2017 ന് നിലവിൽ വന്ന കമ്മിറ്റി 2019 ൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെയും പുറത്തു വിട്ടിട്ടില്ല.
സിനിമാരംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു വേണ്ടി ഇതുവരെ ചെലവഴിച്ചത് ഒരു കോടിയിലധികം രൂപ. 2017 ല്‍ നിലവില്‍ വന്ന കമ്മിറ്റി 2019 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷമാണ് ജസ്റ്റിസ് കെ ഹേമ, നടി ശാരദ, റിട്ടയേര്‍ഡ് ഐ എ എസ് കെബി വത്സലകുമാരി എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
സിനിമാ മേഖലയില്‍ വനിതകള്‍ നേരിടേണ്ടി വരുന്ന തൊഴില്‍ ചൂഷണങ്ങളും മറ്റ് സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഹേമ കമ്മിറ്റി. 2017 ന് രൂപീകരിച്ച കമ്മിറ്റിയുടെ ഇതുവരെയുള്ള ചെലവ് ഒരു കോടി ആറു ലക്ഷത്തി അന്‍പത്തിഅയ്യായിരം രൂപയാണ്. യാത്രാ ചെലവുകള്‍ക്കും ഹോട്ടലുകളിലെ താമസത്തിനും വേണ്ടിയാണ് ഇത്രയും ചെലവായത്. ഒരു കോടിക്ക് മുകളില്‍ പണം ചെലവാക്കി സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചുവെങ്കിലും ഇതുവരെയും റിപ്പോര്‍ട്ട് പുറത്തുവിടാനോ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പാക്കാനോ സര്‍ക്കാര്‍ ഒരു നീക്കവും സ്വീകരിച്ചില്ല.
ഒടുവില്‍ കഴിഞ്ഞദിവസം സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ എഎ ഹക്കീം ഈ ഉത്തരവ് പുറത്തു വിടണമെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വിവരാവകാശ നിയമ പ്രകാരം വിലക്കുള്ളവ ഒഴികെ ഒന്നും മറച്ചു വെക്കരുതെന്നും വ്യക്തികളുടെ സ്വകാര്യത ലംഘിക്കരുതെന്നും വിവരാവകാശ കമ്മീഷന്റെ നിര്‍ദേശത്തിലുണ്ട്.