'സരിൻ ചതിയൻ'; നിർണായക സമയത്ത് ചതിച്ചു, പോയത് സീറ്റ് മോഹിച്ചെന്ന് കെ. സുധാകരൻ

'സരിൻ ചതിയൻ'; നിർണായക സമയത്ത് ചതിച്ചു, പോയത് സീറ്റ് മോഹിച്ചെന്ന് കെ. സുധാകരൻ

സന്ദീപ് വാരിയർ വന്നത്‌ പാർട്ടിക്ക് ഗുണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സരിൻ യുഡിഎഫ്- എസ് ഡി പിഐ ബന്ധം ആരോപണത്തിലും സുധാകരൻ മറുപടി പറഞ്ഞു. യുഡിഎഫ് ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നായിരുന്നു സുധാകരൻ്റെ പ്രതികരണം.
Published on


പാലക്കാട് എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച മുൻ കോൺഗ്രസ് നേതാവ് ഡോ. പി. സരിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സരിനെ ചതിയനെന്ന് വിളിച്ചുകൊണ്ടായിരുന്നു പരാമർശം. നിർണായക സമയത്ത് സരിൻ ചതിച്ചു. സീറ്റ് മോഹിച്ചാണ് പോയത് ഇനി തിരിച്ചു വന്നാലും പാർട്ടിക്ക് വേണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

അതേ സമയം ചേലക്കരയിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. നിർത്തിയത് നല്ല സ്ഥാനാർത്ഥിയെ തന്നെയാണ്. ഭൂരിപക്ഷം കുറക്കാൻ ആയത് പാർട്ടിയുടെ വിജയമാണെന്നും, പ്രാദേശിക അണികൾക്കിടയിൽ പരാതിയുണ്ടെന്ന് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു.


സന്ദീപ് വാര്യർ വന്നത്‌ പാർട്ടിക്ക് ഗുണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സരിൻ യുഡിഎഫ്- എസ്ഡിപിഐ ബന്ധം ആരോപണത്തിലും സുധാകരൻ മറുപടി പറഞ്ഞു. യുഡിഎഫ് ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നായിരുന്നു സുധാകരൻ്റെ പ്രതികരണം.

പാലക്കാട് മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാ‍ർഥി രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പാലക്കാട് വിജയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് 58,389 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാ‍ർ 39,549 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള എൽഡിഎഫ് സ്വതന്ത്ര സ്ഥാനാ‍ർഥി പി. സരിൻ നേടിയത് 37,293 വോട്ടുകളാണ്. വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ലോക്സഭയിലേക്ക് ജയിച്ചു കയറിയത്. ചേലക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പരാജയപ്പെടുകയും ചെയ്തിരുന്നു.

മുനമ്പം സമരവുമായി ബന്ധപ്പെട്ടും സുധാകരൻ നിലപാട് വ്യക്തമാക്കി. മുനമ്പത്ത് താമസിക്കുന്നവർക്ക് അവരുടെ ഭൂമി തിരികെ കിട്ടണം. ജുഡീഷ്യൽ കമ്മിഷൻ സമയം എടുത്താലും തെറ്റില്ല എന്നായിരുന്നു പ്രതികരണം.





News Malayalam 24x7
newsmalayalam.com