പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ച എംഎൽഎ മാർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്
കെ എസ് യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ച എംഎൽഎമാർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കഴിഞ്ഞദിവസം കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ച് എംഎൽഎ മാരായ ചാണ്ടി ഉമ്മൻ, എം.വിൻസെൻ്റ് എന്നിവർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ഇവർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ചാണ് കെ എസ് യു സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്. പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു
എം. ജി റോഡ് ഉപരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രകടനമായി തിരികെ മടങ്ങിയ പ്രവർത്തകർ സംസ്കൃത കോളേജിനു മുന്നിലുണ്ടായിരുന്ന എസ് എഫ് ഐയുടെ കൊടികളും നശിപ്പിച്ചു. കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിൻ്റെ നേതൃത്വത്തിലായിരുന്നു സെക്രട്ടേറിയറ്റ് മാർച്ച് . എസ് എഫ് ഐക്കെതിരെ വരും ദിവസങ്ങളിലും സമരം തുടരുമെന്ന് കെ എസ് യു അറിയിച്ചു.