

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. വെടിനിര്‍ത്തല്‍ പ്രഖ്യാപനം രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നെങ്കില്‍ നഷ്ടപ്പെട്ട ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. സംഘര്‍ഷ ബാധിതരായ സാധാരണക്കാര്‍ക്ക് ദുരിതാശ്വാസ നടപടികള്‍ വേഗത്തിലാക്കാനും ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്‍കി.
പാകിസ്ഥാന്‍ ഡിജിഎംഒ (directors general of military operation) ഇന്ത്യന്‍ ഡിജിഎംഒയെ വിളിച്ചതിനു പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. നാശനഷ്ടങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ടത് ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ സാധാരണക്കാര്‍ക്ക് സര്‍ക്കാരിന്റെ കീഴില്‍ ആവശ്യമായ ചികിത്സ ഉറപ്പാക്കണം. പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ ആക്രമണത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നാശനഷ്ടങ്ങളുടെ അന്തിമ വിലയിരുത്തല്‍ നടത്തി അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഉടന്‍ തന്നെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. കര-വ്യോമ-നാവിക മേഖലയിലെ എല്ലാ സൈനിക നീക്കങ്ങളും അവസാനിപ്പിച്ചതായി കേന്ദ്ര സര്‍ക്കാരും പാകിസ്ഥാനും അറിയിച്ചു. വെടിനിര്‍ത്തലില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തലെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളി.