രാജ്യത്ത് ഖലിസ്ഥാനി സാന്നിധ്യമുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് ജസ്റ്റിൻ ട്രൂഡോ

ഒട്ടാവയിലെ പാർലമെൻ്റ് ഹില്ലിൽ നടന്ന ദീപാവലി ആഘോഷ ചടങ്ങിൽ പങ്കെടുക്കവെയാണ് കനേഡിയൻ പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്
രാജ്യത്ത് ഖലിസ്ഥാനി സാന്നിധ്യമുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് ജസ്റ്റിൻ ട്രൂഡോ
Published on


ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധത്തിലെ വിള്ളൽ വർധിക്കുന്നതിനിടയിൽ ആദ്യമായി രാജ്യത്ത് ഖലിസ്ഥാനി സാന്നിധ്യം സ്ഥിരീകരിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയ്ക്കുള്ളിൽ ഖലിസ്ഥാന് പിന്തുണ നൽകുന്ന ഒരു വിഭാഗമാളുകൾ ഉണ്ടെന്നും ഇവരൊന്നും സിഖ് കമ്മ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യുന്നവരല്ലെന്നും ട്രൂഡോ പറഞ്ഞു. ഒട്ടാവയിലെ പാർലമെൻ്റ് ഹില്ലിൽ നടന്ന ദീപാവലി ആഘോഷ ചടങ്ങിൽ പങ്കെടുക്കവെയാണ് കനേഡിയൻ പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്.

"കാനഡയിൽ ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന നിരവധി പേരുണ്ട്. എന്നാൽ അവർ സിഖ് സമുദായത്തെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നില്ല. കാനഡയിൽ മോദി സർക്കാരിനെ പിന്തുണയ്ക്കുന്നവരുണ്ട്. എന്നാൽ അവർ എല്ലാ കനേഡിയൻ ഹിന്ദുക്കളെയും മൊത്തത്തിൽ പ്രതിനിധീകരിക്കുന്നവരല്ല," ട്രൂഡോ പറഞ്ഞു.

2023 ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് ഖലിസ്ഥാൻവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അടുത്തിടെ കാനഡയിലെ ഒൻ്റാറിയോ ബ്രാംപ്ടണിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ കോൺസുലർ ക്യാമ്പ് നടത്തുന്നതിനിടെ ഹിന്ദു മഹാസഭാ മന്ദിറിന് മുന്നിൽ ഇന്ത്യക്കെതിരെ ഖലിസ്ഥാനി അനുകൂലികൾ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. ആക്രമണത്തിൽ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സർക്കാരിലെ കേന്ദ്രമന്ത്രിയായ അനിത ആനന്ദും പ്രതികരിച്ചു. പിന്നാലെ കാനഡയിലെ പ്രതിപക്ഷ നേതാവും ആക്രമണത്തെ അപലപിച്ച് രംഗത്ത് വന്നിരുന്നു.


കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ഖലിസ്ഥാനി ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തിയ നടപടി ഭീരുത്വശ്രമങ്ങളാണെന്നും പ്രധാനമന്ത്രി വിമർശിച്ചു. "ഇത്തരം അക്രമങ്ങൾ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തില്ല. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു," പ്രധാനമന്ത്രി എക്സിൽ കുറിച്ചു. തീവ്രവാദികളും വിഘടനവാദികളും നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നുവെന്നും, എല്ലാ ആരാധനാലയങ്ങൾക്കും മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മോദിയുടെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com