യുഡിഎഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കാൻ വേണ്ടി മാത്രമാണ് അൻവറിന്റെ ഒപ്പം നിന്നത്
കേരള രാഷ്ട്രീയ ചരിത്രത്തിലെ യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും ഈ ഉപതെരഞ്ഞടുപ്പിലൂടെ ഉണ്ടാവുകയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ശുഭപ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെയും ശക്തമായ തിരിച്ചുവരവായിരിക്കും. പാലക്കാടും ചേലക്കരയിലും കോൺഗ്രസിന് വിജയം ഉറപ്പാണെന്നും കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസ് എന്താണെന്ന് കാണിക്കാനുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ മരിച്ച് വീണ് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരോടും സഹായം ചോദിക്കും. അത് പരാജയ ഭീതികൊണ്ടല്ല. പാലക്കാടും ചേലക്കരയും അൻവറിന് കുറച്ചു വോട്ടുണ്ട്. യുഡിഎഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കാൻ വേണ്ടി മാത്രമാണ് അൻവറിന്റെ ഒപ്പം നിന്നത്. ചേലക്കരയിൽ അൻവറിന്റെ സ്ഥാനാർഥി ഒരു വെല്ലുവിളിയല്ല. വിജയിക്കാൻ അൻവറിന്റെ സഹായം ഇല്ലാതെ നടക്കില്ല എന്ന നിലയില്ല. പാലക്കാട് ബിജെപിക്കും സ്ഥാനാർഥിക്കും കുറച്ച് വോട്ടുകൾ ഉണ്ട്. എന്നാൽ അതിൽ തങ്ങൾക്ക് ആശങ്കയില്ലെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെയും കെ. സുധാകരൻ വിമർശനമുന്നയിച്ചു. ദിവ്യയെ ചോദ്യം ചെയ്യാൻ പൊലീസ് സമ്മതിക്കില്ല. പൊലീസിന്റെ സംരക്ഷണത്തിലാണ് പി. പി. ദിവ്യ. സംഭവത്തിൽ ജുഡീഷണൽ അന്വേഷണം ആവശ്യമാണ്. ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും കെ. സുധാകരൻ ആരോപിച്ചു.
ALSO READ: രാഹുലിനൊപ്പം വയനാടിന്റെ പ്രിയം തേടി പ്രിയങ്ക; ജനസാഗരമായി കല്‍പ്പറ്റ
എഡിഎമ്മിന്റെ കുടുംബവും സിപിഎമ്മാണ്. ആ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എന്ത് സ്ഥാനമാണുള്ളത്. സിപിഎമ്മിലേക്ക് വരുന്ന ഫണ്ടിന് വേണ്ടി ദിവ്യയും ആഗ്രഹിച്ചിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അന്വേഷണം വേണം. കേരളത്തിൽ മുഖ്യമന്ത്രിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.വി. അൻവർ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പാലക്കാടും ചേലക്കരയും സ്ഥാനാർഥികളെ നിർത്തിയത് വാർത്തയായിരുന്നു. തുടർന്ന് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുമെന്നും സ്ഥാനാർഥിയെ പിൻവലിക്കുമെന്നും അറിയിച്ചു. അതേസമയം ചേലക്കരയിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും സ്ഥാനാർഥിയെ പിൻവലിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.