വെള്ളാപ്പള്ളിക്ക് അഭിപ്രായം പറയാം; പക്ഷെ സതീശനെതിരെ അങ്ങനൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല: കെ. സുധാകരന്‍

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ അതിന്റെ സമയത്ത് നടക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു
വെള്ളാപ്പള്ളിക്ക് അഭിപ്രായം പറയാം; പക്ഷെ സതീശനെതിരെ അങ്ങനൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല:  കെ. സുധാകരന്‍
Published on


കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് സംവാദങ്ങളില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. വെള്ളാപ്പള്ളിക്ക് അഭിപ്രായം നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വി.ഡി. സതീശനെതിരെ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും അത്തരം ഒരു പ്രതികരണം ഉണ്ടാവുമെന്ന് കരുതിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

വി.ഡി. സതീശന്‍ അധികാരമോഹിയാണെന്ന തരത്തില്‍ വെള്ളാപ്പള്ളി സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും വി.ഡി. സതീശന്‍ വെറുതെ പ്രതിപക്ഷ നേതാവായ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ അതിന്റെ സമയത്ത് നടക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയാണ് യോഗ്യന്‍ എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയിലും സുധാകരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തലയ്ക്ക് എന്താണ് അയോഗ്യത? രമേശ് ചെന്നിത്തല ഇന്നലെ വന്ന നേതാവല്ലെന്നും വിദ്യാര്‍ഥി യൂണിയന്‍ കാലം മുതലേ കോണ്‍ഗ്രസ് നേതൃത്വവുമായി പ്രവര്‍ത്തിച്ചു വരുന്നയാളാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാകണം എന്ന ചര്‍ച്ച പോലും ഇതുവരെ തുടങ്ങിയിട്ടില്ല. അതിന് മുമ്പ് തന്നെ പാര്‍ട്ടിക്കകത്ത് എങ്ങനെ തര്‍ക്കം വരാനാണ്? ഈ വിഷയത്തില്‍ ഒരു തര്‍ക്കവും നിലവില്‍ ഇല്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. പക്വതയും രാഷ്ട്രീയ വിവേകവുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നേരത്തെയും കേരളം ഭരിച്ചിട്ടുള്ള പാര്‍ട്ടിയുമാണ് കോണ്‍ഗ്രസ് എന്നും സുധാകരന്‍ പറഞ്ഞു.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ വിവാദ പ്രസ്താവനയിലും കെ. സുധാകരന്‍ പ്രതികരണം രേഖപ്പെടുത്തി. വിജയരാഘവന്‍ എന്ത് രാഷ്ട്രീയക്കാരന്‍ ആണെന്നും വിജയരാഘവന്റെ പരാമര്‍ശം ബിജെപി - സിപിഐഎം അന്തര്‍ധാരയുടെ ഭാഗമാണെന്നും സുധാകരന്‍ പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com