"സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ പരിഹരിക്കും, പരസ്യ പ്രസ്താവന നടത്തുന്ന സമസ്ത നേതാക്കൾക്കെതിരെ കർശന നടപടി"; താക്കീതുമായി ജിഫ്രി തങ്ങൾ

പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളുമായി നടത്തിയ സമവായ ചർച്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം
"സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ പരിഹരിക്കും, പരസ്യ പ്രസ്താവന നടത്തുന്ന സമസ്ത നേതാക്കൾക്കെതിരെ കർശന നടപടി"; താക്കീതുമായി ജിഫ്രി തങ്ങൾ
Published on

സമസ്തയിലെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ നിർണായക ഇടപെടലുമായി ലീഗ് സമസ്ത നേതൃത്വങ്ങൾ. സമസ്തയിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും, പ്രശ്നപരിഹാരത്തിനിടയിൽ പരസ്യപ്രസ്താവന നടത്തിയാൽ നടപടിയെടുക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഇരു വിഭാഗത്തിൽ നിന്നുള്ളവർക്ക് പറയാനുള്ളത് കേട്ടെന്നും, അന്തിമ തീരുമാനം സംയുക്ത സമിതി ഉടൻ കൈക്കൊള്ളുമെന്നും സാദിഖലി തങ്ങളും പറഞ്ഞു. സമസ്തയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോഴിക്കോട് ഹൈസൺ ഹോട്ടലിൽ വച്ചാണ് സമസ്ത-ലീഗ് നേതൃത്വങ്ങൾ തമ്മിൽ ഇന്ന് ചർച്ച നടന്നത്.

അനുരഞ്ജന ചർച്ചയിൽ സമസ്തയിലെ ലീഗ് അനുകൂല -ലീഗ് വിരുദ്ധ വിഭാഗങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയും, രേഖപ്പെടുത്തുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓരോ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് ജിഫ്രി തങ്ങളും, സാദിഖലി തങ്ങളും ഇരു വിഭാഗങ്ങൾക്കും ഉറപ്പുനൽകി. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുമ്പ് പരസ്യമായ ഏറ്റുമുട്ടലും, വിവാദ പരാമർശങ്ങളും ഒഴിവാക്കണമെന്ന പൊതു തീരുമാനവും ചർച്ചയിൽ ഉണ്ടായി. തീരുമാന ലംഘിച്ച് പരസ്യപ്രസ്താവനയിലേക്ക് കടന്നാൽ കർശന നടപടി ഉണ്ടാകുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ മുന്നറിയിപ്പു നൽകി.




ഇരുവിഭാഗങ്ങളിൽ നിന്നുമായി പത്ത് വീതം നേതാക്കന്മാർ പങ്കെടുത്തു. ജിഫ്രി തങ്ങളെ കൂടാതെ എംടി അബ്ദുല്ല മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാരും, ലീഗിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ചർച്ചയിൽ പങ്കെടുത്ത പ്രധാന നേതാക്കൾ.


അതേസമയം കേന്ദ്ര മുശാവറയിൽ നിന്ന് മുസ്തഫൽ ഫൈസിയെ സസ്പെൻഡ് ചെയ്ത തീരുമാനം പിൻവലിക്കണമെന്നും, സമസ്ത പത്രമായ സുപ്രഭാതത്തിൽ നയ വ്യതിയാനം ഉണ്ടാകരുതെന്നും സമസ്തയിലെ ലീഗ് അനുകൂലികൾ ചർച്ചയിൽ ഉന്നയിച്ചു. സിഐസി പ്രശ്നത്തിൽ സമസ്ത എടുത്ത തീരുമാനം അംഗീകരിക്കണമെന്ന ആവശ്യമാണ് ലീഗ് വിരുദ്ധ ചർച്ചയിൽ ഉന്നയിച്ചത്.
സമസ്തയ്ക്കകത്തെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് മാർച്ച് ഒന്നിന് ചർച്ച നടത്തുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇന്ന് കോഴിക്കോട് വെച്ച് അനുരഞ്ജന ചർച്ച നടന്നതും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com