ലബനനിൽ ഇസ്രയേൽ ആക്രമണം: സ്ഫോടനങ്ങളുടെ പരിണിതഫലം ഗർഭിണികളിലും, അകാലജനനം വർധിക്കുന്നുവെന്ന് റിപ്പോർട്ട്

തുടർച്ചയായി ഉണ്ടാകുന്ന സ്ഫോടനങ്ങൾ ഗർഭിണികളിൽ ഉത്കണ്ഠ സൃഷ്ടിക്കുന്നുവെന്നും ഡോക്ടർമാർ പറയുന്നു
ലബനനിൽ ഇസ്രയേൽ ആക്രമണം: സ്ഫോടനങ്ങളുടെ പരിണിതഫലം ഗർഭിണികളിലും,  അകാലജനനം വർധിക്കുന്നുവെന്ന് റിപ്പോർട്ട്
Published on

ലബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുമ്പോൾ ആശങ്കയിലാകുകയാണ് ആരോഗ്യ സംവിധാനങ്ങളും. ഗർഭസ്ഥ ശിശുക്കളുടെ അകാല മരണങ്ങളും മാസം പൂർത്തിയാകുന്നതിന് മുമ്പേയുള്ള പ്രസവങ്ങളും വർധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായി ഉണ്ടാകുന്ന സ്ഫോടനങ്ങൾ ഗർഭിണികളിൽ ഉത്കണ്ഠ സൃഷ്ടിക്കുന്നുവെന്നും ഡോക്ടർമാർ പറയുന്നു.

ലബനീസ് ആരോഗ്യസംവിധാനങ്ങളിലെ വിശ്വാസമാണ് തഹാനി യാസിനെ വീണ്ടും ബെയ്റൂട്ടിലെത്തിച്ചത്. മൂന്ന് മാസം ഗർഭിണിയായപ്പോൾ സ്വന്തം നാടായ ബെയ്റൂട്ടിലേക്ക് പോകാമെന്നായിരുന്നു ഇവരുടെ തീരുമാനം. അങ്ങനെ ഇക്വറ്റോറിയൽ ഗിനിയയിൽ നിന്നും കുടുംബത്തോടൊപ്പം ബെയ്റൂട്ടിലേക്ക് മടങ്ങി. ഇന്ന് ആ തീരുമാനത്തിൽ തഹാനി യാസിന് കുറ്റബോധമുണ്ട്. ലബനനിൽ ഇന്ന് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

ബെയ്റൂട്ടിൻ്റെ തെക്കൻ ഭാഗങ്ങളിലേക്കും, ബെക്കാ വാലിയിലേക്കുമുള്ള ആക്രമണം ഇസ്രയേൽ കടുപ്പിച്ചതോടെ ആശങ്കയിലായവരിൽ ഗർഭിണികളുമുണ്ട്. ലബനനിൽ നിലവിൽ 11,600 ഗർഭിണികൾ ഉണ്ടെന്നും ഇതിൽ 4000ത്തോളം പേർ അടുത്ത മൂന്ന് മാസത്തിനുള്ളിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമെന്നും യുഎൻ പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു. യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് ഒക്ടോബറിലാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചത്. ഗർഭസ്ഥ ശിശുക്കളുടെ അകാല മരണങ്ങളും, മാസം പൂർത്തിയാകുന്നതിന് മുമ്പേയുള്ള പ്രസവങ്ങളും വർധിക്കുന്നുവെന്നാണ് ആശുപത്രികളിൽ നിന്നുള്ള റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷം ഗർഭപാത്രത്തിൽ വെച്ച് ഗർഭസ്ഥ ശിശു മരിക്കുന്നത് രണ്ട് കേസുകൾ മാത്രമായിരുന്നത്, ഈ രണ്ട് മാസത്തിൽ മാത്രം 15 ആയി ഉയർന്നു. സ്ഫോടനങ്ങളിലെ പ്രകമ്പനങ്ങൾ ഗർഭിണികളിൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നും, ഇത് വളർച്ചയെത്താത്ത പ്രസവത്തിലേക്കു നയിക്കുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

താമസിക്കാൻ സുരക്ഷിതമായ ഒരിടം, പോഷകാഹാരം, വൃത്തിയുള്ള സാഹചര്യം എന്നിവ കണക്കിലെടുത്ത് പലരും പ്രദേശത്ത് നിന്ന് പാലായനം ചെയ്തു. ഇതിനകം 12 ലക്ഷം പേർ പാലായനം ചെയ്തെന്നാണ് ലബനീസ് മന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com