ജസ്റ്റിസ് സഞ്ജീവ് ഖന്ന 51-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ നവംബർ 11ന്
ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചു. ഡി.വൈ. ചന്ദ്രചൂഢാണ് തൻ്റെ പിൻഗാമിയായി സഞ്ജീവ് ഖന്നയുടെ പേര് നിർദേശിച്ചത്. നവംബർ 11ന് പുതിയ ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്യും.
കേന്ദ്ര നിയമ മന്ത്രി അർജുന്‍ റാം മേഘ്‍വാള്‍ എക്സിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
"ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരം വിനിയോഗിച്ച്, ബഹുമാനപ്പെട്ട രാഷ്ട്രപതി, ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷം, സുപ്രീം കോടതി ജഡ്ജിയായ ശ്രീ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചു . 2024 നവംബർ 11 മുതൽ ഇത് പ്രാബല്യത്തിൽ വരും", അർജുന്‍ റാം എക്സില്‍ കുറിച്ചു.
Also Read: ഖലിസ്ഥാനികള്‍ ഇന്ത്യൻ വിദ്യാർഥികളെ എങ്ങനെ സ്വാധീനിക്കുന്നു; വിശദീകരിച്ച് തിരിച്ചുവിളിക്കപ്പെട്ട ഇന്ത്യന്‍ ഹൈക്കമ്മീഷണർ
സുപ്രീം കോടതി ജസ്റ്റിസായ ശേഷം നിരവധി സുപ്രധാന വിധികള്‍ സഞ്ജയ് ഖന്ന പുറപ്പെടുവിച്ചിട്ടുണ്ട്. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് നിയമപരമായി പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ സംഭാവനകൾ നൽകാൻ അനുമതി നൽകുന്ന ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിൻ്റെ ഭാഗമായിരുന്നു അദ്ദേഹം. സഞ്ജയ് ഖന്ന അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കഴിഞ്ഞ വർഷം ആർട്ടിക്കിള്‍ 370 റദ്ദാക്കിയത്. മദ്യനയ അഴിമതിക്കേസില്‍ നീണ്ടകാലം ജയില്‍വാസം അനുഭവിച്ചിരുന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനു ജാമ്യം അനുവദിച്ചത് സഞ്ജീവ് ഖന്നയുടെ ബെഞ്ചായിരുന്നു.
2019ലാണ് ജസ്റ്റിസ് സഞ്ജയ് ഖന്ന സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. അതിനു മുന്‍പ് ഡല്‍ഹി ഹൈക്കോടതിയിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. 2025, മെയ് 13നാണ് അദ്ദേഹം വിരമിക്കുന്നത്.

