
ആഗോളതലത്തിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ ദിവസമായി ജൂലൈ 21. യൂറോപ്യൻ യൂണിയൻസ് കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസിൻ്റെ പ്രാഥമിക കണക്കുകൾ പ്രകാരമാണ് ജൂലൈ 21 ചരിത്രത്തിലെ ഏറ്റവും ചൂടുള്ള ദിവസമായി രേഖപ്പെടുത്തിയത്.
ഞായറാഴ്ചത്തെ ആഗോള ശരാശരി ഉപരിതല വായുവിൻ്റെ താപനില 17.09 ഡിഗ്രി സെൽഷ്യസ് (62.76 ഡിഗ്രി ഫാരൻഹീറ്റ്) വരെ എത്തിയിരുന്നു. അവസാനത്തെ റെക്കോർഡ് ആയ കഴിഞ്ഞ ജൂലൈയിലെ 17.08 C (62.74 F) എന്ന റെക്കോർഡിനേക്കാൾ അല്പം കൂടുതലാണ് ജൂലൈ 21ലേത്. കഴിഞ്ഞ ഒരാഴ്ചയായി യു.എസ്., റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ വലിയ താപനിലയാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വർഷത്തെ റെക്കോർഡ് ഇത്തവണ മറികടന്നതായി കോപ്പർനിക്കസ് കഴിഞ്ഞ ദിവസം റോയിട്ടേഴ്സിനെ അറിയിക്കുകയായിരുന്നു.
കാലാവസ്ഥ വ്യതിയാനവും, ഏപ്രിലിൽ ഉണ്ടായ എൽനിനോ പ്രതിഭാസവും മൂലം, 2024 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായിരിക്കുമെന്നും 2023നെ മറികടക്കുമെന്നും നേരത്തെ കാലാവസ്ഥ വിദഗ്ധർ അറിയിച്ചിരുന്നു.