കെ.വി. അശോകന്‍ നടത്തിയ ഒണ്‍ലൈന്‍, നിക്ഷേപ തട്ടിപ്പുകള്‍ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു
കെ.വി. അശോകന്‍
കൈരളി മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിവിധ ബ്രാഞ്ചുകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കേരള ബാങ്ക് മുൻ സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസറും സിപിഎം നേതാവുമായിരുന്ന കെ.വി. അശോകന്‍ ലക്ഷങ്ങൾ വാങ്ങിയെന്ന് ജീവനക്കാർ. കേന്ദ്ര സർക്കാർ സ്ഥാപനമാണെന്ന് തെറ്റിധരിപ്പിച്ച് 12 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് ഉദ്യോഗാർഥികളിൽ നിന്നും അശോകൻ വാങ്ങിയത്. 33 ബ്രാഞ്ചുകളിലായി 200 പേരോളം തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്ന് കൈരളി സൊസൈറ്റി ജീവനക്കാരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ക്ലർക്കിന് 12 ലക്ഷം, ജൂനിയർ മാനേജറിന് 18 ലക്ഷം, മാനേജർ പോസ്റ്റിന് 25 ലക്ഷം, എന്നിങ്ങനെ പണം നൽകിയാണ് ഓരോ ജീവനക്കാരനും കൈരളി സൊസൈറ്റിയിൽ ജോലി ലഭിച്ചതെന്ന് ജീവനക്കാരന്‍ വെളിപ്പെടുത്തി.
"ക്ലർക്കിൻ്റെ കൈയിൽ നിന്ന് ആദ്യം വാങ്ങിയത് പത്തും രണ്ടുമാണ് (ലക്ഷം). പുതിയ സ്റ്റാഫിൻ്റെ കൈയിൽ നിന്നും ക്ലർക്ക് പോസ്റ്റിന് പത്തും മൂന്നും , പത്തും നാലും (ലക്ഷം) വാങ്ങും. മാനേജർ പോസ്റ്റിന് ഇരുപതും അഞ്ചും വാങ്ങും. മാനേജറിന് ഇരുപതാണ് ഡെപ്പോസിറ്റ്. അഞ്ച് ലക്ഷം രൂപ എക്‌സ്‌ട്രയും വരും", ജീവനക്കാരൻ പറഞ്ഞു.
ജീവനക്കാരില്‍ നിന്നും പണം വാങ്ങിയെന്നതിന്‍റെ തെളിവായി അവർക്ക് ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. എന്നാല്‍ കമ്മീഷനായി കോർഡിനേറ്റേഴ്സിന് കൊടുക്കുന്ന അധിക തുകയ്ക്ക് അത്തരത്തിലൊരു തെളിവും ലഭിക്കില്ല.
Also Read: EXCLUSIVE | തൃശൂർ കേന്ദ്രീകരിച്ച് 800 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; പിന്നിൽ സിപിഎം നേതാവ്
12 ലക്ഷം രൂപ നൽകി ക്ലർക്ക് തസ്തികയിൽ ജോലിക്ക് കയറുന്ന വ്യക്തിക്ക് 18,000 രൂപയാണ് ശമ്പളം. മാനേജർ തസ്തികയിലെ ജോലിക്ക് 25000 രൂപ വരെ ശമ്പളം ലഭിക്കും. സ്ഥാപനം കേന്ദ്ര സർക്കാരിൻ്റെ കീഴിലാണ് എന്നും ഉടനെ ഈ സ്ഥാപനം കേന്ദ്ര സർക്കാർ ഏറ്റെടുക്കും അപ്പോൾ കേന്ദ്ര സർക്കാർ ജീവനക്കാരാകും എന്നും അശോകന്‍ വാഗ്ദാനം ചെയ്യാറുണ്ടെന്ന് ജീവനക്കാരന്‍ പറയുന്നു. ജോലിക്ക് സർക്കാർ ആനുകൂല്യങ്ങളും അശോകന്‍ വാഗ്‌ദാനം ചെയ്യാറുണ്ട്. സ്ഥാപനത്തിലെ തട്ടിപ്പ് തിരിച്ചറിഞ്ഞ് ജോലിയിൽ നിന്ന് പുറത്ത് വന്നവർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന പേരിൽ വാങ്ങിയ പണം പോലും അശോകൻ തിരികെ നൽകിയിട്ടില്ല എന്നും ആക്ഷേപവുമുണ്ട്. ക്യാപിറ്റൽ ബോക്‌സിലേക്ക് നിക്ഷേപം നൽകിയ പണം തിരികെ ചോദിച്ചവരോട് കൈരളി സൊസൈറ്റിയിൽ പണം വാങ്ങിയാണ് ആളുകളെ ജോലിക്ക് എടുക്കുന്നത് എന്ന് അശോകൻ സമ്മതിക്കുന്നുണ്ട്.
"രണ്ട് മാസത്തെ വരവ് വളരെ കുറവാണ്. മൂന്ന് നാല് വിഷയങ്ങളുണ്ട്. ഇപ്പോ ഈ 30 ബ്രാഞ്ചിലായിട്ട് 160 സ്റ്റാഫുണ്ട്. ഈ സ്റ്റാഫിൻ്റെ കൈയിൽ നിന്ന് ഡെപ്പോസിറ്റ് വാങ്ങിയിട്ടാണ് ബ്രാഞ്ചുകളിൽ ജോലിക്ക് എടുത്തിരിക്കുന്നത്. മാസം ഇവർക്ക് ശമ്പളം കൊടുക്കണമെങ്കിൽ നല്ലൊരു ഫണ്ട് വേണം", ഡെപ്പോസിറ്റ് തുക തിരികെ ആവശ്യപ്പെട്ട നിക്ഷേപകയോട് അശോകന്‍ പറയുന്നു.
കൈരളി സൊസൈറ്റിയുടെ 33 ബ്രാഞ്ചുകളിലായി 200 പേരോളം തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്ന് ജീവനക്കാർ പറഞ്ഞു. പുതിയതായി ആരംഭിക്കാൻ പോകുന്ന ബ്രാഞ്ചുകളിലേക്ക് പണം വാങ്ങിയുള്ള നിയമനങ്ങൾ ഇപ്പോഴും തുടരുകയാണ്.
Also Read: 'കള്ളപ്പണം വെളുപ്പിച്ചിട്ടില്ല'; 800 കോടിയുടെ നിക്ഷേപ തട്ടിപ്പ് നിഷേധിച്ച് കെ.വി. അശോകൻ
മുന്‍പ് കെ.വി. അശോകന്‍ നടത്തിയ ഒണ്‍ലൈന്‍, നിക്ഷേപ തട്ടിപ്പുകള്‍ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. അശോകന്‍ ചെയർമാനായ കൈരളി അഗ്രികൾച്ചർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിലൂടെയായിരുന്നു നിക്ഷേപ തട്ടിപ്പ്. 800 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നതായായിരുന്നു ന്യൂസ് മലയാളത്തിന്‍റെ കണ്ടെത്തല്‍. വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിച്ചും കള്ളപ്പണം വെളുപ്പിച്ച് നൽകിയുമാണ് തട്ടിപ്പ് നടത്തിയത്. പല തവണകളായി എഴോളം ധനകാര്യ സ്ഥാപനങ്ങൾ രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഓൺലൈൻ ട്രേഡിങ്ങും മറ്റും ഉപയോഗിച്ചാണ് തട്ടിപ്പെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അര ലക്ഷത്തോളം പേരാണ് അശോകന്‍റെ നേതൃത്വത്തിലുള്ള നിക്ഷേപ തട്ടിപ്പിന് ഇരയായത്.