fbwpx
"യുഎസിന്‍റെ ആദർശങ്ങള്‍ ഉപേക്ഷിക്കുന്നു, മാന്ദ്യം ക്ഷണിച്ച് വരുത്തുന്നു"; ട്രംപിനെ വിമർശിച്ച് കമലാ ഹാരിസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 01 May, 2025 06:33 PM

ട്രംപിന്റെ രണ്ടാം ഭരണകാലം യാഥാസ്ഥിതിക നയ രൂപരേഖയായ പ്രോജക്റ്റ് 2025ൽ പറഞ്ഞിരിക്കുന്നതുപോലെയാണെന്നും കമലാ ഹാരിസ് ആരോപിച്ചു

WORLD


യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്ത് 100 ദിവസം പൂർത്തിയാക്കിയ ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് മുൻ വൈസ് പ്രസി‍‍ഡന്റ് കമലാ ഹാരിസ്. ട്രംപ് ഭരണകൂടം യുഎസിന്‍റെ 'പരമോന്നതമായ ആദർശങ്ങളെ' മൊത്തത്തിൽ ഉപേക്ഷിക്കുന്നതിനാണ് രാജ്യം സാക്ഷിയായതെന്നായിരുന്നു കമലയുടെ വിമർശനം. സാൻ ഫ്രാൻസിസ്കോയിൽ നടന്ന പരിപാടിയിൽ ഡെമോക്രാറ്റിക് പാർട്ടി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമലാ ഹാരിസ്.

ഡൊണാൾഡ് ട്രംപിന്റെ ആക്രമണോത്സുകമായ അജണ്ടകളെ എതിർത്ത് 'ധീരമായി പ്രവർത്തിക്കുന്നവരെ' പ്രശംസിക്കാനും കമലാ ഹാരിസ് മറന്നില്ല. കോൺ​ഗ്രസ് അംഗങ്ങളെ മുതൽ പ്രസിഡന്‍റിന്‍റെ ഭരണഘടനാ വിരുദ്ധ നടപടികളെ ധിക്കരിക്കുന്ന സർവകലാശാലകളെ വരെ അഭിനന്ദിച്ചുകൊണ്ടായിരുന്നു കമലയുടെ പ്രസം​ഗം. സാമൂഹിക സുരക്ഷ സംരക്ഷിക്കാൻ അണിനിരക്കുന്ന എല്ലാ യുഎസ് പൗരന്മാരെയും നേതാക്കളെയും യുഎസ് മുൻ വൈസ് പ്രസിഡന്റ് പ്രശംസിച്ചു.

Also Read: സാമ്പത്തിക സഹായങ്ങൾക്ക് പകരം ധാതുവിഭവങ്ങൾ; ചരിത്രപരമായ കരാറിൽ ഒപ്പിട്ട് യുഎസും യുക്രെയ്‌നും



ട്രംപിന്റെ രണ്ടാം ഭരണകാലം യാഥാസ്ഥിതിക നയ രൂപരേഖയായ പ്രോജക്ട് 2025-ൽ പറഞ്ഞിരിക്കുന്നതുപോലെയാണെന്നും കമലാ ഹാരിസ് ആരോപിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയിൽ ഒട്ടും ജനപ്രീതിയില്ലാത്ത പ്രോജക്ട് 2025ൽ നിന്ന് പരമാവധി അകന്നു നിൽക്കാനാണ് ട്രംപ് ശ്രമിച്ചത്. എന്നാൽ അധികാരത്തിലെത്തിയതിനു ശേഷം ട്രംപ് സ്വീകരിച്ച നടപടികൾ വിവാദ നയരേഖയുമായി ചേർന്നു നിൽക്കുന്നതായിരുന്നു. ഫെഡറൽ ഉദ്യോ​ഗസ്ഥരെ ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി പിരിച്ചുവിട്ടതു മുതൽ ലിം​ഗസമത്വത്തിന് എതിരായി സ്വീകരിച്ച നടപടികൾ വരെ പരാമർശിച്ചാണ് ട്രംപും പ്രോജക്ട് 2025ഉം തമ്മിലുള്ള ബന്ധത്തെപ്പറ്റി കമല പരാമർശിച്ചത്. ട്രംപിന്റെ താരിഫ് യുദ്ധം രാജ്യത്ത് മാന്ദ്യം ക്ഷണിച്ച് വരുത്തുന്നതാണെന്നും കമല കൂട്ടിച്ചേർത്തു.


ട്രംപ് അധികാരത്തിൽ എത്തിയതിനു ശേഷമുള്ള കമലയുടെ ഏറ്റവും ശക്തമായ പ്രസം​ഗത്തിനാണ് സാൻ ഫ്രാൻസിസ്കോ വേദിയായത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷമുള്ള കമലയുടെ തിരിച്ചുവരവായിട്ടാണ് ഈ പ്രസം​ഗത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്ത വർഷം കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്കോ 2028 ൽ പ്രസിഡന്റ് സ്ഥാനത്തേക്കോ കമല മത്സരിക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ട്രംപിനെ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രസംഗം.


Also Read: "ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ സാധ്യത ഒഴിവാക്കണം"; ഇടപെടലുമായി യുഎസ്


അതേസമയം, രണ്ടാം തവണയും പ്രസിഡന്റായി അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ നൂറ് ദിവസങ്ങളിൽ താൻ "ഒരുപാട് സന്തോഷിച്ചു" എന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. എന്നാൽ, ട്രംപിന്റെ ബഹുഭൂരിപക്ഷം എക്സിക്യൂട്ടീവ് ഓർഡറുകളും കോടതിയുടെ എതിർപ്പ് നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. 100 ദിവസങ്ങൾ കൊണ്ട് 200 കേസുകളുമായി പ്രക്ഷുബ്ധമായാണ് ട്രംപിന്റെ ഭരണകാലം മുന്നോട്ട് നീങ്ങുന്നത്.

TAMIL MOVIE
"ഇത് അശ്രദ്ധമായ പെരുമാറ്റം"; ആരാധകര്‍ ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ തന്നെ പിന്തുടരുന്നതില്‍ വിജയ്
Also Read
user
Share This

Popular

KERALA
TELUGU MOVIE
പ്രധാനമന്ത്രി തിരുവനന്തപുരത്ത്; തലസ്ഥാനത്ത് കനത്ത സുരക്ഷ