
കർണാടകയിലെ കോപ്പാൽ ജില്ലയിൽ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. വിദേശ വനിതയും ഹോം സ്റ്റേ ഉടമയുമാണ് ബലാത്സംഗത്തിന് ഇരയായത്.
27കാരിയായ ഇസ്രയേലിൽ നിന്നുള്ള വിദേശസഞ്ചാരിയും 29കാരിയായ ഹോം സ്റ്റേ ഓപ്പറേറ്ററുമാണ് ഹംപിക്ക് അടുത്തുള്ള സനാപൂർ തടാകത്തിന് അടുത്ത് വെച്ച് ബലാത്സംഗത്തിന് ഇരയായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന പുരുഷന്മാരായ വിനോദ സഞ്ചാരികളെ ആക്രമിച്ചതിന് ശേഷമാണ് വനിതകളെ ബലാത്സംഗം ചെയ്തത്. കുറ്റകൃത്യം നടന്ന സമയത്ത് ഇരുവരോടൊപ്പമുണ്ടായിരുന്ന ഒഡീഷയിൽ നിന്നുള്ള ഒരു പുരുഷ വിനോദസഞ്ചാരിയെ കുറ്റവാളികൾ തുംഗഭദ്ര ഇടതുകര കനാലിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് കാണാതായി. അതേസമയം യുഎസിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള മറ്റ് രണ്ട് പുരുഷ വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു.
അത്താഴത്തിന് ശേഷം താനും നാല് അതിഥികളും തുംഗഭദ്ര ഇടതുകര കനാലിന്റെ തീരത്ത് വാന നിരീക്ഷണത്തിനായി പോയപ്പോഴാണ് പ്രതി ബൈക്കിൽ എത്തിയതെന്ന് ഹോംസ്റ്റേ ഉടമ പരാതിയിൽ പറയുന്നു. ആദ്യം പെട്രോൾ എവിടെ കിട്ടുമെന്ന് ചോദിച്ച അവർ പിന്നീട് അവരോട് പണം ചോദിക്കാൻ തുടങ്ങി. പണം തരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവർ സഞ്ചാരികളെ ആക്രമിക്കുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. സ്ത്രീകൾ പരാതി നൽകിയതിനെത്തുടർന്ന് അടിയന്തര നടപടി സ്വീകരിച്ചതായി പൊലീസ് സൂപ്രണ്ട് രാം എൽ. അരസിദ്ദി പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞു വരികയാണെന്നും രണ്ട് പ്രത്യേക സംഘങ്ങൾ കേസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗം സ്ഥിരീകരിക്കുന്നതിനായി സ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.