സംഭവം വിവാദമായതോടെ രോഷ പ്രകടനത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.യു. ജനീഷ് കുമാര്‍ പ്രതികരിച്ചു. വാക്കുകള്‍ കടുത്തുപോയെന്നും ജനങ്ങള്‍ തന്നോട് പ്രതികരിച്ചത് ഇതിലും രൂക്ഷമായ രീതിയില്‍ ആണെന്നും കെ.യു. ജനീഷ് കുമാര്‍ പറഞ്ഞു.
പത്തനംതിട്ട കോന്നി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നടത്തിയ രോഷ പ്രകടനത്തിൽ വിശദീകരണവുമായി കെ.യു. ജനീഷ് കുമാര്‍ എംഎൽഎ . ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. നിരന്തരം വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമത്തിനെതിരെ ജനങ്ങള്‍ നടത്തിയ ഒരു പ്രതിഷേധയോഗത്തിൽ പങ്കെടുക്കുന്നതിനായാണ് എത്തിയത്. അപ്പോഴാണ് ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ഗര്‍ഭിണിയായ ഭാര്യ വിളിച്ച്, കഴിഞ്ഞ ദിവസം കാട്ടാന ഷോക്കേറ്റ് മരിച്ച കേസില്‍ അവരുടെ ഭര്‍ത്താവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വിവരം പറയുന്നതെന്ന് എംഎൽഎ വ്യക്തമാക്കി.
ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലാണ് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. തുടർന്നാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഫോറസ്റ്റ് ഓഫീസിൽ എത്തിയത്. ഫോറസ്റ്റ് ഓഫീസിൽ നടന്ന സംഭാഷണത്തിൽ ചില പരാമർശങ്ങൾ എടുത്ത് മാധ്യമങ്ങൾ വിമർശിക്കുന്നതായി കണ്ടു. അത്തരം പരാമർശങ്ങളല്ല ആ നാടും അവർക്കുവേണ്ടി ഞാൻ ഉയർത്തിയ വിഷയവുമാണ് പ്രധാനം. തലപോയാലും ജനങ്ങൾക്കൊപ്പമെന്നും എംഎൽഎ കുറിച്ചു.
സംഭവം വിവാദമായതോടെ രോഷ പ്രകടനത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.യു. ജനീഷ് കുമാര്‍ പ്രതികരിച്ചു. വാക്കുകള്‍ കടുത്തുപോയെന്നും ജനങ്ങള്‍ തന്നോട് പ്രതികരിച്ചത് ഇതിലും രൂക്ഷമായ രീതിയില്‍ ആണെന്നും കെ.യു. ജനീഷ് കുമാര്‍ പറഞ്ഞു. വികാര പ്രകടനം അല്‍പ്പം കടന്നുപോയെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കെ.യു. ജനീഷ് കുമാര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞ കേസില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തയാളെ മോചിപ്പിക്കാന്‍ എത്തിയപ്പോഴാണ് എംഎല്‍എ രോഷത്തോടെ സംസാരിച്ചത്. സ്റ്റേഷന്‍ കത്തിക്കുമെന്നും വീണ്ടും നക്‌സലുകള്‍ വരുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തിയിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം;
"പാടത്തെ ഫോറസ്റ്റ് ഓഫീസിലെ സംഭവത്തെക്കുറിച്ച്.
തലപോയാലും ജനങ്ങള്‍ക്കൊപ്പം
നിരന്തരം വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമത്തിനെതിരെ ജനങ്ങള്‍ ഒരു പ്രതിഷേധയോഗം നടത്തുകയുണ്ടായി. അതില്‍ പങ്കെടുക്കാനാണ് ആ ദിവസം അവിടെ എത്തുന്നത്. അപ്പോഴാണ് ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ഗര്‍ഭിണിയായ ഭാര്യ വിളിച്ച്, കഴിഞ്ഞ ദിവസം കാട്ടാന ഷോക്കേറ്റ് മരിച്ച കേസില്‍ അവരുടെ ഭര്‍ത്താവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വിവരം പറയുന്നത്.
അപ്പോള്‍ത്തന്നെ, ഉയര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. പ്രദേശവാസികൾ പറയുന്നത് പ്രകാരം, കാട്ടാന ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് "ഇന്നലെ മാത്രം 11 പേരെ" ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാട്ടാനയുടെ മരണത്തിന്റെ മറവില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സമീപ ദിവസങ്ങളിൽ ചില ഉദ്യോഗസ്ഥർ ശ്രമിച്ചത് എന്നാണ് ഇതിലൂടെ മനസിലാക്കുന്നത്.
തുടര്‍ന്നാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരേയും കൂട്ടി പാടം ഫോറസ്റ്റ് ഓഫീസില്‍ എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അന്യായമായി കസ്റ്റഡിയില്‍വച്ചിരിക്കുകയാണെന്ന് മനസിലാക്കുന്നത്.
ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലാണ് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
പുറത്തുവന്ന വീഡിയോയിലെ ഒന്ന് രണ്ട് പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
അത്തരം പരാമര്‍ശങ്ങളല്ല, ആ നാടും അവര്‍ക്കുവേണ്ടി ഞാന്‍ ഉയര്‍ത്തിയ വിഷയവുമാണ് പ്രധാനം.
ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സമീപനത്തിൽ പല തീവ്ര സംഘടനകളും ജനങ്ങള്‍ക്കിടയില്‍ ദുഷ്പ്രചരണം നടത്തി മുതലെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തേണ്ടിവന്നതും.
ഞാന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ക്കൊപ്പംനിന്ന് നയിക്കും. തലപോയാലും ജനങ്ങള്‍ക്കൊപ്പം
- കെ യു ജനീഷ് കുമാർ എം എൽ എ"