ഫിലാഡല്‍ഫിയയിലെ എബിസി സംവാദത്തില്‍ ട്രംപിനെ നിശബ്ധനാക്കുന്ന തരത്തിലുള്ള പ്രകടനമാണ് കമല ഹാരിസ് കാഴ്ചവെച്ചത്
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സർവേകളില്‍ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ് മുന്നിട്ടു നില്‍ക്കുന്നു. സെപ്റ്റംബർ 10ന് നടന്ന സംവാദത്തിനു ശേഷം റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയായ ട്രംപിനുള്ള ജന പിന്തുണ കുറഞ്ഞതായാണ് സർവേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഫിലാഡല്‍ഫിയയിലെ എബിസി സംവാദത്തില്‍ ട്രംപിനെ നിശബ്ധനാക്കുന്ന തരത്തിലുള്ള പ്രകടനമാണ് കമല ഹാരിസ് കാഴ്ചവെച്ചത്. സംവാദത്തിനു ശേഷം നടന്ന റോയിട്ടേഴ്സ് - ഐപോസ് പോളില്‍ ട്രംപിനേക്കാള്‍ 47-42 ശതമാനം മുന്നിലാണ് കമല.
എക്കണോമിസ്റ്റ്-യൂഗൗവ് പോള്‍ യുഎസിലെ രജിസ്റ്റേഡ് വോട്ടർമാരില്‍ നടത്തിയ പ്രതിവാര സർവേ പ്രകാരം, പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് എതിരാളിയേക്കാള്‍ നാല് ശതമാനം പോയിന്‍റുകള്‍ക്ക് ലീഡ് ചെയ്യുന്നു. എക്കണോമിസ്റ്റ്-യൂഗൗവ് പ്രതിവാര സർവേയില്‍ ഏതെങ്കിലും പ്രസിഡന്‍റ് സ്ഥാനർഥി നേടുന്ന ഏറ്റവും വലിയ ലീഡാണിത്. 2023 സെപ്റ്റംബർ 23-26 തീയതികളില്‍ നടന്ന സർവേയില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ട്രംപിനേക്കാള്‍ 40-45 ശതമാനം മുന്നിലെത്തിയിരുന്നു.
Also Read: "ആരും എന്തുകൊണ്ട് അവരെ കൊല്ലാൻ ശ്രമിക്കുന്നില്ല?"; ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ വിവാദ പരാമർശവുമായി മസ്ക്
67 മില്യണ്‍ ജനങ്ങളാണ് പ്രസിഡന്‍റ് സ്ഥാനാർഥികള്‍ തമ്മിലുള്ള സംവാദം ടെലിവിഷനിലൂടെ കണ്ടത്. ബൈഡന്‍ ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന സമയത്ത് ട്രംപുമായി നടന്ന സംവാദം 51 മില്യണ്‍ ജനങ്ങളാണ് കണ്ടിരുന്നത്. 81 വയസുള്ള യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയത് ഈ സംവാദത്തിലെ മോശം പ്രകടനത്തിനു ശേഷമായിരുന്നു.
90 മിനിറ്റുകള്‍ നീണ്ട എബിസി ന്യൂസ് സംവാദത്തില്‍ വ്യക്തിപരമായ ആരോപണങ്ങള്‍ കൊണ്ട് ട്രംപിനെ കമല പ്രതിരോധത്തിലാക്കിയിരുന്നു. 2021 ജനുവരി 6ന് നടന്ന യുഎസ് കാപ്പിറ്റോള്‍ കലാപ സമയത്തെ പ്രതികരണങ്ങളും റാലികളിലെ ജനപങ്കാളിത്തക്കുറവും ഉള്‍പ്പെടെ വ്യത്യസ്ത വിഷയങ്ങളില്‍ ട്രംപിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. ഫിലാഡല്‍ഫിയയിലെ സംവാദം കഴിഞ്ഞ ഉടനെ തന്നെ മറ്റൊന്നിനായി കമല ട്രംപിനെ ക്ഷണിച്ചിരുന്നു. എന്നാല്‍, ഇപ്പോഴുള്ള വൈസ് പ്രസിഡന്‍റ് പദവിയില്‍ ശ്രദ്ധിക്കാനായിരുന്നു ട്രംപ് നല്‍കിയ നിർദേശം.