ഉറച്ച നിലപാടുകൾ, അന്ധവിശ്വാസങ്ങൾക്കെതിരെ അവസാനിക്കാത്ത പോരാട്ടം; കൽബുർഗിയുടെ ഓർമയിൽ

2015 ഓഗസ്റ്റ് 30ലെ പ്രഭാതത്തിൽ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ അദ്ദേഹത്തിൻ്റെ നെഞ്ചിലേക്കും കഴുത്തിലേക്കും വെടിയുതിർക്കുകയായിരുന്നു.
ഉറച്ച നിലപാടുകൾ, അന്ധവിശ്വാസങ്ങൾക്കെതിരെ അവസാനിക്കാത്ത പോരാട്ടം; കൽബുർഗിയുടെ ഓർമയിൽ
Published on

കന്നഡയിലെ ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ എം.എം. കൽബുർഗിയെ ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഒമ്പത് വർഷം. അന്ധവിശ്വാസത്തിനെതിരെയും വിഗ്രഹാരാധനക്കെതിരെയും നിലപാടുകൾ സ്വീകരിച്ച കൽബുർഗിയുടെ ജീവിതം തീവ്രഹിന്ദുത്വത്തിനെതിരായ ചെറുത്തുനിൽപ് തന്നെയായിരുന്നു.തീവ്ര ഹിന്ദുത്വ നിലപാടിനെതിരെ ശബ്ദമുയർത്തിയതിനെ തുടർന്ന് നിശബ്ദമാക്കപ്പെട്ട ജീവിതമാണ് എംഎം കർബുർഗിയുടേത്. 2013ൽ നരേന്ദ്ര ധഭോൽകറിനും 2015ൽ ഗോവിന്ദ് പൻസാരെയ്ക്കും ശേഷം ഹിന്ദുത്വ തീവ്രവാദികൾ ഇല്ലാതാക്കിയ ശബ്ദം. കർണാടകയിലെ വിഖ്യാത ഭാഷാ പണ്ഡിതനും ചിന്തകനുമായിരുന്ന എം.എം. കൽബുർഗിയ്ക്ക് വിശേഷണങ്ങളേറെയാണ്.

ഡോ. എം.എം. കൽബുർഗി എന്ന മല്ലേഷ മടിവലപ്പ കൽബുർഗി. അന്ധവിശ്വാസത്തിനും വിഗ്രഹാരാധനയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജീവിതം. മരണം വരെ ആ പോരാട്ടമാണ് അദ്ദേഹത്തെ നയിച്ചത്. അതേ പോരാട്ടമാണ് ആ ജീവൻ എടുക്കാൻ അക്രമികളെ പ്രേരിപ്പിച്ചതും. സ്വന്തം സമുദായത്തിൽ നിന്നുതന്നെയാണ് കൽബുർഗിയ്ക്ക് ആദ്യം ഭീഷണി ഉയരുന്നത്. അത് പൊലീസ് സുരക്ഷയിൽ ജീവിക്കേണ്ട സാഹചര്യം വരെയെത്തിച്ചിരുന്നു. പിന്നീടും ആ നിലപാടുകൾ ഭീഷണികളെ ക്ഷണിച്ചുവരുത്തി. അത് കുടുംബത്തിനു നേരെ ഉയർന്നു . വീടിന് നേർക്ക് കല്ലേറുൾപ്പടെ നേരിട്ടു. വിവാദ പരാമർശങ്ങൾ പിൻവലിക്കേണ്ടി വന്നപ്പോഴും തൻ്റെ മനോഭാവത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

തീവ്രസംഘങ്ങൾ ജനങ്ങളിൽ കുത്തിവെച്ച അന്ധവിശ്വാസത്തിനെതിരെയും വിഗ്രഹാരാധനക്കെതിരെയും ശക്തമായ നിലപാടുകൾ സ്വീകരിച്ചു കൽബുർഗി. കൽബുർഗിയുടെ പുരോഗമന ചിന്തകൾ തന്നെയായിരുന്നു അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട കുറ്റവും. 2015 ഓഗസ്റ്റ് 30ലെ പ്രഭാതത്തിൽ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ അദ്ദേഹത്തിൻ്റെ നെഞ്ചിലേക്കും കഴുത്തിലേക്കും വെടിയുതിർക്കുകയായിരുന്നു.തനിക്കു ചുറ്റുമുയർന്ന അനേകം ഭീഷണികൾക്കു ചെവി കൊടുക്കാതെ എല്ലാ അനാചാരങ്ങളേയും ഒരേ ശക്തിയോടെ എതിർത്ത കൽബുർഗിയുടെ ജീവിതം അവിടെ അവസാനിച്ചു. രാജ്യത്തെ പിന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചവർക്കെതിരേ കൽബുർഗി ഉയർത്തിയ ആശയങ്ങൾ ഏറ്റെടുക്കാൻ ആ ഗ്രാമത്തിൽ ഇന്നും വലിയൊരു ജനതയുണ്ട്. അതാണ് കൽബുർഗി എന്ന ശക്തി.

1938ൽ വിജയപുരാ ജില്ലയിലെ യറഗല്ല ഗ്രാമത്തിൽ മഡിവാളൻ-ഗുറമ്മ ദമ്പതികളുടെ മകനായാണ് കൽബുർഗിയുടെ ജനനം. സിന്ദഗി, ബിജാപുര, ധർവാഡ് എന്നിവിടങ്ങളിൽ പഠനം. 1983 വരെ കർണ്ണാട സർവ്വകലാശാലയിൽ പ്രൊഫസറായി. പിന്നീട് അവിടെ തന്നെ വകുപ്പുമേധാവിയായി. വിദ്യാർഥി ഭാരതി എന്ന പത്രം തുടങ്ങി. 107 കൃതികൾ പ്രസിദ്ധീകരിച്ചു. കന്നഡ ഹംപി സർവകലാശാല വൈസ് ചാൻസലറായിരുന്ന കൽബുർഗി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും അർഹനായിട്ടുണ്ട്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com