
വിഷുവിന് മലയാളിക്ക് കണി കാണാൻ കണിവെള്ളരി നിർബന്ധമാണ്. ഇക്കുറി ഭൂരിഭാഗം മലയാളികളും കണി കാണുമ്പോൾ അതിൽ മലപ്പുറത്തെ ഉസ്മാൻ്റെ കൃഷിയിടത്തിലെ കണി വെള്ളരിയുണ്ടാകും. 55 വർഷമായി കർഷകനായ ഉസ്മാൻ്റെ കൃഷിയിടത്തിൽ നിന്ന് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കണി വെള്ളരികൾ എത്തുന്നുണ്ട്.
മലപ്പുറം മക്കരപറമ്പ് പുണർപ്പ പാടശേഖരത്തിലെ ഈ പച്ചക്കറിത്തോട്ടത്തിൽ 73കാരനായ ആലങ്ങാടൻ ഉസ്മാൻ കഴിഞ്ഞ നാല് ദിവസമായി കണിവെള്ളരി വിളവെടുക്കുന്ന തിരക്കിലാണ്. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള പലരും ഇക്കുറി വിഷുവിന് കണി കാണുന്നത് ഉസ്മാൻ്റെ തോട്ടത്തിലെ ഈ കണി വെള്ളരിയാകും.
എല്ലാവിധ പച്ചക്കറികളും കൃഷി ചെയ്യുന്ന ഉസ്മാന് വിഷുക്കാലത്ത് കണിവെള്ളരിക്ക് ആവശ്യക്കാർ കൂടുതലാണെന്നറിയാം. രണ്ടു മാസം മുമ്പ് തന്നെ തൃശൂരിൽ നിന്നും കോഴിക്കോടു നിന്നുമെല്ലാം മൊത്തക്കച്ചവടക്കാർ എത്തി ഉസ്മാൻ്റെ കണിവെള്ളരി സ്വന്തമാക്കിയതാണ്. തോട്ടത്തിൽ നിന്നും വെള്ളരി പറിച്ചെടുക്കുന്നത് ഉസ്മാൻ്റെ നേതൃത്വത്തിൽ തന്നെ. വെള്ളരിക്ക് കിലോയ്ക്ക് സാധാരണ 8 മുതൽ 10 രൂപ വരെ ലഭിക്കുമ്പോൾ വിഷുക്കാലത്ത് 15 രൂപ മുതൽ 20 രൂപ വരെ കർഷകന് കിട്ടും. ആവശ്യത്തിനനുസരിച്ച് നൽകാൻ കഴിയാത്ത അവസ്ഥയാണ് ഇക്കൊല്ലമെന്ന് ഉസ്മാൻ പറയുന്നു.
വെള്ളരിക്ക് പുറമെ മത്തൻ, കുമ്പളൻ, ചീര, വെണ്ട തുടങ്ങിയ കൃഷികളും ഉസ്മാനുണ്ട്. മൂന്ന് മാസത്തെ പച്ചക്കറി കൃഷി കഴിഞ്ഞാൽ പിന്നെ നെൽകൃഷിയിലേക്ക് ഇറങ്ങും ഈ പരമ്പരാഗത കർഷകൻ. കൃഷി ലാഭകരമല്ല എന്ന് പറയുന്നവർ ഉസ്മാൻ്റെ കൃഷിരീതി കണ്ടുപഠിക്കണം.