"കലാ രാജുവിനെ സിപിഎം തട്ടിക്കൊണ്ടുപോയെന്നത് കള്ളം, മാത്യു കുഴൽനാടന്റെ ഹുങ്കിനും പണത്തിനും കീഴടങ്ങില്ല,": പി.ബി. രതീഷ്

കലാ രാജു വോട്ട് ചെയ്യാൻ വന്നപ്പോൾ കോൺഗ്രസിന്റെ ഗുണ്ടകൾ അവരുടെ കുട്ടികളെ തടഞ്ഞു വെച്ച് ഭീഷണിപെടുത്തി. കലാ രാജുവിനെ മാത്രമല്ല മക്കളെയും കോൺഗ്രസ്‌ തട്ടിക്കൊണ്ടുപോയി
"കലാ രാജുവിനെ സിപിഎം തട്ടിക്കൊണ്ടുപോയെന്നത് കള്ളം, മാത്യു കുഴൽനാടന്റെ ഹുങ്കിനും പണത്തിനും കീഴടങ്ങില്ല,": പി.ബി. രതീഷ്
Published on

കൂത്താട്ടുകുളം നഗരസഭയില്‍ വനിത കൗണ്‍സില‍ർ കലാ രാജുവിനെ സിപിഎം തട്ടിക്കൊണ്ടുപോയെന്നത് കള്ളമെന്ന് സിപിഎം ഏരിയ സെക്രട്ടറി പി.ബി. രതീഷ്. കലാ രാജുവിനെ തടഞ്ഞു വെച്ചത് കോൺഗ്രസ്‌ പ്രവർത്തകരാണ്. കലാ രാജു വോട്ട് ചെയ്യാൻ വന്നപ്പോൾ കോൺഗ്രസിന്റെ ഗുണ്ടകൾ അവരുടെ കുട്ടികളെ തടഞ്ഞു വെച്ച് ഭീഷണിപെടുത്തി. കലാ രാജുവിനെ മാത്രമല്ല മക്കളെയും കോൺഗ്രസ്‌ തട്ടിക്കൊണ്ടുപോയി. ഒരു എംഎൽഎ തന്നെ ഇതിനെല്ലാം നേതൃത്വം കൊടുത്തുവെന്നും പി.ബി. രതീഷ് പറഞ്ഞു.

മാത്യു കുഴൽനാടൻ എംഎൽഎയെ വെല്ലുവിളിച്ച ഏരിയ സെക്രട്ടറി, എല്ലാത്തിനും പിന്നിൽ മാത്യു കുഴൽനാടനാണെന്ന് ആരോപിച്ചു. മാത്യു കുഴൽനാടന്റെ ഹുങ്കിനും പണത്തിനും കീഴടങ്ങില്ല. തട്ടിക്കൊണ്ടു പോകലിന് നേതൃത്വം കൊടുത്തത് കുഴൽനാടനാണ്. കലാ രാജു സംസാരിക്കുന്നത് കോൺഗ്രസിന്റെ തോക്കിൻ കുഴലിന് മുമ്പിൽ. എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത് ദുരൂഹമെന്നും പി.ബി. രതീഷ് പറഞ്ഞു. കലാ രാജു എൽഡിഎഫിനെതിരെ വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല, വിശ്വാസ പ്രമേയത്തിൽ നിന്ന് അകന്നു നിൽക്കണം എന്ന് പറയാനാണ് ശ്രമിച്ചതെന്നും പി.ബി. രതീഷ് പറഞ്ഞു.

കലാ രാജുവിന്റെ ഭർത്താവ് സഹകരണ ബാങ്കിൽനിന്ന് പത്ത് ലക്ഷം രൂപ വായ്പയെടുത്തു. പിന്നീട് 24 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു. ഒറ്റത്തവണ തീർപ്പാക്കലിൽ കലാ രാജു ലോൺ അടച്ചുതീർത്തു. ആഗ്രഹിച്ച ഇളവ് ബാങ്കിൽനിന്ന് ലഭിച്ചില്ല എന്നതാണ് കലാ രാജുവിന്റെ പരാതി. സഹകരണ മേഖലയ്ക്ക് എതിരായി സിപിഎം പ്രവർത്തിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ദൈന്യമായ സാഹചര്യത്തെ കോൺഗ്രസ് ഉപയോഗിച്ചുവെന്നും പി.ബി. രതീഷ് പറഞ്ഞു.

വനിത കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രാഷ്ട്രീയപോര് രൂക്ഷമാകുകയാണ്. തട്ടിക്കൊണ്ടു പോയവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് കൗണ്‍സിലര്‍ കല രാജു പറഞ്ഞിരുന്നു. തട്ടിക്കൊണ്ടു പോകല്‍ വിവാദത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കൗണ്‍സിലര്‍ കലാ രാജു ഉന്നയിക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ വസ്ത്രം വലിച്ച് കീറിയെന്നും കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും കലാ രാജു പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com