രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണ പരാതി; ഹോട്ടൽ രജിസ്റ്റർ പരിശോധിച്ചാൽ വിശദാംശങ്ങൾ ലഭിക്കും: ജോഷി ജോസഫ്

സിനിമയുടെ പ്രൊഡ്യൂസർ സുബൈറാണ് ഹോട്ടലിൽ നടിക്ക് റൂം എടുത്ത് നൽകിയതെന്നും മോശം അനുഭവം ഉണ്ടായതിനെ തുടർന്ന് നടി തന്നെ വിളിച്ചിരുന്നെന്നും ജോഷി ജോസഫ് വ്യക്തമാക്കി
രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണ പരാതി; ഹോട്ടൽ രജിസ്റ്റർ പരിശോധിച്ചാൽ വിശദാംശങ്ങൾ ലഭിക്കും: ജോഷി ജോസഫ്
Published on


സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തിൽ പ്രതികരണവുമായി സാക്ഷിയും ഡോക്യുമെന്‍ററി സംവിധായകനുമായ ജോഷി ജോസഫ്. സിനിമയുടെ പ്രൊഡ്യൂസർ സുബൈറാണ് ഹോട്ടലിൽ നടിക്ക് റൂം എടുത്ത് നൽകിയതെന്നും മോശം അനുഭവം ഉണ്ടായതിനെ തുടർന്ന് നടി തന്നെ വിളിച്ചിരുന്നെന്നും ജോഷി ജോസഫ് വ്യക്തമാക്കി. ഹോട്ടൽ ഉടമകൾ മാറിയതിനാൽ രജിസ്റ്റർ കിട്ടുമോ എന്നറിയില്ലെന്നും പഴയ രജിസ്റ്റർ ഉണ്ടെങ്കിൽ പരിശോധിച്ചാൽ വിശദാംശങ്ങൾ ലഭിക്കുമെന്നും തെളിവെടുപ്പിന് ശേഷം സംവിധായകൻ പറഞ്ഞു.

കൊച്ചിയിൽ നടക്കുന്ന റിയൽ ജസ്റ്റിസ് എന്ന സംവാദ പരിപാടിയിൽ പങ്കെടുക്കാൻ ബംഗാളി നടി ഉദ്ദേശിച്ചിരുന്നു. എന്നാൽ മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നതായി പിന്നീട് പറഞ്ഞു. അതുകൊണ്ടാണ് കൊച്ചിയിലേക്കുള്ള യാത്ര ഒഴിവാക്കിയത്. മറ്റു സമ്മർദ്ദങ്ങൾ ഉണ്ടോ എന്നറിയില്ലെന്നും ജോഷി ജോസഫ് പറഞ്ഞു.

ലൈംഗികാരോപണ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ജോഷി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബംഗാളി നടിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് അറിയാമെന്ന് നിരവധി പേർ തന്നോട് പറഞ്ഞതായും സംവിധായകൻ പറഞ്ഞു.  സംവിധായകനെതിരെ മൊഴി നൽകാൻ നടി സെപ്റ്റംബർ 10 ന് കൊച്ചിയിൽ എത്തുമെന്നും ജോഷി ജോസഫ് പറഞ്ഞിരുന്നു.

ഹേമകമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് നടിയുടെ പരാതി അന്വേഷിക്കുന്നത്. ജി. പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. സിനിമയുടെ പേരിൽ നടിയെ കത്രിക്കടവിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ദുരുദ്ദേശ്യപരമായി ശരീരത്തിൽ തൊട്ടുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. പാലേരി മാണിക്യം സിനിമയിലേക്കുള്ള ഒഡിഷനെത്തിയ തന്നെ ലൈംഗിക താല്‍പ്പര്യത്തോടെ തൊട്ടുവെന്നാണ് നടി വെളിപ്പെടുത്തിയത്.

അതേസമയം, ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന യുവാവിൻ്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടുണ്ട്. ബാംഗ്ലൂരിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചു വരുത്തി മദ്യ ലഹരിയിലായിരുന്ന രഞ്ജിത്ത്, നഗ്നനായി കാണണമെന്ന് ആവശ്യപ്പെട്ട ശേഷം വളരെ മോശമായി പെരുമാറിയതായും ലൈംഗികമായി ദുരുപയോഗം ചെയ്തതായുമാണ് യുവാവിന്‍റെ പരാതി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com