക്കു മുൻപ് ഇസ്രയേൽ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു. ബന്ദി കൈമാറ്റം നീട്ടിവെച്ചാൽ ഹമാസിനെ ഇല്ലാതാക്കുംവരെ ആക്രമണം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പു നൽകി. എന്നാൽ അവശേഷിക്കുന്ന 76 ബന്ദികളെയും ശനിയാഴ്ച മോചിപ്പിക്കണമെന്നാണോ പ്രധാനമന്ത്രി ആവശ്യപ്പെടുന്നതെന്ന് മുന്നറിയിപ്പിൽ വ്യക്തതയില്ല. എന്നാൽ ഇസ്രയേലുമായി വെടിനിർത്തൽ ധാരണ തുടരാൻ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു മുന്നറിയിപ്പിനുള്ള ഹമാസീന്റെ പ്രതികരണം. വെടിനിർത്തൽ ധാരണ ലംഘിക്കുന്നത് ഇസ്രയേൽ ആണെന്നും ഹമാസ് ആരോപിച്ചു. ആവശ്യമായ ഭക്ഷണം, മരുന്ന്, പാർപ്പിട സാമഗ്രികൾ തുടങ്ങിയ അടിയന്തരസഹായങ്ങൾ വൈകിപ്പിച്ചതുൾപ്പെടെയുള്ള ആരോപണങ്ങളും ഹമാസ് ചൂണ്ടികാട്ടി.

ശനിയാഴ്ച 12 മണിക്കുള്ളിൽ എല്ലാം ബന്ദികളെയും മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും ഹമാസിനു മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴും യുദ്ധാനന്തര ഗാസ ഏറ്റെടുക്കാനും 20 ലക്ഷം പലസ്തീനികളെ പുനരധിവസിപ്പിക്കാനുമുള്ള നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ് ട്രംപ്. എന്നാൽ ട്രംപിൻ്റെ പരാമർശങ്ങൾ പലസ്തീൻ ജനങ്ങളുടെ ദേശീയ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്ന് ഹമാസ് പ്രതികരിച്ചു.

ഗാസ വെടിനിർത്തൽ കരാറിലെ ആദ്യഘട്ടത്തിൻ്റെ ഭാഗമായി ഇതുവരെ അഞ്ച് തായ് പൗരന്മാരടക്കം, 21 ഇസ്രയേൽ ബന്ദികളാണ് മോചിപ്പിക്കപ്പെട്ടത്. 766 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. ഒക്ടോബർ ഏഴിലെ ആക്രമണത്തിലൂടെ ഹമാസ് ബന്ദിയാക്കിയവരിൽ 33 പേരെയും ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 2,000 പലസ്തീൻ തടവുകാരെയും മോചിതരാക്കുമെന്നായിരുന്നു വെടിനിർത്തല്‍ കരാറിന്‍റെ ആദ്യഘട്ടത്തിലെ ധാരണ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com