'താൻ പ്രശ്നക്കാരിയായി ചിത്രീകരിക്കപ്പെട്ടു'; മീ ടൂ കാലത്ത് ആരും കൂടെ നിന്നില്ലെന്ന് കങ്കണ

2018ൽ നടി തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെയാണ് ബോളിവുഡിൽ മീ ടു ആരോപണങ്ങൾക്ക് തുടക്കമിടുന്നത്
'താൻ പ്രശ്നക്കാരിയായി ചിത്രീകരിക്കപ്പെട്ടു'; മീ ടൂ കാലത്ത് ആരും കൂടെ നിന്നില്ലെന്ന് കങ്കണ
Published on

ബോളിവുഡിലെ മീ ടു ആരോപണങ്ങളുടെ സമയത്ത് ഒറ്റയ്ക്ക് പോരാട്ടം നടത്തിയ കാര്യം ഓർമിപ്പിച്ച് കങ്കണ റണൌട്ട്. അന്ന് സഹപ്രവർത്തകരായ നടിമാർ ആരും കൂടെ നിന്നില്ലെന്നും ഒടുവിൽ താൻ മാത്രം പ്രശ്നക്കാരിയായി ചിത്രീകരിക്കപ്പെട്ടെന്നും അഭിമുഖത്തിൽ കങ്കണ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കങ്കണയുടെ തുറന്നുപറച്ചിൽ.

"ആറ് വർഷങ്ങൾക്ക് മുൻപ് ബോളിവുഡിൽ മീ ടു ആരോപണങ്ങൾ കൊടുമ്പിരി കൊണ്ടിരുന്ന സമയത്താണ് മലയാള സിനിമയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നത്. അന്ന് ബോളിവുഡിൽ ബുദ്ധിമുട്ട് നേരിട്ട നടിമാർക്കൊപ്പം നിന്നയാളാണ് താൻ. എന്നാൽ പരാതിക്കാരിൽ പലരും തന്നെ കയ്യൊഴിഞ്ഞു. പണത്തിന് പുറത്ത് പലരും നിശബ്ദരായി," കങ്കണ പറഞ്ഞു.

"പരാതി ആരോപിച്ചവർക്കൊപ്പം പല നടിമാരും പിന്നീട് പുതിയ സിനിമകൾ ചെയ്യാൻ തുടങ്ങി. കുറ്റാരോപിതരിൽ ചിലർ മാത്രമാണ് ലൈംഗികാതിക്രമത്തിന് യഥാർഥത്തിൽ ഇരകളായത്. മറ്റുള്ളവർ സ്വമേധയാ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ്. ബോളിവുഡ് നടിമാർ എന്നെ നിരാശപ്പെടുത്തി, ഒറ്റപ്പെടുത്തി. പ്രശ്നക്കാരിയായി ചിത്രീകരിച്ചു. ഇതിന് പിന്നാലെയാണ് ബോളിവുഡ് ഇൻഡസ്ട്രി തന്നെ എനിക്കെതിരെ തിരിഞ്ഞത്. തുടർന്ന് ജയിലടക്കാൻ വരെ ശ്രമങ്ങളുണ്ടായി," കങ്കണ അഭിമുഖത്തിൽ പറഞ്ഞു.

2018ൽ നടി തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെയാണ് ബോളിവുഡിൽ മീടു ആരോപണങ്ങൾക്ക് തുടക്കമിടുന്നത്. എന്നാൽ ആരോപണങ്ങൾ നാനാ പടേക്കർ നിഷേധിക്കുകയായിരുന്നു. തുടർന്ന് തെളിവുകളുടെ അഭാവം മൂലം മുംബൈ പൊലീസ് 2019ൽ കേസ് അവസാനിപ്പിച്ചു. നിർമാതാവ് സാജിദ് ഖാനെതിരെയും നിരവധി സ്ത്രീകൾ ലൈംഗികാതിക്രമം ആരോപിച്ച് രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com