
യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെക്കാൾ മോശം സ്ഥാനാർത്ഥിയാണ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസെന്ന് റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. രാജ്യത്തേക്ക് വരുന്നവർക്കെല്ലാം പൗരത്വം വേണമെന്ന കമലയുടെ നിലപാട് രാജ്യത്തെ നശിപ്പിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇവർ തീവ്ര ഇടതുപക്ഷമാണെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ട്രംപ് നൽകിയ ആദ്യ അഭിമുഖത്തിലാണ് പരാമർശം.
തിങ്കളാഴ്ച ഫോക്‌സ് ന്യൂസ് അവതാരക ലോറ ഇൻഗ്രാമിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ പ്രസ്താവന. കമലയുടെ പ്രായത്തെകുറിച്ചുള്ള വിവാദപരാമർശങ്ങളും ട്രംപിൻ്റെ ഭാഗത്തുനിന്നുണ്ടായി. കമല ചെറുപ്പക്കാരിയാണെന്ന് കരുതിയെന്നും ഇവർക്ക് 60 വയസ്സായെന്നത് മനസിലായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. കമല ഒരു മോശം സ്ഥാനാർഥിയാണ്. ഇവർ മറ്റൊരു മുഖം ധരിച്ച് ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ട്രംപ് വാദിച്ചു.
കമല ഹാരിസിന് അതിർത്തികളില്ല. അവർ ആരെയും രാജ്യത്തേക്ക് വരാൻ അനുവദിക്കുകയാണ്. രാജ്യത്തെത്തുന്നവർക്കെല്ലാം പൗരത്വം വേണമെന്ന നിലപാടാണ് കമലയ്ക്ക്. എല്ലാവർക്കും പൗരത്വം നൽകുന്നതോടെ അമേരിക്ക നശിക്കും. നമ്മുടെ രാജ്യത്ത് ഇതുവരെ ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായിട്ടില്ല. ഇത് ഒരു മൂന്നാം ലോക മഹായുദ്ധത്തിൽ അവസാനിച്ചേക്കാം. 20 മില്യൺ ആളുകളാണ് രാജ്യത്ത് എത്തിയിരിക്കുന്നത്. ഈ സംഖ്യ വലുതാവാനാണ് സാധ്യതയെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടി ബൈഡനെതിരെ അട്ടിമറി നടത്തിയെന്ന ആരോപണവും ട്രംപ് ആവർത്തിച്ചു.
അതേസമയം സെപ്തംബർ പത്തിന് നടക്കുന്ന ട്രംപ്- കമല സംവാദത്തിൽ നിന്ന് ട്രംപ് പൂർണമായും പിൻമാറുകയാണ്. കമല ഹാരിസും ട്രംപുമായി സംവാദം നടന്നേക്കുമെങ്കിലും മുഖാമുഖം ഏറ്റുമുട്ടുന്നത് ഒഴിവാക്കാനുള്ള കാരണങ്ങൾ കണ്ടെത്തുമെന്ന് ട്രംപ് പറഞ്ഞതായി സിഎൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. കമല ഹാരിസുമായി സംവാദം നടക്കുമോ എന്ന ചോദ്യത്തിന് ഡൊണാൾഡ് ട്രംപ് എന്തുകൊണ്ടാണ് നേരിട്ട് ഉത്തരം നൽകാത്തതെന്ന് ഹാരിസ് ഫോർ പ്രസിഡണ്ട് ക്യാമ്പയിൻ വക്താവ് അമ്മാർ മൂസ ചോദിച്ചു. സംവാദത്തിൽ ട്രംപ് അനുകൂലികളുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെയും തെരഞ്ഞെടുപ്പ് അവസാനിപ്പിക്കണമെന്ന തൻ്റെ സ്വന്തം ആഹ്വാനത്തെയും പ്രതിരോധിക്കേണ്ടിവരുമെന്ന് ട്രംപ് ഭയപ്പെടുന്നുണ്ടെന്നും മൂസ അഭിപ്രായപ്പെട്ടു.
ജൂലൈ 20നാണ് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്നും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പിന്മാറിയതോടെയാണ് വൈസ് പ്രസിഡൻ്റ് കമല ഹാരിസ് സ്ഥാനാർഥിയായത്. വീണ്ടുമൊരു തെരഞ്ഞെടുപ്പിന് ഉദ്ദേശിച്ചിരുന്നെങ്കിലും, പാര്‍ട്ടിയുടെയും രാജ്യത്തിൻ്റേയും താൽപര്യം മുൻനിർത്തിയാണ് പിന്മാറ്റമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വെന്‍ഷനില്‍ കമലയുടെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.