ചംപയ് ദാ,നിങ്ങളൊരു പുലിയായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെയാണ്. ഇനിയും അങ്ങനെ തന്നെ തുടരുമെന്നും ജിതൻ റാം മാഞ്ചി പറഞ്ഞു
മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി. ചംപയ് ദാ, നിങ്ങളൊരു പുലിയായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെയാണ്. ഇനിയും അങ്ങനെ തന്നെ തുടരുമെന്നും ജിതൻ റാം മാഞ്ചി പറഞ്ഞു. ചംപയ് സോറൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ജിതൻ റാം മാഞ്ചിയുടെ ക്ഷണം.
ചംപയ് സോറൻ ഇന്ന് ജെഎംഎമ്മിൽ നിന്ന് രാജിവെക്കും. കഴിഞ്ഞ ദിവസം ചംപയ് സോറൻ ഡൽഹിയിൽ എത്തിയിരുന്നു. ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായാണ് ചംപയ് സോറൻ ഡൽഹിയിൽ എത്തിയത് എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ താൻ വ്യക്തിപരമായ ആവശ്യത്തിനായാണ് ഡൽഹിയിൽ എത്തിയത് എന്നായിരുന്നു ചംപയ് സോറൻ ആരോപണങ്ങളിൽ പ്രതികരിച്ചുകൊണ്ട് സംസാരിച്ചത്.
ജെഎംഎം വിടുകയാണെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയതിന് പിന്നാലെ ചംപയ് സോറൻ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. പാർട്ടിയിൽ നിന്ന് അപമാനവും അവഹേളനവും നേരിട്ടു. തൻ്റെ ആത്മാഭിമാനത്തിന് അടിയേറ്റുവെന്നും ചംപയ് സോറൻ പോസ്റ്റിൽ പറഞ്ഞിരുന്നു. ജീവിതത്തിൽ പുതിയ അധ്യായത്തിനു തുടക്കമിടുമെന്നും ചംപയ് സോറൻ കൂട്ടിച്ചേർത്തു.
"കഴിഞ്ഞ നാല് ദശാബ്ദക്കാലത്തെ രാഷ്ട്രീയ യാത്രയിൽ ആദ്യമായി ഉള്ളിൽ നിന്ന് തകർന്നുപോയി, എന്തുചെയ്യണമെന്ന് എനിക്ക് മനസ്സിലായില്ല, രണ്ട് ദിവസം, മൗനമായിരുന്ന് ആത്മപരിശോധന നടത്തി, മുഴുവൻ സംഭവത്തിലും എൻ്റെ തെറ്റ് എന്താണെന്ന് പരിശോധിച്ചു. അധികാരത്തോടുള്ള അത്യാഗ്രഹം എനിക്കില്ലായിരുന്നു, എൻ്റെ സ്വന്തം ആളുകൾ നൽകിയ വേദന എനിക്ക് എവിടെയാണ് പ്രകടിപ്പിക്കാൻ കഴിയുക." എന്നായിരുന്നു ചംപയ് സോറൻ പറഞ്ഞത്.
ALSO READ: 'സ്വന്തം ആളുകൾ വേദനിപ്പിച്ചു, പാർട്ടിയിൽ അസ്തിത്വമില്ല'; ജെഎംഎം വിടുന്നുവെന്ന് ചംപയ് സോറൻ
ബിജെപിയുടെ മുതിർന്ന നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനുമായി ചംപായ് സോറൻ തുടർച്ചയായി ബന്ധപ്പെടുന്നതും അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാകാൻ കാരണമായിട്ടുണ്ടെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു. ഹേമന്ത് സോറനെ മുഖ്യമന്ത്രിയാക്കാൻ വഴിയൊരുക്കുന്നതിനായി ഉന്നത സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി നീക്കം ചെയ്തതിൽ അദ്ദേഹം തൃപ്തനല്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു.
എം.എൽ.എമാരുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ടെങ്കിലും യോഗത്തിൻ്റെ അജണ്ട പോലും തന്നോട് പറഞ്ഞിട്ടില്ല. യോഗത്തിനിടെ തന്നോട് രാജിവെക്കാൻ ആവശ്യപ്പെട്ടെന്നും സോറൻ പറഞ്ഞു. അധികാരത്തോട് തനിക്ക് അത്യാഗ്രഹമില്ല. അതിനാൽ രാജിവെക്കുന്നു.പക്ഷേ അത് തൻ്റെ ആത്മാഭിമാനത്തിന് പ്രഹരമേൽപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജീവിതം മുഴുവൻ സമർപ്പിച്ച പാർട്ടിയിൽ തനിക്ക് ഒരു അസ്തിത്വവുമില്ലെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. പരാമർശിക്കാൻ ആഗ്രഹിക്കാത്ത മറ്റ് നിരവധി അപമാനകരമായ സംഭവങ്ങളും നടന്നിട്ടുണ്ട്. ഇത്രയും അപമാനത്തിനും അവഹേളനത്തിനും ശേഷം ഒരു ബദൽ പാത തേടാൻ നിർബന്ധിതനായി എന്നും അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞിരുന്നു.
ALSO READ: ഭൂമി കുംഭകോണ കേസ്: ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച് കർണാടക സർക്കാർ