ട്രംപിൻ്റെ ശിക്ഷ ഈ മാസം 18ന് വിധിക്കാനാണ് കോടതി നിശ്ചയിച്ചിരുന്നത്. എന്നാൽ വിധി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ചൂണ്ടികാട്ടി ട്രംപിൻ്റെ അഭിഭാഷകൻ കോടതിയെ സമീപ്പിച്ചിരുന്നു.
ഹഷ് മണി കേസിൽ യുഎസ് മുൻ പ്രസിഡൻറ് ട്രംപിനെതിരെ ശിക്ഷ വിധിക്കുന്നത് മാറ്റി വച്ചു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി പറഞ്ഞു. നവംബർ 26നാണ് ശിക്ഷ വിധിക്കുക. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപിൻ്റെ ശിക്ഷ ഈ മാസം 18ന് വിധിക്കാനാണ് കോടതി നിശ്ചയിച്ചിരുന്നത്. എന്നാൽ വിധി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ചൂണ്ടികാട്ടി ട്രംപിൻ്റെ അഭിഭാഷകൻ കോടതിയെ സമീപ്പിച്ചിരുന്നു.
ട്രംപിനെതിരായ ആരോപണങ്ങളുമായി രംഗത്തെത്തിയ മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ആൽവിൻ ബ്രാഗ് ഒരു ഡെമോക്രാറ്റ് പാർട്ടി അംഗമാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനുള്ള നീക്കമാണിതെന്നും ട്രംപിൻ്റെ അഭിഭാഷകൻ വാദിച്ചു. ഇതിന് പിന്നാലെയാണ് വിധി പറയുന്ന നവംബർ 26 ലേക്ക് മാറ്റിയത്. പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് വിധി പ്രഖ്യാപനം മാറ്റിവച്ചതെന്നും ഹർജി പരിഗണിച്ച ജഡ്ജ് മെർച്ചൻ വ്യക്തമാക്കി.
Also Read; അമേരിക്കൻ ഉത്പന്നങ്ങളുടെ ബഹിഷ്കരണം; ഗാസ യുദ്ധത്തിന് പിന്നാലെ കൊക്കക്കോള, പെപ്സി വിൽപനയിൽ വൻ ഇടിവ്
2016ലെ തെരഞ്ഞെടുപ്പിനു മുമ്പ് മൗനം പാലിച്ചതിന് അശ്ലീല നടി സ്റ്റോമി ഡാനിയൽസിന് നൽകിയ 1,30,000 ഡോളർ മറയ്ക്കാൻ ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നാണ് ട്രംപിനെതിരായ കേസ്. ട്രംപുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നെന്നും സ്റ്റോമി ഡാനിയേൽസ് ആരോപിച്ചിരുന്നു.