
കളമശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരീക്ഷ എഴുതാന്‍ ജാമ്യം നല്‍കണമെന്ന ആകാശിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് കൊടതി പറഞ്ഞു. പ്രതി ആകാശിനെ 14 ദിവസം റിമാൻഡ് ചെയ്തിരുന്നു. ആകാശാണ് വിദ്യാർഥികൾക്ക് കഞ്ചാവ് വിറ്റിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ ജാമ്യം അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോടതി എത്തിയത്.
മാർച്ച് 13ന് രാത്രി കളമശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ അഭിരാജ്, ആകാശ്, ആദിത്യൻ എന്നീ വിദ്യാർഥികളെ പൊലീസ് അറസ്റ്റും ചെയ്തു. ഇതിൽ അഭിരാജ്, ആദിത്യൻ എന്നീ വിദ്യാർഥികളെ സ്റ്റോഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഹോളി ആഘോഷത്തിനായാണു കഞ്ചാവ് എത്തിച്ചതെന്നും കഞ്ചാവ് വിതരണത്തിന് വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് നടത്തിയെന്നും പൊലീസ് കണ്ടെത്തൽ. ഇതാദ്യമായാണ് കേരളത്തിലെ ഒരു കോളേജ് ഹോസ്റ്റലിൽ നിന്ന് ഇത്രയും ഉയർന്ന അളവിൽ കഞ്ചാവ് പിടികൂടുന്നത്.
ഹോസ്റ്റലിലെ രണ്ട് മുറികളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത് 1.97 കിലോഗ്രാം കഞ്ചാവാണ്. ഈ സമയം ആകാശ് മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്ന് കണ്ടെടുത്തത് 9.7 ഗ്രാം കഞ്ചാവാണ്. ഈ സമയം യൂണിയൻ ഭാരവാഹി കൂടിയായ അഭിരാജും മുറിയിൽ ഉണ്ടായിരുന്നില്ല. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പുലർച്ചെ നാല് മണിവരെ ഏഴ് മണിക്കൂറോളം പരിശോധന നീണ്ടു. തൃക്കാക്കര എസിപി പി.വി. ബേബി, നാർക്കോട്ടിക് എസിപി പി. അബ്ദുൽ സലാം എന്നിവരുടെ നേൃത്വത്തിലായിരുന്നു പരിശോധന. വിദ്യാർഥികള്‍ക്ക് കഞ്ചാവ് കൈമാറിയിരുന്ന ബംഗാൾ സ്വദേശികളായ സോഹൈൽ, അഹെന്തോ മണ്ഡൽ എന്നിവരും പിടിയിലായിട്ടുണ്ട്.