
ബെംഗളൂരുവിൽ മലയാളി യുവാവിൻ്റെ മരണത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയെ അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശി ലിബിൻ്റെ മരണത്തിലാണ് എബിൻ ബേബി (28)യെ അറസ്റ്റ് ചെയ്തത്. എബിൻ ബേബി കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ ബെംഗളൂരു പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. തലയ്ക്ക് ക്ഷതമേറ്റ് ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊടുപുഴ സ്വദേശി ലിബിൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ലിബിനെ ആശുപത്രിയിൽ എത്തിച്ച ശേഷം എബിൻ മുങ്ങുകയായിരുന്നു.
ലിബിൻ കുളിമുറിയിൽ വീണെന്നായിരുന്നു എബിൻ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ ലിബിൻ്റെ മുറിവ് ഗുരുതരമായിരുന്നു. ബാത്ത്റൂമിൽ തലയടിച്ച് വീണാൽ ഇത്തരമൊരു മുറിവ് സംഭവിക്കില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇക്കാര്യം ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. ഇതേത്തുടർന്നാണ് ലിബിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ബെംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു. ഒപ്പം താമസിച്ചവർ മർദിച്ചെന്നും ഇതാണ് മരണകാരണമെന്നും കുടുംബം പരാതിയിൽ പറയുന്നു.
കഴിഞ്ഞ നാല് വർഷമായി ലിബിൻ ബെംഗളൂരുവിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുകയായിരുന്നു. രണ്ട് സഹോദരങ്ങളാണ് ലിബിനൊപ്പം റൂമിൽ കഴിഞ്ഞിരുന്നത്. സഹോദരങ്ങൾ തമ്മിൽ വാക്‌തർക്കമുണ്ടായപ്പോൾ പരിഹരിക്കാൻ ചെന്ന ലിബിനെ ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നെന്നാണ് വിവരം. ലിബിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവിന് അപസ്മാരമുണ്ടായതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമാവുകയും, മരണം സ്ഥിരീകരിക്കുകയുമായിരുന്നു.