പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രമായാണ് ജഗതി എത്തുന്നത്
വര്‍ഷങ്ങള്‍ക്കു ശേഷം മലയാളികളുടെ ഹാസ്യ സാമ്രാട്ട് തിരിച്ചെത്തുന്നു. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വലയിലൂടെയാണ് മലയാളികളുടെ പ്രിയതാരത്തിന്റെ മടങ്ങി വരവ്. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
'പുതിയ വര്‍ഷം... പുതിയ തുടക്കങ്ങള്‍... ചേര്‍ത്ത് നിര്‍ത്തുന്ന എല്ലാവരോടും നിസ്സീമമായ സ്‌നേഹം ... ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല' എന്ന കുറിപ്പോടെ ജഗതി ശ്രീകുമാറിന്റെ സോഷ്യല്‍മീഡിയ പേജിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്. ജഗതിയുടെ 74 -ാം പിറന്നാളിനാണ് പോസ്റ്റർ പുറത്തുവിട്ടത്.
മലയാളത്തിന് പുത്തന്‍ ജോണര്‍ സമ്മാനിച്ച ഗഗനചാരിക്കു ശേഷം ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ചിത്രമാണ് വല. സയന്‍സ് ഫിക്ഷന്‍ കോമഡി മോക്കുമെന്ററിയാണ് ഗഗനചാരിയെങ്കില്‍ സോംബികളുടെ കഥയുമായാണ് വലയില്‍ അരുണ്‍ ചന്ദു എത്തുന്നത്. ഗോകുല്‍ സുരേഷും അജു വര്‍ഗീസും തന്നെയാണ് പുതിയ ചിത്രത്തിലും പ്രധാന വേഷത്തിലെത്തുന്നത്. ഇവര്‍ക്കൊപ്പം കിടിലന്‍ മേക്കോവറില്‍ ജഗതിയും എത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്.
പാറിപ്പറന്ന നരച്ച തലമുടിയും കറുത്ത കണ്ണാടിയും സ്യൂട്ടും ധരിച്ചുള്ള ജഗതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇതിനകം തന്നെ വൈറലാണ്.
2012 മാര്‍ച്ച് പത്തിനുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനു പിന്നാലെയാണ് മലയാളികള്‍ക്ക് ജഗതിയെന്ന അതുല്യ നടനെ നഷ്ടമായത്. 2022 ല്‍ സിബിഐ 5- ദി ബ്രെയ്ന്‍ എന്ന ചിത്രത്തില്‍ ജഗതി മുഖം കാണിച്ചിരുന്നതൊഴിച്ചാല്‍ പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പത്ത് വര്‍ഷത്തിലേറെയായി മലയാള സിനിമയിലുണ്ടായ വലിയ വിടവാണ് വലയിലൂടെ അരുണ്‍ ചന്ദു നികത്തുന്നത്.