മാർക്സിസ്റ്റ് പാർട്ടിയുടെ ക്രിമിനൽ സ്വഭാവം ചർച്ച ചെയ്യാതിരിക്കാനാണ് നിലവിലെ ഷർട്ടൂരൽ ചർച്ചയെന്നാണ് കെ. മുരളീധരൻ്റെ ആരോപണം
മുഖ്യമന്ത്രിയുടെ സനാതന ധർമ പ്രസ്താവന ബിജെപിയെ സഹായിക്കാനെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ക്ഷേത്രങ്ങളിലെ തന്ത്രിമാരാണ് ആചാരങ്ങൾ തീരുമാനിക്കേണ്ടതെന്നും ഇത് രാഷ്ട്രീയപരമായി എടുക്കേണ്ട തീരുമാനമല്ലെന്നും മുരളീധരൻ പറഞ്ഞു. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമാണുള്ളതെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.
മാർക്സിസ്റ്റ് പാർട്ടിയുടെ ക്രിമിനൽ സ്വഭാവം ചർച്ച ചെയ്യാതിരിക്കാനാണ് നിലവിലെ ഷർട്ടൂരൽ ചർച്ചയെന്നാണ് കെ. മുരളീധരൻ്റെ ആരോപണം. മുഖ്യമന്ത്രി ബോധപൂർവം കുഴിച്ചകുഴിയിൽ എല്ലാവരും വീണെന്നും സനാതന ധർമം എടുത്തിട്ടത് ബിജെപിയെ സഹായിക്കാനെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.
വലതുമുന്നണി വികസനത്തിൽ, മുന്നണി വിട്ടവർ തിരിച്ചു വരണമെന്ന് മുരളീധരൻ പറഞ്ഞു. മുന്നണി വികസനം നേരത്തെ നടത്തേണ്ടതായിരുന്നു. ഉചിതമായ തീരുമാനം നേതാക്കളെടുക്കുമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെയായിരുന്നു കെ. മുരളീധരൻ്റെ പ്രസ്താവന. ആരുടേയും മുമ്പിൽ വാതിൽ കൊട്ടി അടക്കാൻ പാടില്ല. അൻവർ നിലപാട് വ്യക്തമാക്കട്ടെയെന്നും നേതാവ് പറഞ്ഞു.
മുഖ്യമന്ത്രി ചർച്ചയ്ക്ക് സമയമായില്ലെന്ന് തന്നെയാണ് കെ. മുരളീധൻ്റെയും പക്ഷം. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയാരാകുമെന്ന ചർച്ചയുണ്ടാവേണ്ടതെന്ന് പറഞ്ഞ മുരളീധരൻ്റെ പ്രസ്താവനയിൽ രമേശ് ചെന്നിത്തലക്കെതിരെ ഒളിയമ്പുമുണ്ടായിരുന്നു. ചെന്നിത്തല പരിപാടിക്ക് പോകുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നു, ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല. ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആകില്ല. അതിന് ചില ചിട്ട വട്ടങ്ങൾ ഉണ്ടെന്നും മുരളീധരൻ പറഞ്ഞു.
എല്ലാ സമുദായങ്ങളും കോൺഗ്രസിനോട് അടുക്കുന്നത് നല്ല കാര്യമാണെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് കാലഘട്ടം അസ്തമിച്ചു. നേതാക്കൻമാർക്ക് സ്ഥാനങ്ങൾ കിട്ടാനാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് എല്ലാവർക്കും ഇപ്പോൾ അറിയാം. വിളിക്കുന്ന സ്ഥലത്ത് എല്ലാരും പോകാറുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം ഈ ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ച് ചർച്ച വരുന്നത് അസ്വാഭാവികമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ്റെ പക്ഷം. വാർത്തകൾ സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. കോൺഗ്രസിന്റെ മുഖ്യമന്ത്രിയാരാവും എന്നതിനെക്കുറിച്ച് ആരും വിഷമിക്കേണ്ടെന്നും ഹസ്സൻ പറഞ്ഞു.
ALSO READ: അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഇപ്പോൾ ഒരു ചർച്ചാവിഷയം അല്ലെന്നാണ് ഹസ്സൻ്റെ പ്രസ്താവന. കോൺഗ്രസിനെ അവർ വളരെ കാലം എതിർത്തു. ജമാഅത്തെ ഇസ്ലാമിയുടെ പാർട്ടി വർഗീയമാണോ എന്ന് തീരുമാനിക്കേണ്ടത് ഇലക്ഷൻ കമ്മീഷനാണ്, കോൺഗ്രസ് അല്ലെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.