വർധിക്കുന്നത് ജഡ്ജിമാരുടെ എണ്ണം മാത്രം; സുപ്രീം കോടതിയിൽ കെട്ടികിടക്കുന്നത് 83,000 ത്തോളം കേസുകൾ

കഴിഞ്ഞ 10 വർഷത്തിനിടെയാണ് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം എട്ട് മടങ്ങ് വർധിച്ചതായാണ് റിപ്പോർട്ട്
വർധിക്കുന്നത് ജഡ്ജിമാരുടെ എണ്ണം മാത്രം; സുപ്രീം കോടതിയിൽ കെട്ടികിടക്കുന്നത് 83,000 ത്തോളം കേസുകൾ
Published on

കഴിഞ്ഞ 10 വർഷത്തിനിടെ സുപ്രീം കോടതിയിൽ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണത്തിൽ എട്ട് മടങ്ങ് വ‍ർധനവുണ്ടായെന്ന് റിപ്പോർട്ട്. നിലവിൽ 83,000 ത്തോളം കേസുകളാണ് കോടതിയിൽ കെട്ടികിടക്കുന്നത്.

സുപ്രീം കോടതിയിൽ ജഡ്ജിമാരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തിൽ കുറവില്ലെന്നാണ് കണക്ക്. കഴിഞ്ഞ 10 വർഷത്തിനിടെയാണ് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ക്രമാതീതമായി കൂടിയത്. നിലവിൽ വിധി പറയാത്ത 83,000 ത്തോളം കേസുകളിൽ 33% കേസുകളും ഒരു വർഷത്തിൽ താഴെ പഴക്കമുള്ളവയാണ്. എക്കാലത്തെയും ഉയർന്ന നിരക്കാണ് ഇത്.

2009 ലാണ് സുപ്രീം കോടതി ജഡ്ജിമാരുടെ അംഗസംഖ്യ 26 ൽ നിന്ന് 31 ആയി വർധിപ്പിച്ചത്. പക്ഷേ 2013ൽ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം 50,000 ത്തിൽ നിന്ന് 66,000 ആയി വർധിച്ചു. എന്നാൽ ചീഫ് ജസ്റ്റിസ് എച്ച്.എൽ ദത്തിൻ്റെ കാലത്ത് ഇത് 59,000 ആയി കുറഞ്ഞു. തൊട്ടടുത്ത വർഷം ടിഎസ് താക്കൂറിൻ്റെ കാലത്ത് ഇത് വീണ്ടും 63,000 ത്തോട് അടുത്തു. കേസ് മാനേജ്‌മെൻ്റ് സിസ്റ്റത്തിൽ പേപ്പർ രഹിത കോടതികൾ ആദ്യമായി നിർദ്ദേശിച്ച ജസ്റ്റിസ് ജെഎസ് ഖെഹറിന് അത് 56,000 ആയി കുറയ്ക്കാൻ സാധിച്ചിരുന്നു.

2019ൽ സുപ്രീം കോടതി ജഡ്ജിമാരുടെ അംഗീകൃത അംഗസംഖ്യ വീണ്ടും വർധിപ്പിച്ചു, 31ൽ നിന്ന് 34 ലേക്കായിരുന്നു വർധനവ്. എന്നാൽ ജഡ്ജിമാരുടെ എണ്ണം വർധിച്ചിട്ടും കേസുകളുടെ കാര്യത്തിൽ മാറ്റമുണ്ടായില്ല. കേസുകളുടെ എണ്ണം 60,000 ലേക്ക് കുതിച്ചു. കൊവിഡ് കാലത്ത് വെർച്വൽ നടപടികളുണ്ടായെങ്കിലും കേസുകൾ കൂടിക്കൊണ്ടിരുന്നു. 2022 അവസാനത്തോടെ കേസുകൾ 79,000ത്തിൽ എത്തി.


അതേവർഷം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി എത്തിയതോടെ കെട്ടിക്കിടക്കുന്ന കേസുകളുടെ വർഗ്ഗീകരണവും ശേഖരണവും കാര്യക്ഷമമാക്കാൻ നൂതന ഐടി അധിഷ്ഠിത സാങ്കേതിക ഇടപെടലുകൾ നടത്തി. എങ്കിലും കേസുകളുടെ കാര്യത്തിൽ മാറ്റമുണ്ടാക്കാനായില്ല. രണ്ട് വർഷത്തിനിടെ 4000 കേസുകളുടെ വർധനവാണുണ്ടായത്. ഹൈക്കോടതികളിലും സമാനമായി തീർപ്പാക്കാത്ത കേസുകൾ കുന്നുകൂടിക്കിടക്കുകയാണ്. വിചാരണ കോടതികളിലാകട്ടെ നിലവിൽ 4.5 കോടിയാണ് തീർപ്പാക്കാത്ത കേസുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com