കൊലക്കേസ് പ്രതിയായ കന്നഡ നടന് ജയിലില്‍ വിഐപി പരിഗണന; ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ജയില്‍ കോമ്പൗണ്ടിനുള്ളിൽ ഒരു കയ്യില്‍ കോഫിയും മറുകയ്യില്‍ സിഗരറ്റും പിടിച്ച് കസേരയില്‍ ഇരുന്ന് ചിരിക്കുന്ന നടന്റെ ചിത്രമാണ് പുറത്തുവന്നത്
കൊലക്കേസ് പ്രതിയായ കന്നഡ നടന് ജയിലില്‍ വിഐപി പരിഗണന; ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
Published on
Updated on

കൊലക്കേസ് പ്രതിയായ കന്നഡ താരം ദര്‍ശന്‍ തൂഗുദീപയ്ക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ഒരുക്കിയ സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ജയിലിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്താണ് ഉത്തരവ്. വിഐപി പരിവേഷത്തില്‍ ജയിലില്‍ കഴിയുന്ന ദര്‍ശന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഫോട്ടോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. പ്രാഥമികാന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പേര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയെടുത്തത്. ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര്‍ അറിയിച്ചു.

ചിത്രദുര്‍ഗ സ്വദേശി രേണുകസ്വാമി കൊലക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ കഴിയുകയാണ് നടന്‍ ദര്‍ശന്‍. ജയില്‍ കോമ്പൗണ്ടിനുള്ളിൽ ഒരു കയ്യില്‍ കോഫിയും മറുകയ്യില്‍ സിഗരറ്റും പിടിച്ച് കസേരയില്‍ ഇരിക്കുന്ന നടന്റെ ചിത്രമാണ് പുറത്തുവന്നത്. മൂന്ന് പേരും ദര്‍ശനൊപ്പമുണ്ടായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ വില്‍സണ്‍ ഗാര്‍ഡന്‍ നാഗ നടന്റെ മാനേജരും കേസില്‍ കുറ്റാരോപിതനുമായ നാഗരാജ്, ജയിലില്‍ കഴിയുന്ന മറ്റൊരു പ്രതി കുല്ല സീന എന്നിവരാണ് ഒപ്പമുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

രേണുകസ്വാമി കൊലക്കേസില്‍ ദര്‍ശനെ കൂടാതെ, നടി പവിത്ര ഗൗഡ അടക്കം പതിനാറ് പ്രതികളാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്. താരത്തിന്റെ ആരാധകനായ രേണുകസ്വാമി പവിത്രഗൗഡയ്ക്ക് മോശം മെസേജ് അയച്ചതാണ് കൊലപാതക കാരണം. കേസില്‍ ഒന്നാം പ്രതിയാണ് പവിത്ര ഗൗഡ.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com