കടുവ സൈലൻ്റ് വാലി വനമേഖലയിലേതാണെന്നും വനം വകുപ്പിൻ്റെ ഡാറ്റ ലിസ്റ്റിലെ കടുവയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്
മലപ്പുറം കാളികാവിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ച സ്ഥലത്തിന് സമീപമാണ് സാന്നിധ്യം കണ്ടെത്തിയത്. സാന്നിധ്യം കണ്ടെത്തിയതായി ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ സ്ഥിരീകരിച്ചു. കടുവ സൈലൻ്റ് വാലി വനമേഖലയിലേതാണെന്നും വനം വകുപ്പിൻ്റെ ഡാറ്റ ലിസ്റ്റിലെ കടുവയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
കടുവയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നതിനിടെ നിലമ്പൂർ സൗത്ത് ഡിഎഫ്ഒ കെ. ധനിക് ലാലിന് സ്ഥലം മാറ്റിയതിൽ ഡോ. അരുൺ സക്കറിയ അതൃപ്തി അറിയിച്ചു. ഡിഎഫ്ഒയുടെ സ്ഥലം മാറ്റം കടുവാ ദൗത്യത്തെ ബാധിക്കും. നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയത് എന്നും അരുൺ സക്കറിയ പ്രതികരിച്ചു. തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിലേക്കാണ് കെ. ധനിക് ലാലിനെ സ്ഥലം മാറ്റിയത്. എസിഎഫ് കെ. രാകേഷിനാണ് പകരം ചുമതല നൽകിയത്.
ALSO READ: ആശങ്കയൊഴിയാതെ കാളികാവ്; നരഭോജി കടുവയ്ക്കായി തെരച്ചിൽ ഊർജിതം
മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഗഫൂറിനെയാണ് റബ്ബർ ടാപ്പിങ്ങിനിടെ കടുവ അക്രമിച്ച് കൊലപ്പെടുത്തിയത്. കടുവ പുറകുവശത്തിലൂടെ ഗഫൂറിനു നേരെ ചാടി വീഴുകയായിരുന്നു. ശേഷം മൃതദേഹം സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. കൂടെ ടാപ്പിങ് നടത്തിയ സമദ് എന്ന തൊഴിലാളിയാണ് ഗഫൂറിനെ കടുവ ആക്രമിച്ച വിവരം പുറത്തറിയിച്ചത്. തുടർന്ന് വനം വകുപ്പ്- ആർആർടി സംഘങ്ങളുടെ പരിശോധനയിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരുന്നത്. ഗഫൂറിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും ഡിഎഫ്ഒ ധനിക് ലാല്‍ അറിയിച്ചിരുന്നു.