fbwpx
ജെയിംസ് കാമറൂൺ: മുതലാളിത്തത്തെ തിരയില്‍ ചോദ്യം ചെയ്ത ഹോളിവുഡിലെ റെബല്‍
logo

ശ്രീജിത്ത് എസ്

Posted : 30 Mar, 2025 02:02 PM

അവതാറിൽ കാണുന്ന മാർക്സിസ്റ്റ് വായനകളുടെ സാധ്യത പെട്ടെന്ന് ഒരു ദിവസം കാമറൂണിന്റെ ഫിലിമോഗ്രഫിയിലേക്ക് വിരുന്ന് വന്നതല്ല

HOLLYWOOD


മരിയാന ട്രെഞ്ചിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ ജെയിംസ് കാമറൂൺ എന്താകും ചിന്തിച്ചിട്ടുണ്ടാകുക? തന്റെ ജീവിതത്തെപ്പറ്റിയോ? പുതിയ സിനിമയെപ്പറ്റിയോ? അതോ, 10-ാം വയസിൽ താൻ പ്ലൈവുഡ് കൊണ്ടുണ്ടാക്കിയ പ്ലെയിനിനെപ്പറ്റിയോ?



സിനിമയെ ഒരു കലർപ്പില്ലാത്ത കലാരൂപം (Pure art form) എന്ന നിലയ്ക്കല്ല ജെയിംസ് കാമറൂൺ സമീപിക്കുന്നത്. അതൊരു സാങ്കേതിക കലാരൂപം (Technical art form) ആണെന്നാണ് അദ്ദേഹത്തിന്റെ മതം. സിനിമയിലൂടെ ഏതെങ്കിലും തരത്തിലുള്ള വികാരങ്ങൾ പ്രകടിപ്പിക്കണമെങ്കിൽ അതിന് സാങ്കേതിക ജ്‍ഞാനം അത്യാവശ്യമാണെന്ന് കാമറൂൺ പറയും. ഇപ്പോഴും കുട്ടിക്കാലത്തെ ആ ശാസ്ത്ര കുതുകിയായ അയാളെ വിട്ടുപോയിട്ടില്ല. എന്നാൽ കാണികളെ സ്ക്രീനിലേക്ക് അടുപ്പിക്കുന്ന ഒരു നല്ല കഥ വേണമെന്ന് കാര്യത്തിൽ തർക്കമില്ല. നല്ല കഥ മാത്രം പോരാ അത് കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കുകയും വേണം. അത്തരത്തിൽ അതിജീവിച്ചവയാണ് ജെയിംസ് കാമറൂൺ ചിത്രങ്ങൾ.

Also Read: ആ മോഹൻലാൽ ചിത്രം കോപ്പിയായിരുന്നു! കൊമേഴ്ഷ്യൽ സിനിമ സംശയത്തോടെ വീക്ഷിച്ച കൾട്ട് ഫിലിം മേക്കർ സായ് പരാഞ്പെ



1978ൽ എടുത്ത സെനോജെനിസിസ് (Xenogenesis) എന്ന ഷോർട്ട് ഫിലിമാണ് കാമറൂണിനെ ഹോളിവുഡിന് പരിചയപ്പെടുത്തുന്നത്. 'റോക്ക് ആൻഡ് റോൾ ഹൈസ്കൂൾ' എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ അസിസ്റ്റന്റായാണ് തുടക്കം.'പോപ് ഓഫ് പോപ് സിനിമ' എന്ന് അറിയപ്പെടുന്ന അമേരിക്കൻ പ്രൊഡ്യൂസർ റോജർ വില്യം കോർമാനുമായുള്ള പരിചയമാണ് വലിയ സിനിമകളിലേക്കുളള വാതായനം കാമറൂണിന് മുന്നിൽ തുറന്ന് കൊടുത്തത്. 1982ലാണ് ഒരു മേജർ പ്രൊജക്ട് സംവിധാനം ചെയ്യാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുന്നത്. അതും പിരാന ഫ്രാഞ്ചൈസിയിലെ ഒരു ചിത്രം. സ്പെഷ്യൽ എഫ്ക്ട് ഡയറക്ടറായി വന്ന് 'പകരം' സംവിധായകനായി മാറുകയായിരുന്നു കാമറൂൺ. എന്നാല്‍ തന്റെ ആദ്യ ചിത്രമായി ഈ സിനിമയെ അദ്ദേഹം പരി​ഗണിക്കുന്നില്ല. പക്ഷേ ആ സിനിമയുടെ നിർമാണ വേളയിലാണ് ആദ്യ സിനിമയുടെ ആശയം കാമറൂണിന് ലഭിക്കുന്നത്. അതും ഒരു ദുസ്വപ്നത്തിലൂടെ.



പനിക്കിടക്കയിൽ അവശനായി കിടന്നിരുന്ന കാമറൂൺ കണ്ടത്, ഭയന്നോടുന്ന ഒരു പെൺകുട്ടിയേയും അവളെ കൊല്ലാനായി പിറകെ പായുന്ന ഒരു സൈബോർ​ഗിനെയുമാണ്. അവിടെ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. ഈ സ്വപ്നമാണ് പിന്നീട് ടെർമിനേറ്റർ ആയത്.

ടെർമിനേറ്റർ സ്ക്രിപ്റ്റ് പസഫിക് വെസ്റ്റേൺ പ്രൊഡക്ഷൻ റെപ്രസെന്റേറ്റീവിന് കാമറൂൺ വിൽക്കുന്നത് വെറും ഒരു ഡോളറിനാണ്. പക്ഷെ ഒരു വ്യവസ്ഥ കാമറൂൺ മുന്നോട്ട് വച്ചു. ഇതാരെങ്കിലും സംവിധാനം ചെയ്യുന്നുണ്ടെങ്കിൽ അത് താനായിരിക്കും. അതിൽ മാറ്റമില്ല. അതങ്ങനെ തന്നെ സംഭവിച്ചു. പ്രോസ്തറ്റിക് മേക്കപ്പുകളും സിനിമാറ്റിക് ടെക്നിക്കുകളും ഉപയോ​ഗിച്ച് കാമറൂൺ ആർനോൾഡ് ഷ്വാസ്‌നെഗറിന്‍റെ സൈബോർ​ഗിനെ പൈശാചികതയുടെ ആൾ രൂപമാക്കി. സിനിമയിൽ ഉടനീളം സിജിഐയേക്കാൾ നമുക്ക് കാണാൻ സാധിക്കുക പ്രാക്ടിക്കൽ എഫക്ടുകളാണ്. പിന്നീട് ഈ സിനിമയ്ക്ക് ഒരു സീക്വലും കാമറൂൺ ചിത്രീകരിച്ചു. ഈ സിനിമ കേവലം സൈഫൈ ചിത്രം എന്നതിൽ ഉപരിയായി പ്രേക്ഷകന് കണക്ട് ആവാൻ കാരണം ഇതിന്റെ തിരക്കഥയാണ്. കഥാപാത്രങ്ങൾ ആരാണ്? അവരുടെ പേഴ്സണൽ ഡ്രാമ എന്താണ്? അവരോട് കാണികൾ എന്തിന് അനുതാപം കാണിക്കണം എന്നൊക്കെ പരി​ഗണിച്ചാണ് കാമറൂണിന്റെ സ്ക്രിപ്റ്റ് റൈറ്റിങ്. മാത്രമല്ല, കഥ വികസിക്കുന്നത് ആക്ഷനിലൂടെയാണ്. കഥാപാത്രങ്ങൾക്ക് മുന്നിൽ നിരന്തരം പ്രതിസന്ധികളുണ്ടാകുന്നു. അവരിതൊക്കെ വിജയിക്കുകയല്ല മറിച്ച് അതിജീവിക്കുകയാണ്. ഈ അതിജീവനം എല്ലാ കാമറൂൺ കഥകളിലും കാണാം. ടെർമിനേറ്ററിന്റെ ആദ്യ ഭാ​ഗത്ത് ആർക്കും നശിപ്പിക്കാൻ പറ്റാത്ത ഒരു സൈബോർ​ഗായാണ് ഈ പ്രതിസന്ധിയെത്തുന്നത്. രണ്ടാം ഭാ​ഗത്ത് ഇതേ കഥാപാത്രം കേന്ദ്ര സ്ഥാനത്തേക്ക് എത്തുമ്പോൾ അതിനെക്കാൾ മാരക ശേഷികളുള്ള ഒരു സൈബോർ​ഗ് കഥയിലേക്ക് കടന്നുവരുന്നു. കേന്ദ്ര കഥാപാത്രം വിജയിച്ചു എന്ന് തോന്നുന്നിടത്ത് പുതിയ വെല്ലുവിളി കാമറൂൺ കൊണ്ടുവന്നിരിക്കും.


Also Read: ക്രിസ്റ്റഫർ നോളൻ: ദ ഡാർക്ക് നൈറ്റ് ഓഫ് ഹോളിവുഡ്


പിന്നീട് ഇറങ്ങിയ 'ദി അബിസ്' വലിയ ഓളം ഉണ്ടാക്കാതിരുന്നപ്പോൾ കാമറൂൺ അർഡനോൾഡിലേക്ക് തന്നെ തിരികെപ്പോയി. 1991ൽ ഇറങ്ങിയ ഫ്രഞ്ച് ഫിലിം 'ലാ ടൊട്ടേലിന്റെ' ഹോളിവുഡ് അഡാപ്ടേഷനായ ട്രൂ ലൈസ് കാമറൂണിന്റെ പരീക്ഷണശാലയായി. ശരിക്കും പറഞ്ഞാൽ സ്പൈ ആക്ഷനും, കോമഡിയും റൊമാൻസും ചേർന്ന ഒരു കോക്ടൈൽ. ഹാരിയർ ജെറ്റിൽ എല്ലാം തവിട് പൊടിയാക്കുന്ന അർനോൾഡ്, ഹൈസ്പീഡ് ബ്രിഡ്ജ് ചേസ്, വലിയ പൊട്ടിത്തെറികൾ. പിന്നെ വീട്ടമ്മയിൽ നിന്ന് ആക്ഷൻ ഹീറോയിനായി പരിണമിക്കുന്ന നായകന്റെ ഭാര്യാ കഥാപാത്രം. ഗോൾഡൻ ​ഗ്ലോബാണ് ഈ പ്രകടനത്തിലൂടെ ജേയ്മി ലീ കർട്ടിസ് നേടിയത്.

കാമറൂൺ സിനിമകളുടെ പ്രത്യേകത അവയിൽ നടക്കുന്ന കാര്യങ്ങൾ ഫ്യൂച്ചറിസ്റ്റിക് ആകുമ്പോഴും അവ ചില റിയൽ ഇമോഷൻസ് പങ്കുവയ്ക്കുന്നുവെന്നതാണ്. അവതാറിലെ അവസാന യുദ്ധരം​ഗം കേവലം ദൃശ്യ ധാരാളിത്തം മാത്രമല്ല. ആ പോരാട്ടം, സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടിക്കൂടിയാണ്.

90കളിലാണ് അവതാർ എന്ന ആശയത്തിൽ കാമറൂൺ എത്തുന്നത്. ആ സമയത്ത് അത്തരമൊരു സിനിമ ഹോളിവുഡിന്റെ സ്വപ്നത്തിൽ പൊലുമുണ്ടായിരുന്നില്ല. മതിയായ സാങ്കേതിക വിദ്യ ഇല്ലാത്തതിനാൽ 400 മില്യൺ ഡോളറാണ് അന്ന് ചെലവ് കണക്കാക്കിയിരുന്നത്. അതുകൊണ്ട് 2005ൽ മാത്രമാണ് അവതാറിനായുള്ള ഒരുക്കങ്ങൾ തുടങ്ങാൻ സാധിച്ചത്.

20th സെഞ്ചുറി ഫോക്സ് സ്റ്റുഡിയോയുമായി സംസാരിച്ച് കാമറൂൺ ഭാവിയിൽ നിർമിക്കാൻ സാധിച്ചേക്കാവുന്ന ഈ സൈ-ഫൈ സിനിമയ്ക്ക് ഒരു ബജറ്റ് നിശ്ചയിച്ചു. ഇതു പ്രകാരം, ഒരു വർഷത്തെ ​ഗവേഷണത്തിനുള്ള ഫണ്ട് സ്റ്റുഡിയോ തരും. പക്ഷേ എങ്ങനെയായിരിക്കും ഈ സിനിമ എന്നതിന് ഒരു സാമ്പിൾ സ്റ്റുഡിയോ ആവശ്യപ്പെട്ടു. അതിനായി കാമറൂൺ ലോകത്തെ പല ഭാ​ഗത്ത് നിന്നും ഡിസൈൻമാരുടെയും ആർട്ടിസ്റ്റുകളുടെയും ഒരു സംഘത്തെ ​ഗവേഷണത്തിനായി ഒരുമിച്ചു കൂട്ടി. പുതിയ ഒരു ലോകം അവിടുത്തെ മനുഷ്യർ...ഇത് സൃഷ്ടിക്കുകയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യം. നിലവിലുള്ള മോഷൻ ക്യാപ്ച്വർ ടെക്നോളജി ഉപയോ​ഗിക്കാനായിരുന്നു ആദ്യ ആലോചന. എന്നാൽ കാമറൂണിന് അത്ര തൃപ്തി തോന്നിയില്ല. ആ സാങ്കേതികവിദ്യയിൽ തന്നെ ചില മാറ്റങ്ങളാണ് കാമറൂൺ ആവശ്യപ്പെട്ടത്. പോസ്റ്റ് പ്രൊഡക്ഷനിൽ, ഷൂട്ട് ചെയ്ത വിഷ്വലിൽ പണിയെടുക്കാൻ സാധിക്കുന്ന തരം ഒരു ഉപകരണവും അവർ നിർമിച്ചു. അവിടെയും തീർന്നില്ല. ഷൂട്ടിങ് പ്രോസസ് തന്നെ റിയൽ ടൈമിൽ നിയന്ത്രിക്കാൻ സാധിക്കണം- അതായിരുന്നു കാമറൂണിന്റെ ആവശ്യം. ആ പിടിവാശിയിൽ നിന്നാണ് പെർഫോമൻസ് ക്യാപ്‌ചർ ടെക്നോളജി ഉണ്ടായിവന്നത്. പൻഡോറ എന്ന ​ഗ്രഹത്തിലെ ഒരോ വ്യക്തിക്കും ജീവൻ തുടിക്കുന്ന കണ്ണുകളും വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ചലനങ്ങളും സാധ്യമാക്കിയത് ഈ സാങ്കേതിക വിദ്യയാണ്. പെർഫോമൻസ് ക്യാപ്‌ചർ ടെക്നോളജി ഉപയോ​ഗിച്ച 37 സെക്കൻഡ് വരുന്ന ഒരു വീഡിയോ നിർമിച്ചാണ് കാമറൂണും സംഘവും സ്റ്റോഡിയോയുടെ വിശ്വാസ്യത നേടിയത്. പിന്നീട് സംഭവിച്ചത് എല്ലാവർക്കും അറിയുന്ന ചരിത്രം.


Also Read: ഡേവിഡ് ഫിഞ്ചർ: ഹോളിവുഡിലെ പെർഫെക്ഷനിസ്റ്റ്


അവതാറിന്റെ രണ്ട് ഭാ​ഗങ്ങളിലും സാങ്കേതിക വിദ്യയിൽ വിപ്ലവം സൃഷ്ടിക്കുക മാത്രമല്ല കാമറൂൺ ചെയ്തത്. ഒരു സ്റ്റേറ്റ്‌മെന്റ് കൂടി പറഞ്ഞു വയ്ക്കുന്നുണ്ട് സംവിധായകൻ. പ്രകൃതിക്ക് മേൽ വളരുന്ന മനുഷ്യന്റെ ത്വര, ഇതര വർ​ഗങ്ങളെയും സ്വരങ്ങളെയും കീഴ‌പ്പെടുത്താനുള്ള ക്യാപിറ്റലിസ്റ്റ് ശ്രമങ്ങൾ. പിന്നെ കുടിയിറക്കലും അധിനിവേശവും. കാമറൂണിനെ ഈ കാലഘട്ടത്തിലെ ഏറ്റവും അപകടകാരിയായ ക്രിയേറ്റീവ് ശബ്ദമാക്കുന്നതും ഇത്തരം ആശയങ്ങളാണ്. ട്രംപിന്റെ അമേരിക്കയിൽ നിന്ന് ന്യൂസിലൻഡിലേക്ക് അയാൾ സ്വയം പറിച്ചു നടാനും കാരണം മറ്റൊന്നല്ല.



അവതാറിൽ കാണുന്ന മാർക്സിസ്റ്റ് വായനകളുടെ സാധ്യത പെട്ടെന്ന് ഒരു ദിവസം കാമറൂണിന്റെ ഫിലിമോ​ഗ്രഫിയിലേക്ക് വിരുന്ന് വന്നതല്ല. അതവിടെ തന്നെയുണ്ടായിരുന്നു. ടൈറ്റാനിക് എന്ന റൊമാന്റിക് ടെയിൽ (Romantic Tale) ശ്രദ്ധിച്ച് നോക്കിയാൽ അനന്തമായി കിടക്കുന്ന കടലിലേക്ക് തുപ്പി പഠിക്കുന്ന റോസിനേയും ജാക്കിനേയും, ദൈവം വിചാരിച്ചാലും മുക്കാൻ സാധിക്കില്ലെന്ന വീമ്പ് പറച്ചിലിൽ പുറപ്പെടുന്ന ടൈറ്റാനിക് എന്ന ഭീമൻ കപ്പലിനുമപ്പുറം വർ​ഗ വിഭജനം ഓരോ ഫ്രയിമിലും കാണാൻ സാധിക്കും. ടൈറ്റാനിക്- വ്യാവസായിക വിപ്ലവത്തിന്റെ ഉപ ഉൽപ്പന്നമായി കാണുന്ന ഭീമാകാര യന്ത്ര നിർമിതികളിൽ ഒന്ന്. അതിലെ യാത്രക്കാരെ തന്നെ പല വിഭാ​ഗങ്ങളായി തിരിച്ചിരിക്കുന്നു. രോ​ഗങ്ങളുണ്ടോ, പേനുണ്ടോ എന്നൊക്കെ പരിശോധിച്ചാൽ മാത്രമേ തേഡ് ക്ലാസ് യാത്രികർക്ക് കപ്പലിലേക്ക് കടക്കാൻ സാധിക്കൂ. ജാക്ക് ഇത് ഒഴിവാക്കുന്നത്, 'ഞാനൊരു അമേരിക്കക്കാരനാണ്. എനിക്ക് പേനുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?', എന്ന് ചോദിച്ചാണ്. യാത്രക്കാരെപ്പോലെ തന്നെ കപ്പലിന്റെ പ്രവർത്തനങ്ങളിലും ഈ വർഗ വിഭജനം കാണാം. മുകളിലെ ഡെക്കിൽ കപ്പലിന്റെ വേ​ഗം കൂട്ടാൻ ആജ്ഞ നൽകുന്ന ക്യാപ്റ്റൻ. നടുക്ക് യന്ത്രസംവിധാനങ്ങൾ. അധോതലത്തിൽ ഈ യന്ത്രങ്ങളേയും കപ്പലിനേ തന്നെയും ചലിപ്പിക്കുന്ന തൊഴിലാളികളുടെ പേശികൾ. ഒടുവിൽ കപ്പൽ കുതിച്ചു പായുമ്പോൾ, അത് യന്ത്രങ്ങളുടെ വിജയം, അതിന്റെ സ്രഷ്ടാക്കളുടെ വിജയം. ടൈറ്റാനിക്കിന്റെ നിർമാണത്തെപ്പറ്റി സിനിമയ്ക്കുള്ളിൽ നടക്കുന്ന ചർച്ചയും ശ്രദ്ധേയമാണ്. ഡിസൈനിങ്ങും പണവുമാണ് ഈ അൽഭുതത്തെ സൃഷ്ടിച്ചതെന്ന ഫസ്റ്റ് ക്ലാസ് വീമ്പ് പറച്ചിലാണ് ഒരു സീനിലെങ്കിൽ മറ്റൊരു സീനിൽ അത് പണിതുയർത്തിയ ഐറിഷ് തൊഴിലാളികളെപ്പറ്റിയാണ് ചർച്ച. താജ് മഹൽ നിർമിച്ചത് ഷാജഹാനോ അതോ കൽപ്പണിക്കാരോ? അതേ പോലെ. ടൈറ്റാനിക്കിന്റെ വലുപ്പത്തിൽ വീമ്പ് പറയുന്ന കപ്പൽ നിർമാതാവിനെ ഫ്രോയിഡിനെ ഓർമിപ്പിച്ച് പുരുഷന്റെ നീളത്തിനെപ്പറ്റിയുള്ള സങ്കൽപ്പനങ്ങളെ പരിഹസിക്കുന്നുണ്ട് റോസ് ഒരു സീനിൽ. അത്തരത്തിൽ നോക്കിയാൽ വേറെയും വായനകൾ ടൈറ്റാനിക് തുറന്നുവയ്ക്കുന്നുണ്ട്.


Also Read: മാർട്ടിൻ സ്കോസെസി: മോഡേൺ ​ഗ്യാങ്സ്റ്റർ സിനിമയുടെ അപ്പോസ്തലന്‍


ഇത്തരം വായനകളും മറുവായനകളും ഒരുക്കുമ്പോഴും ജെയിംസ് കാമറൂൺ എന്ന മനുഷ്യൻ എന്തോ തേടിക്കൊണ്ടിരിക്കുകയാണ്. ഒരു പര്യവേഷകന്റെ ഹൃദയമാണ് ജെയിംസ് കാമറൂണിന്റേത്. കടലിന്റെ ആഴങ്ങളിലും പുതിയ ഒരു കണ്ടുപിടുത്തത്തിലും അയാൾ തിരയുന്നത് അടുത്ത സിനിമയ്ക്കുള്ള ആശയമല്ലെന്ന് ഉറപ്പാണ്. കാരണം വെറും ഒൻപത് സിനിമകൾ മാത്രമാണ് കാമറൂൺ ഇതുവരെ എടുത്തിട്ടുള്ളത്. 1968ൽ ഹൈസ്കൂൾ കാലത്ത് എഴുതിത്തുടങ്ങിയ The Abyss 1988ലാണ് സിനിമയാക്കുന്നത്. അവതാറിന്റെ കാര്യവും സമാനമാണ്. തന്റെ കഥകളെ പരമാവധി വളരാനും പരിണമിക്കാനും അവസരം കൊടുക്കുന്ന സംവിധായകനാണ് കാമറൂൺ. ഇനിയിപ്പോ 200 വർഷം ജീവിച്ചെന്നു പറഞ്ഞാലും അധികം സിനിമകൾ തന്നിൽ നിന്ന് പ്രതീക്ഷിക്കരുതെന്ന് കാമറൂൺ പറയാനും കാരണം അതാണ്. ചില വെളിപാടുകൾ, നല്ലതും ചീത്തയുമായുള്ള ചില സ്വപ്നങ്ങൾ, അതിൽ വന്നു പോകുന്ന സൈബോർ​ഗുകളും നാവികളും മറ്റ് അനേകം പേരിടാത്ത ജീവരാശികളും...അയാൾ ബോധത്തിലും അബോധത്തിലും തേടുകയാണ്. അയാളിലൂടെ നമ്മളും.

KERALA
"കോൺഗ്രസ് പദ്ധതികളുടെ പിതൃത്വം ഒരു നാണവുമില്ലാതെ ഏറ്റെടുക്കുന്നു"; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശവുമായി കെ. മുരളീധരൻ
Also Read
user
Share This

Popular

IPL 2025
KERALA
രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക്; ശബരിമലയിൽ ദർശനം നടത്തും