
കൊച്ചിക്കാരുടെ കുട്ടനാട് എന്ന് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനൊരു സ്ഥലമുണ്ട് കൊച്ചിയിൽ. തിരക്കിട്ട ജീവിതത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം മനോഹരമായ ഒരു സായാഹ്നം ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കടമക്കുടിയിലേക്ക് പോകാം. വേമ്പനാട്ടു കായലിനു നടുവിലായി പ്രകൃതി ഒളിപ്പിച്ചുവച്ച സുന്ദരഭൂമി കാണാം.
കൊച്ചു കൊച്ചു ദ്വീപുകളും ചെമ്മീൻകെട്ടുകളും പൊക്കാളിപ്പാടങ്ങളുമെല്ലാം അങ്ങനെ പരന്നു കിടക്കുകയാണ്. തിരക്കുപിടിച്ച നഗര ജീവിതത്തിനിടയിൽ ഒന്ന് റിലാക്സാകാൻ കൊച്ചിക്കാർക്ക് കടമക്കുടിയേക്കാൾ മികച്ച മറ്റൊരിടമില്ല. നഗരത്തിൽ നിന്ന് വെറും എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കടമക്കുടി എത്താം. വലിയ കടമക്കുടി, ചെറിയ കടമക്കുടി ദ്വീപുകളാണ് ഏറ്റവും പ്രശസ്തം.
വൈകുന്നേരങ്ങളിൽ കായലിലൂടെ ബോട്ട് യാത്ര നടത്തി കടമക്കുടിയുടെ വശ്യ സൗന്ദര്യത്തെ അടുത്തറിയാം. പൊക്കാളിപ്പാടങ്ങളിലൂടെ പ്രകൃതിയോട് ചേർന്ന് നടക്കാം. അന്യദേശങ്ങളിൽനിന്നു വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളെ കാണാം. ഒട്ടനവധി ഏറുമാടങ്ങളും ദ്വീപുകളിലുണ്ട്. അതിമനോഹരമാണ് ഇവിടുത്തെ അസ്തമയക്കാഴ്ചകൾ. ചക്രവാള സീമയിൽ ചെഞ്ചുവപ്പു പടരുന്നത് കണ്ടു നിന്നാൽ കടമക്കുടിയുടെ സന്ധ്യകളിൽ അലിഞ്ഞു ചേരാൻ തോന്നും.