
ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് വോട്ടർമാർ ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. 238 സ്ഥാനാർഥികൾക്കൊപ്പം മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയും ഇന്ന് മത്സരരംഗത്തുണ്ട്. അപ്നി പാർട്ടി നേതാവ് അൽത്താഫ് ബുഖാരി, ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്ന എന്നിവരാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്ന മറ്റ് പ്രമുഖർ. 26 ലക്ഷത്തോളം വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേക്കെത്തും. ബദ്ഗാം, ശ്രീനഗർ, ഗണ്ടേർബാൾ, പൂഞ്ച്, രജൗരി ജില്ലകളിലാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക.
സെപ്തംബർ 18ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്നത്തെ വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബർ ഒന്നിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുക. ഒക്ടോബർ അഞ്ചിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയ്‌ക്കൊപ്പം ഒക്ടോബർ എട്ടിനാണ് ജമ്മു കശ്മീരിലേയും വോട്ടെണ്ണൽ.
ഒരു ദശാബ്ദത്തിനിടെ ജമ്മു കശ്മീരിൽ നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന പോളിംഗ് (60.21 ) ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്നുള്ള അഭയാർഥികൾ ആദ്യമായി വോട്ട് ചെയ്യുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്.